Wednesday, September 1, 2021

ചാലുംവെട്ടോഴി





👣 ഗ്രാമവഴികൾ ചെറുതായി ചെറുതായി വന്ന് പിന്നെ വെട്ടോഴി ആയി, അവസാനത്തെ വീടും കഴിഞ്ഞാൽ പിന്നെ “ചാലുംവെട്ടോഴി” ആകും. ഇത് നെൽപ്പാടങ്ങളിലോ അല്ലെങ്കിൽ തോട്ടിലോ അതുമല്ലെങ്കിൽ അപൂർവമായി പുഴയിലോ ഒക്കെ ആണ് അവസാനിക്കാറ് .


👣 ഇമ്മടെ നാട്ടിൽ ഇതിനു വേറൊരു പേരും പറയാറുണ്ട് - "കുണ്ടറാപ്പ് വഴി"
ഇടുങ്ങിയതും ഒരാൾക്ക് മാത്രം നടക്കാവുന്നതും ആയിരിക്കും ഇവ . വശങ്ങളിൽ ഉയരത്തിൽ കല്ല് കെട്ട് അല്ലെങ്കിൽ മണ്ണ് തിട്ട . മഴസമയത്ത് വെള്ളം കുത്തി ഒഴുകി താഴോട്ട് പായുന്നതിനാൽ കല്ലും പാറയുമൊക്കെ നിറഞ്ഞു കുണ്ടും കുഴിയും ഒക്കെ ആയി നിരപ്പല്ലാതെ ആയിരിക്കും അടിഭാഗം. വശങ്ങളിൽ പന്നൽ ചെടികൾ , അവക്കിടയിൽ വലകെട്ടിയിരിക്കുന്ന വിവിധയിനം എട്ടുകാലികൾ ... ആകെക്കൂടി നോക്കിയാൽ ഇത്തരം വഴികളിലൂടെയുള്ള ഉള്ള നടപ്പ് അത്ര സുഖകരമല്ല . പക്ഷെ അപ്പുറത്തെ നെൽപ്പാടത്ത് എത്തിയാൽ അതൊരൊന്നൊന്നര രസം . കാറ്റും വെളിച്ചവും പച്ചപ്പും എല്ലാം കലർന്ന് തുറസ്സായ..... ഉർവരതയുടെ ഒന്നൊന്നര ആനന്ദം 💚❤💙

👣 ഗൂഗിൾവലയിൽ നിന്ന് കിട്ടിയ ഈ ചിത്രത്തിന് ഏറ്റവും സാമ്യമുള്ളത് മറവാഞ്ചേരിയിൽ അമ്മയുടെ വീടിനോട് ചേർന്ന് വിശാലമായ ഉഴിഞ്ഞാൽപാടത്തേക്ക് തുറന്നിരുന്ന ചാലും വെട്ടോഴിയോടാണ് 💕 മണ്ണംപേട്ട തെക്കേക്കരയിൽ , താഴത്തുവീട്ടിൽ ദാസപ്പമേനോന്റെ വീടിനപ്പുറം പുഞ്ചപ്പാടത്തേക്ക് തുറന്നിരുന്ന ഒരാളുയരത്തിൽ കാടക്കണ്ണൻ പാറ നിറഞ്ഞ കുണ്ടറാപ്പ് വഴി ബാല്യത്തിൽ പേടിപ്പെടുത്തുന്ന ഒന്നായിരുന്നു . അവിടന്നും കുറച്ചു കിഴക്കുമാറി ചുക്കിരി ജോർജേട്ടന്റെ വീടിനപ്പുറവും പുഞ്ചപ്പാടത്തെ വലിയവരമ്പിലേക്ക് ഒരു ചാലും വെട്ടോഴി ആയിരുന്നു - വരാക്കര കപ്പേള കണക്ഷൻ റോഡ് വരുന്ന വരെ .

👣 വീട്ടുപറമ്പിനപ്പുറം C.K-യുടെ വീടിനുമിടയിൽ ഉണ്ടൊരു ചെറിയ കുണ്ടറാപ്പ് വഴി - കരിങ്കല്ലോക്കെ പാകി ഭംഗിയാക്കിയ ചാലും വെട്ടോഴി . പിന്നെ കുറച്ഛ് അപ്പുറം, ജാനകി ടീച്ചറുടെ വീട് കഴിഞ്ഞും ഒരു ചാലും വെട്ടോഴി ആയിരുന്നു . ഇപ്പറഞ്ഞ രണ്ട് ചാലും വെട്ടോഴികൾ തുറന്നിരുന്ന നെൽപ്പാടം , പ്രിയ സുഹൃത്ത് തിലകന്റെ അച്ഛൻ ഗംഗനായർ അവർകളുടെ ദീര്ഘദര്ശിത്വം കാരണം ഞങ്ങളുടെയൊക്കെ ബാല്യകാലത്തേ തെങ്ങു വച്ച് കരഭൂമി ആക്കി മാറ്റി 😀

👣 ഏറ്റവും പേടിപ്പെടുത്തുന്നത് , ഇടശ്ശേരി കുഞ്ഞി കണ്ട മാസ്റ്ററുടെവീടിനുശേഷം വില്ലനൊടി പാടത്തേക്ക് തുറക്കുന്ന കുണ്ടറാപ്പ് വഴിയാണ് .നൂറ് മീറ്റർ നീളമുള്ള ഒരു ഗുഹയിലൂടെ കടന്ന് പോവുന്ന മാതിരിയുള്ള ആ അനുഭവം ഓർത്താൽ തന്നെ ഒരു പേടിസ്വപ്‌നം