Thursday, June 14, 2018

സി പി ഗംഗാധരന്‍ മാഷ്‌

C.P Gangaadharan Master

മണ്ണംപേട്ട സ്ക്കൂളില്‍ അന്ന് 7 വരെയെയുള്ളൂ . മിക്കവാറും മണ്ണംപേട്ടക്കാര്‍ എല്ലാം തന്നെ പള്ളിക്കുന്ന് അസംഷന്‍ ഹൈസ്കൂളില്‍ പോയി 8-ആം ക്ലാസ്സില്‍ ചേരും . ഇരുപത്തിഅഞ്ചു കിലോമീറ്റര്‍ മാറിയുള്ള ചിമ്മിനി ഡാം വരെയുള്ള പ്രദേശത്തെ കുട്ടികള്ക്കും എല്ലാം ഒരേ ആശ്രയം പള്ളിക്കുന്ന് ഹൈസ്കൂളായിരുന്നു. ഓരോ ക്ലാസിലും K ഡിവിഷന്‍ വരെയൊക്കെ ഉണ്ടാകും -കുട്ടികളുടെ ഒരു പ്രളയം തന്നെ.

എണ്പതുകളിലൊക്കെ ഈ വിദ്യാര്ഥി പ്രളയത്തെ നിയന്ത്രിച്ചു കൊണ്ട് പോകാന്‍ അവിടെ അതിപ്രഗത്ഭരായ അധ്യാപകരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. ആ പ്രഗത്ഭമതികളിലെ ഗര്ജിക്കുന്ന വാഗ്മികള്ക്കിടയില്‍ പരമശാന്തനും വ്യത്യസ്ഥനുമായ മലയാളം പണ്ഡിറ്റ്‌മാഷ്‌ എല്ലാ തരത്തിലും സവിശേഷവ്യക്തിത്വത്തിന് ഉടമയായിരുന്നു . പണ്ഡിറ്റ്‌ മാഷ് ഒരു സംഭവം ആണെന്ന് എട്ടാം ക്ലാസില്‍ വച്ച് തന്നെ കേട്ടറിവ് കിട്ടി . എന്നാല്‍ ഒമ്പതാം ക്ലാസില്‍ മലയാളം അധ്യാപകനായി ക്ലാസില്‍ വന്നപ്പോഴാണ് മാഷിന്‍റെ പേര് ശരിക്ക് അറിയുന്നത് – സി പി ഗംഗാധരന്‍ .
പച്ചനിറത്തിലോ ചെങ്കല്ല് നിറത്തിലോ ഉള്ള നീണ്ട ഖാദി ജുബ്ബയും വെള്ളകോട്ടന്‍ മുണ്ടും ഇതായിരുന്നു പണ്ഡിറ്റ്‌മാഷുടെ ബ്രാന്ഡ് വസ്ത്രം. കാലത്ത് സ്കൂളില്‍ വരുബോഴും നാലുമണിക്ക് പോകുമ്പോഴും ഒരു തുണി തഞ്ചികൂടി തോളില്‍ ഉണ്ടാകും. കഷണ്ടികയറിയതാണ് മുന്ഭാഗമെങ്കിലും പിന്‍ഭാഗത്ത്‌ സാധാരണയില്‍ കൂടുതല്‍ നീട്ടി വളര്ത്തിയ മുടി. പിന്നെ കണ്ണടകൂടിയാകുമ്പോള്‍ മാഷ്‌ അതുല്യനായി .
ഉച്ചാരണം പതുക്കെ ആയതിനാലും ആറ്റികുറുക്കി സംസാരിക്കുന്നതിനാലും ക്ലാസില്‍ എല്ലാവരും വളരെ ശ്രദ്ധിച്ച് ഇരിക്കും. പദ്യ-ഗദ്യ ഭേദമേന മാസ്മരിക വഴക്കത്തോടെയുള്ള അധ്യാപനം. പാഠങ്ങള്ക്ക് അപ്പുറംപോയി കുട്ടികളുടെ ചിന്താശേഷിക്ക് ഉത്തേജനം നല്കുാന്ന ലഘു വിവരണങ്ങള്‍. മലയാളം ക്ലാസിനോട്‌ ആദ്യമായി പ്രതിപത്തി തോന്നിയത് മാഷുടെ ക്ലാസില്‍ ഇരുന്നപ്പോഴാണെന്ന് എത്രയോപേര് പറയുന്നത് കേട്ടീട്ടുണ്ട്. “കാളിദാസനും ടാഗോറും–അവര്‍ തമ്മില്‍ കണ്ടിരുന്നെങ്കില്‍” എന്ന ഗദ്യപാഠം, വാസവദത്ത–ഉപഗുപ്ത സമാഗമം വിവരിക്കുന്ന കരുണയിലെ ഭാഗം എന്നിവയൊക്കെ മാഷിന്‍റെ ക്ലാസുകളില്‍ വര്‍ണ്ണമാരിവിതറിയതോര്‍ക്കുന്നു .
ഒരു ദിവസം വേറൊരു അദ്ധ്യാപകന്‍ ഇല്ലാത്ത സമയത്തെ പിരീഡില്‍ മാഷ്‌ കയറിവന്നു . മലയാളം ക്ലാസിനുള്ള ടെക്സ്റ്റും നോട്ടും ഒക്കെ എടുക്കാന്‍ തുടങ്ങിയപ്പോള്‍ മാഷ്‌ ആഗ്യം കാട്ടി വേണ്ട വേണ്ട എന്ന് .
“നമ്മള്‍ ഇന്ന് പ്രകൃതിയിലേക്ക് ഇറങ്ങാനാണ് പരിപാടി” മാഷ്‌ പറഞ്ഞു.
ക്ലാസില്‍ അലസമായി ഇരുന്നിരുന്നവര്‍ അടക്കം ശ്രദ്ധാപൂര്വ്വം ചെവി കൂര്പ്പി ച്ച് ഇരിപ്പായി. ലോക പ്രശസ്ത ജപ്പാനീസ് പ്രകൃതികൃഷിക്കാരന്‍ ആയിരുന്ന മാസനോബു ഫുക്കുവോക്കയായിരുന്നു അന്നത്തെ മാഷിന്‍റെ വിഷയം. രാസവളം, വിഷമടി എന്തിനധികം മണ്ണ് കിളച്ചുമറിക്കല്‍ പോലും ചെയ്യാത്ത പ്രകൃതി കൃഷിയിലൂടെ കൂടുതല്‍ സുസ്ഥിര വിളവുനേടുകയും പ്രകൃതിയെ കൊല്ലാതെ, പ്രകൃതിയുടെ സ്വാഭാവിക പുഷ്ടിയെ നിലനിറുത്തുന്ന ആ കൃഷി രീതി സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയെ പ്രചരിപ്പിക്കാന്‍ അശ്രാന്ത പരിശ്രമം ചെയ്യുകയും ഒക്കെ ചെയ്ത ഫുക്കുവോക്കയുടെ ജീവിത കഥ ഒരു മനോഹരചിത്രം കണക്കെ മാഷ്‌ വരച്ചിട്ടു. അടുത്ത പിരീഡും മാഷ്‌ തന്നെ തുടര്ന്നെങ്കില്‍ എന്ന് ആശിച്ചു പോയ ക്ലാസ് !



Masnobu Fukuvoka 

ഫുക്കുവോക്കയുടെ അതി പ്രശസ്തമായ “ഒറ്റ വൈക്കോല്‍ വിപ്ലവം” (One Straw Revolution ) എന്ന പുസ്തകം പിന്നീട് മലയാളത്തിലേക്ക് ആദ്യമായി പരിഭാഷപെടുത്തി പ്രസിദ്ധീകരിച്ചത് ഗംഗാധരന്‍ മാസ്റ്റര്‍ ആയിരുന്നു. ആരോഗ്യം അനുവദിക്കുന്നത് വരെയും പ്രകൃതികൃഷിക്കും അതുവഴി പ്രകൃതിജീവനത്തിനുമായി ക്ലാസ്സും എഴുത്തും ഒക്കെ ആയി നടന്നിരുന്ന മാസ്റ്റര്‍ ഇപ്പോള്‍ തൃശൂര്‍  ചെങ്ങാലൂരിലുള്ള വീട്ടില്‍ വിശ്രമജീവിതത്തില്‍ ആണ്.
നമ്മള്‍ ആണെങ്കിലോ വിഷം നിറഞ്ഞ പച്ചക്കറികള്‍, രാസവളം കുത്തിക്കയറ്റിയ വിളകള്‍, പ്ലാസ്റ്റിക്‌-രാസ മാലിന്യം നിറഞ്ഞ ഭൂമിയും വെള്ളവും, വിഷവാതകങ്ങള്‍ നിറഞ്ഞ വായു, പെരുകുന്ന മാരക രോഗങ്ങള്‍ ഇതൊക്കെ ആയീട്ടും പാഠം പഠിക്കാതെ അനസൂതം മുമ്പോട്ടു പോയികൊണ്ടിരിക്കുന്നു. നിലനില്പ്പിന് വേറെ വഴിയില്ല എന്നുറപ്പാകുമ്പോള്‍ മാത്രമായിരിക്കും സി പി മാഷെപ്പോലുള്ളവര്‍ ദശകങ്ങള്‍ മുമ്പെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ആശയവിത്തുകള്‍ അന്വേഷിച്ച് നാം പോവുക എന്ന് തോന്നുന്നു.