Sunday, November 4, 2012

ഊത്ത്



അമ്മാമ അങ്ങിനെയാണ് – ആര്‍ക്കെങ്കിലും ഒന്ന് വയ്യ എന്ന് കേട്ടാല്‍ മതി, പിന്നെ ആ ഒറ്റമൂലി പ്രോയോഗിക്കാതെ ഒരു സ്വസ്ഥതയും ഉണ്ടാവില്ല. പ്രായമേറിയപ്പോള്‍ കണ്ണിനു വന്ന കാഴ്ച്ചക്കുറവോ മറ്റോ ഒന്നും തന്നെ ഈ  ശീലത്തിനു ഒരു മാറ്റവും വരുത്തിയില്ല.

ഗുണഗണങ്ങള്‍ എന്തുതന്നെ ആയിരുന്നാലും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഈ 'ഒറ്റമൂലി' പ്രോയോഗം വളരെ രസകരമായ നിമിഷങ്ങളായിരുന്നു സമ്മാനിച്ചുവന്നത്. മാനദഢങ്ങള്‍ക്ക് ചിറക്‌ മുളക്കാതിരുന്ന അക്കാലത്ത്‌ അടുപ്പിലെ ജ്വലിച്ചു തിളങ്ങി  നില്‍ക്കുന്ന തീകനലിനു മീതെ നടക്കുന്ന  വെടികെട്ട് കാണാന്‍ അത് വഴിയൊരുക്കി വന്നു  എന്നതു തന്നെ അതിനു കാരണം.

ഒരു തൊടുകറി വക്കാനാവശ്യമായ അത്രക്ക് കല്ലുപ്പ്,വറ്റല്‍മുളക്,കടുക്‌ തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ ആയിരുന്നു ഈ ‘ഉഴിഞ്ഞിടല്‍' ഒറ്റമൂലി നടത്താന്‍ വേണ്ടിയിരുന്നത് . വായ്യായ്കയെ ഉഴിഞ്ഞ് എടുത്ത് അടുപ്പില്‍ ഇട്ടു പൊട്ടിച്ചും കത്തിച്ചും കളയുന്നു എന്നോ മറ്റോ ആണത്രേ  'മിത്ത്' !



മൂടികെട്ടി നിന്ന ഒരു  ദിവസമായിരുന്നു അന്ന്. പറബിലെ പണികള്‍ നടക്കുന്നിടത്ത് നിന്ന് അച്ഛന്‍ വേഗത്തില്‍ ഒരു വരവും ചാരുകസേരയില്‍ ഒരൊറ്റ കിടത്തവും ആയിരുന്നു. കടുത്ത തലവേദനയായിരുന്നു അച്ഛന്. ഇതറിഞ്ഞതും അമ്മാമ വേവലാതി തുടങ്ങി. “വയ്യായ്കയൊക്കെ ഞാന്‍ ഇപ്പൊത്തന്നെ പമ്പ കടത്തിത്തരാം – ഒന്നൂതിഎടുത്ത്  അടുപ്പില്‍ പൊട്ടിച്ചു  കളഞ്ഞാല്‍ മതി. ആ സാധനങ്ങള്‍ ഒക്കെ  ഒന്നെടുത്ത് തന്നേ മോളെ.” 

അമ്മ ഒരു പത്രകടലാസില്‍ എടുത്ത പലവ്യഞ്ജനങ്ങളുമായി എത്തി അമ്മാമയുടെ കൈയ്യില്‍ കൊടുത്തു. ‘വെടികെട്ട്’ എത്രയും പെട്ടെന്ന് കാണുവാനുള്ള ധിര്തിയില്‍ കാവിനടുത്തു നിന്നും കുറച്ചു കൂവളത്തിന്റെ ഇല ഞാന്‍ മുമ്പേ  പൊട്ടിച്ചു കൊണ്ടുകൊടുത്തിരുന്നു.

പിന്നെ ഒട്ടും വൈകിയില്ല അച്ഛന്‍ കിടക്കുന്ന ചാരുകസേരക്കരികില്‍ കിഴക്കോട്ട് തിരിഞ്ഞ്‌ നിന്ന് പ്രാര്ത്ഥന ചൊല്ലികൊണ്ട്അമ്മാമ അച്ഛന്‍റെ കാലു മുതല്‍ ശിരസുവരെ ഉഴിയാന്‍ തുടങ്ങി. ഇടക്കികിടക്കുള്ള  ‘ദൈവമേ’ എന്നുള്ള വിളി മാത്രം പുറത്തേക്കു കേട്ടു. മൂന്നാം വട്ടവും ഉഴിഞ്ഞ് ശിരസുവരെ എത്തിയപ്പോള്‍ ഒരു നിമിഷം അവിടെ നിര്‍ത്തി. ഒരു പ്രത്യേക രീതിയില്‍ വായു പുറത്തേക്ക് ഊതികൊണ്ട് നടത്തുന്ന  ‘ഫൈനല്‍ ടച്ച്‌’ കൂടി ഉണ്ട് ഇനി ബാക്കി.

അടുക്കളയിലെ അടുപ്പിലെ ‘കനല്‍ക്കട്ടകള്‍ ഒക്കെ തയ്യാറല്ലെ’ എന്ന കാര്യം അന്വഷിച്ച് ഞാന്‍ അടുക്കളയിലേക്ക് ഒന്ന് വണ്ടി തിരിച്ചതും കേട്ടു ഉമ്മറത്ത്‌ നിന്നും അച്ഛന്‍റെ കഠോരമായ നിലവിളി. എല്ലാവരും ഓടി ചെന്നപ്പോള്‍ അച്ഛന്‍ കണ്ണ് പൊത്തിപിടിച്ചുകൊണ്ടു ഞെളിപിരി കൊണ്ട് തുള്ളുന്നു !  കണ്ണ് ശരിക്ക് കാണാത്ത പാവം അമ്മാമ അച്ഛന്‍റെ ബഹളം കേട്ട് അന്ധാളിച്ചു താഴെ ഇരിക്കുന്നു - കാര്യം ഒന്നും  പിടി കിട്ടാതെ.

മണിക്കൂറുകള്‍ തുടര്‍ച്ചയായി വെള്ളവും ഒപ്പം ഏതൊക്കെയോ  കുട്ടികള്‍ക്ക്  അര്‍ഹതപെട്ട അമ്മിഞ്ഞ പാലും ഒക്കെ മാറിമാറി  ധാര നടത്തിയാണ് കണ്ണില്‍ ഏറ്റ എരിച്ചിലിനു തെല്ലെങ്കിലും കുറവ് വന്നത്. എന്തായാലും കണ്ണിലെ നീറ്റം മാറിയതോടെ അച്ഛന്‍റെ തലവേദനയുംമറ്റും  പമ്പ കടന്നു.

പലവ്യഞ്ജനങ്ങള്‍ എടുക്കാന്‍ അടുക്കളയില്‍ ചെന്നപ്പോഴാണ് വറ്റല്‍ മുളക്  പാത്രം കാലിയാണെന്ന്  അമ്മ കണ്ടതും അതിനു പരിഹാരം ആലോചിച്ചതും. രണ്ടു  സ്പൂണ്‍  മുളക്പൊടിഒരു തുണ്ട് കടലാസില്‍   പൊതിഞ്ഞ്‌ വക്കുക ആയിരുന്നു അമ്മ . അപ്രതീക്ഷിതമായി ഈ മുളക്പൊടിപൊതി പതുക്കെ പതുക്കെ അഴിഞ്ഞു കാണണം. ഊതലിന്റെ  ‘ഫൈനല്‍ ടച്ച്‌അപ്പ്’ നേരത്ത് രൂപം കൊണ്ട കൊച്ചു 'ടോര്‍നാടോ' കൈയില്‍ തുറന്ന്നിരുന്ന മുളക് പൊടിയെ മുകളിലേക്ക് പൊക്കുകയും അച്ഛന്‍റെ കണ്ണുകളിലും മൂക്കിലും ഒരു  ബോംബായി പതിക്കുകയും  ആണ് ഉണ്ടായത്‌ എന്നാണ് വീട്ടു ചരിത്രത്തില്‍ എഴുതിവച്ചിരിക്കുന്നത് ! 

മുളക് ബോംബ്‌ സംഭവത്തോടെ ‘ഉഴിഞ്ഞിടല്‍' എന്ന പരിപാടി  തന്നെ വീട്ടില്‍  അന്യം നിന്നുപോയി എന്നും ചരിത്രം പറയുന്നു .

വാൽകഷ്ണം:
അറബിക്കടലിനു പടിഞ്ഞാറ് ഗൾഫിൽ  ഇരുന്ന്ഈ പഴംപുരാണം കേട്ടപ്പോള്‍ കുട്ടികള്‍ക്ക് ഒരു മോഹം-അവരുടെ പിതാശ്രീ ബാല്യത്തില്‍ ഇഷ്ടപെട്ടിരുന്ന ആ 'മിനി വെടികെട്ട്' ഒരു പ്രാവശ്യമെങ്കിലും അവര്‍ക്കൊന്നു കാണണമെന്ന്. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള് ഊത്ത് നടത്താതെ തന്നെ അത്കാണിച്ച്‌ കൊടുക്കാമെന്നു ഞാന്‍ വാക്കുകൊടുത്തു. നാട്ടിന്‍ പുറത്തു പോലും എല്ലാവരും  ഗ്യാസ് അടുപ്പിലേക്ക് മാറിയ ഇക്കാലത്ത് വിറകു കത്തി കനലുകള്‍  ചുവന്നു തുടുത്ത് നില്‍ക്കുന്ന അടുപ്പ് എങ്ങിനെ ഇനി സംഘടിപ്പിക്കും എന്നായി എന്‍റെ ചിന്ത .  ഇതുമനസില്‍ കൊണ്ടു നടക്കവേ ഈയടുത്തൊരു നാള്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ തികച്ചും യാതൃശ്ചികമായിഅതിനുത്തരംകിട്ടിയതിന്‍റെ സന്തോഷത്തിലാണ്  മ്മളിപ്പോൾ 


അമ്മ ഇത്രയേ പറഞ്ഞുള്ളൂ "ഇന്ന് ഇവിടെ  ചെറിയ ഒരു ആശാരി പണിയുണ്ടായിരുന്നു. ഗ്യാസിന് നാള്‍ക്കുനാള്‍ വിലകൂടി ഇപ്പോ ആയിരം രൂപയും കടന്നിരിക്കുന്നു. നമ്മുടെ അടുക്കളയില്‍ ആദ്യം പൊളിച്ചു കളഞ്ഞസ്ഥാനത്ത് നല്ല രണ്ടു അടുപ്പ് കെട്ടിച്ചു. ദൈവം സഹായിച്ച് വിറകിനൊന്നും നമുക്ക് ക്ഷാമമില്ലല്ലോ."


 .വളരെ സന്തോഷത്തോടെ ഞാന്‍ ഉച്ചത്തില്‍ മറുപടി പറഞ്ഞു-ബലേ ഭേഷ്

Wednesday, October 31, 2012

ഫോര്‍മുല വണ്‍



ഇന്നത്തെപ്പോലെ വളരെ സുഭിക്ഷമായി  കിട്ടുന്ന 'റെഡിമേട് സ്നാക്ക്സ്' അല്ലായിരുന്നുവെങ്കിലും ഓരോ സീസൺ അനുസരിച്ഛ്   പലതരം നാടന്‍  വിഭവങ്ങളും   മിക്കവാറും വീടുകളിലും  ഉണ്ടാവുമായിരുന്നു അന്നൊക്കെ. വേനൽകാലത്ത്  ചക്ക, മാങ്ങ ഇത്യാതികള്‍ പ്രത്യേകിച്ച് സമയമൊന്നുമില്ലാതെ തന്നെ  ലഘുഭക്ഷണം ആക്കിയിരുന്നു പിള്ളേർസ്   . താരം No.1  അന്നും  കശിനണ്ടി തന്നെ . ചുട്ടതോ പച്ചക്ക് കീറിയതോ ( Expert Supervision must - അല്ലെങ്കില്‍ വിവരമറിയും അത്രതന്നെ ) അതുമല്ലെങ്കില്‍ 'ബാര്‍ട്ടര്‍'  സമ്പ്രദായപ്രകാരം പെട്ടി  കടകളില്‍  നിന്ന് കിട്ടുന്ന   മിട്ടായികളോ,     പെട്ടി-സൈക്കിളില്‍ കൊണ്ട് വരുന്ന   ഐസ്ഫ്രുട്ടോ ഒക്കെയായി പല മൂല്യ-വര്ദ്ധി സാധ്യതകളും കശിനണ്ടിക്ക്  മാത്രം സ്വന്തം !


ഇത്തരം  'സ്നാക്സ്‌' ആര്ഭാടങ്ങളൊക്കെ വേനലവധിക്കാലത്തേക്ക് ലിമിറ്റഡ്‌ ആയിരുന്നു എന്നതാണ് സത്യം. എന്നാല്‍ മറ്റുമാസങ്ങളിലോക്കെ സ്നാകസിന്റെ ലഭ്യതക്ക് ഒരു  കാത്തിരിപ്പൊക്കെ വേണ്ടി വരും . 
എന്തായാലും ദിവസേന സന്ധ്യക്ക് കരുവാപ്പടി’  സന്ദര്‍ശനം  കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അച്ഛന്‍ കൊണ്ടുവരുന്ന ഒരു കപ്പലണ്ടിപ്പൊതിയായിരുന്നു എക്കാലത്തെയും മിനിമം 'ഗാരണ്ടീഡ് സ്നാക്സ്‌'



അങ്ങിനെ കാലം നടന്നും ഇഴഞ്ഞും പോകവേ ഒരു പരീക്ഷക്കാലവും സ്റ്റഡിലീവും വന്നെത്തി . പഠനമൊക്കെ ഏകാന്തമായ  ഒരിടത്തായാല്‍ കൊള്ളാം എന്നൊക്കെ തോന്നിത്തുടങ്ങിയ പ്രായം . തട്ടുമുകളിലുള്ള ചെറിയ വരാന്തയില്‍ ചെന്നിരുന്നാല്‍ സംഗതി 'ബെസ്റ്റ്‌'.


തട്ടിന്‍പുറത്ത് പഠിപ്പൊക്കെ 'സ്മൂത്തായി' നീങ്ങുന്നടിനിടയില്‍ ഒരുദിവസം മരകോണി  ഇരിക്കുന്ന  ഇരുട്ടുനിറഞ്ഞ ചായിപ്പുമുരിയിലെ നെല്ലുപെട്ടിയില്‍ അച്ഛന്‍ എന്തോകൊണ്ടുവക്കുന്നതിന്‍റെ  'തട്ടുമുട്ടു' ശബ്ദം കേട്ടു. വില്പ്പനവില  കുറഞ്ഞ കായക്കുലകള്‍ ഇടക്കൊക്കെ കൊണ്ടുവച്ചു വീട്ടാവശ്യത്തിന് പഴുപ്പിച്ചെടുക്കുന്ന ഒരു  വിവിദോദേശ പെട്ടിയാണ് അത്‌. അങ്ങിനെ  അന്നത്തെ പഠനമൊക്കെകഴിഞ്ഞ്‌ തിരിച്ചുപോകുമ്പോള്‍ ഇരുട്ട് നിറഞ്ഞ ചായിപ്പിലെ പെട്ടിയില്‍ ഒരു സ്പര്ശന പരീക്ഷണ-നിരീക്ഷണം  നടത്താന്‍ നിര്ബ്ന്ധിതനായിപ്പോയി  ഞാന്‍  ! ഇരുട്ടിലെ അന്വേഷണം ആണെങ്കിലും ഒരുവിധം  പഴുക്കാന്‍   തുടങ്ങിയ ഒരു പഴം,   കൈ തിരിച്ചറിഞ്ഞു. അത്  പറിച്ചെടുത്ത് ശാപ്പിട്ടുകൊണ്ട്  'കദളിക്കുല ഒരെണ്ണം  പഴുക്കാന്‍' ആരംഭിചീട്ടുണ്ടെന്നു പെട്ടെന്ന് ഉറപ്പാക്കി .


മോണിംഗ് & ഈവനിംഗ് ഷിഫ്റ്റ്‌കളിലായി പഠനം തുടര്‍ന്നു. ചായിപ്പ്‌ വഴി കയറ്റവും ഇറക്കവും അടക്കം ടോട്ടല്‍ ട്രിപ്പ്‌ നാല്. ഓരോ ട്രിപ്പിലും ഓരോ പഴം  മാത്രം വീതം ഒരു 'സിമ്പിള്‍ സ്നാക്സ്‌' ! ഈ മര്യാദ കാത്തുസുക്ഷിക്കാനാവാതെ ഏതെങ്കിലും കഠിന-പഠനധ്വാന ദിവസങ്ങളില്‍ ട്രിപ്പോന്നിന് ഒരു പഴത്തിനു  പകരം രണ്ടെണ്ണം അകത്താക്കിയിരുന്നില്ല  എന്ന്  ഞാന്‍  ഉറപ്പിച്ചുപറയുന്നില്ലതാനും !!  (Note the point )

സുമാര്‍ ഒരാഴ്ച്ച കഴിഞ്ഞൊരു ദിവസം ഉച്ചതിരിഞ്ഞ് അപ്രതീക്ഷിതമായി ഒരു 'ഗസ്റ്റ്' വന്നു. സ്നേഹാന്വേഷണങ്ങള്ക്ക് ശേഷം ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയ അമ്മയോട് അച്ചന്‍ പറഞ്ഞു ചായിപ്പിലെ പെട്ടിയില്‍ ഒരാഴ്ച്ച മുമ്പ് ഒരു കായക്കുല കൊണ്ടുവച്ചീടുണ്ട് ,നല്ലപാകമായിരിക്കും ഇപ്പോള്‍” . അടുക്കളയില്‍ കൊക്കുവടയോ മിക്സരോ ഒന്നുംതന്നെ സ്റ്റോക്ക്‌ ഇല്ലാതിരുന്നതിനാല്‍  പെട്ടിയിലെ ഒരുകുല പഴത്തിന്റെ വിവരം വളരെ സന്തോഷത്തോടെ ആണ് അമ്മ കേട്ടത്.

ഒര് ടോര്ച്ച് എടുത്ത്പഴക്കുല എടുക്കാനായി അമ്മ  എന്നെ തന്നെ  പറഞ്ഞുവിട്ടു .   ചായിപ്പിലെത്തി പെട്ടിതുറന്നു പ്രസ്തുത കുല പുറത്തേക്ക്‌ എടുത്തു. സംഗതിയുടെ യഥാർത്ഥ  ഗൌരവം അപ്പോളാണ് എനിക്കും പിടികിട്ടിയത് . നാലഞ്ചു മാണിക്കായ ഒഴികെ ഭാക്കിയെല്ലാം 'ക്ലീന്‍ ക്ലീന്‍' . അടുക്കളയില്‍ പഴക്കുലയുടെ വരവും പ്രതീക്ഷിച്ച്‌ നില്ക്കു ന്ന അമ്മയോട് ഞാന്‍ എന്തു പറയും . എന്‍റെ   ധര്‍മസങ്ങടത്തിന്‍റെ  തീവ്രത ആരറിയാന്‍ !!!

കടുത്ത ചമ്മലും സങ്കടവും ചെറുചിരിയുംഅടക്കം നവരസങ്ങള്‍ എല്ലാം കലര്ന്ന് ഒരു പ്രത്യേകഭാവത്തില്‍ കാര്യം അമ്മയോട് ഒരുവിധം പറഞ്ഞു ഫലിപ്പിച്ചു. ചമ്മല്‍ സഹിക്കാതെ ഇപ്പൊ വരാംഎന്നു പറഞ്ഞു ഒരു  'നമ്പര്‍' കാട്ടി പത്തു മിനിറ്റു നേരത്തേക്ക്‌ രംഗത്ത്നിന്ന് സ്കൂട്ടായി മാറി നില്ക്കു കയും ചെയ്തു .

എന്തായാലും  , സംഭവം വെളിവായ നേരത്ത്
ഒരു ഗസ്റ്റ്‌ സാനിധ്യമുണ്ടായിരുന്നതു കൊണ്ട് ഉടന്‍ പ്രതികരണത്തില്‍ നിന്നും രക്ഷ നേടാന്‍ ഒരു കയ്യ് സഹായം ആയി.. എന്നാല്‍  പിന്നീട് ഒന്നു രണ്ടു തവണ വിഷയം ചര്‍ച്ചക്ക് എടുത്തപ്പോള്‍. 'സ്റ്റഡി  ട്രിപ്പ്‌ ഒന്നിന് പഴം ഒന്നു വച്ച് ഒരു 'സിമ്പിള്‍ സ്നാക്സ്‌' മാത്രം" എന്ന 'ഫോര്‍മുല വണ്‍' വാദത്തിലായിരുന്നു ഞാന്‍ ഉറച്ചു നിന്നത്  . അത്യന്തികമായി സംഭവത്തിന്റെ പ്രചോദനം  പഠനം പ്രോല്സാ ഹിപ്പിക്കാനായിരുന്നു  എന്ന സത്യം വീട്ടുകാര്‍ അംഗീകരിച്ചതു കൊണ്ടായിരിക്കണം 'ഒരു കുല പഴം ഒറ്റക്ക് തിന്ന ആക്രാന്തപദ്ധതി' എന്ന കുപ്രസിദ്ധി വീട്ടിനുള്ളിലെങ്കിലും എനിക്ക് കിട്ടാതെ പോയത് !

വിശദാംശങ്ങള്‍:
കാമ്പില്ലാത്ത കുഞ്ഞുകായ = മാണിക്കായ
കരുവാപ്പടി = മണ്ണംപേട്ടയിലെ ഒരു 'Suburban Junction


Sunday, October 7, 2012

ഖമ്മര്‍ മിട്ടായി

                                   
( പശ്ചാത്തലം : എണ്‍പതുകളുടെ ആദ്യപകുതിയിലെ ഒരു വേനല്‍ അവധിക്കാലം ) 



                               

വേനല്‍ക്കാലമായാല് നാട്ടിൽ   കുഞ്ഞുകുഞ്ഞു കടകള്‍  അവിടവിടെ ഉയരുകയായി . സ്ഥിരം പലചരക്ക് കടയോ മറ്റോ ഒന്നു പോലും  ഇല്ലാത്ത ഉള്‍പ്രദേശമായതിനാല്‍ ഈ  താല്‍ക്കാലിക കടക്കാര്‍ക്ക് നല്ല  കച്ചവടവും  കിട്ടാറുണ്ട്. ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന പല ചേട്ടന്മാരും അടുത്ത അധ്യയനവര്‍ഷത്തേക്കുള്ളധനസമാഹരണാര്‍ത്തം ഇത്തരം സംരംഭങ്ങളുമായി ഇറങ്ങുക പതിവാണ്. കിഴക്ക്ഭാഗത്ത്‌  ശശിയേട്ടന്‍റെ കടയും തെക്ക്‌ ഭാഗത്ത്‌ സജീവേട്ടന്‍റെ  കടയും മാര്‍ച്ച്‌ മാസത്തോടെ സജീവമാവും. എന്നാല്‍ രണ്ടു വീടപ്പുറമുള്ള   'കണ്ടുരാജേട്ടന്‍റെ'  കടയാണ് കെങ്കേമന്‍ കട. പല  കാരണങ്ങളാല്‍രാജേട്ടന്‍റെ കടയായിരുന്നു  പ്രിയങ്കരം . എല്ലാ കടകളിലും രാത്രിയായാല്‍ ഒരു ‘ഹരിക്കലാംപ്‌’ മാത്രം വെളിച്ചം നല്‍കുമ്പോള്‍ രാജേട്ടന്‍റെ കടയില്‍ അഡീഷണനലായി ബാറ്ററി  ഉപയോഗിച്ചുള്ള ഒരു ചെറിയ ബള്‍ബ്‌ കൂടി മിന്നി നില്‍ക്കുന്നുണ്ടാവും ! വൈദ്യുതി ഇല്ലാത്ത നാട്ടില്‍ കൌതുകത്തിന്   പിന്നെന്തുവേണം ?



കടയിലെക്കുള്ള ചരക്ക് വാങ്ങി വരുന്ന ദിവസം തൃശൂര്‍സിറ്റി  വിശേഷങ്ങള്‍ ‘ലൈവ്’ ആയി അവതരിപ്പിക്കുന്നതില്‍ രാജേട്ടന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു . പതിനാലു നിലയുള്ള  'എലയ്റ്റ്‌' ഹോട്ടല്‍ കെട്ടിടത്തിന്‍റെ ഒരു ‘അപാര’ എടുപ്പും  70mm രാഗ ത്തില്‍ പുതിയതായി റിലീസ് ആയ ജയന്‍റെ സിനിമയുടെ വിശേഷങ്ങളും പൂരം  എക്സിബിഷനിലെ പുതിയ ഇനങ്ങളും  ഞങ്ങള്‍ അത്ഭുതത്തോടെ കേട്ടും   മനസ്സില്‍  കണ്ടും നിന്നു പോന്നു !! ഈ 'ലൈവ്' അവതരണം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ രാജേട്ടന്‍ വേറെ ലെവല്‍ ആണ്  എന്നുള്ളത് കൊണ്ട് അന്നേരം രാജേട്ടന്‍റെ കുടുംബാംഗങ്ങള്‍ വേണം  കടയിലെ കച്ചവടം നോക്കാന്‍ . 


  Elite Hotel -Thrissur

 രാജേട്ടന്‍റെ കടയില്‍  മിട്ടായി ഇനങ്ങളിലെ രാജാധിരാജനാണ്   ഖമ്മര്‍. നാളികേരപ്പീരയും ഉരുക്കി  പരുവത്തിലായ  ശര്‍ക്കരയും ഒക്കെ ചേര്‍ത്ത ആ ഒരു  വിശിഷ്ട ‘കോമ്പിനേഷന്‍’ വില അഞ്ചു പൈസ. സത്യം പറഞ്ഞാല്‍ ഖമ്മര്‍ 'മ്മടെ'   ഒരു വീക്ക്നെസ്സ് ആയിരുന്നു . പോക്കെറ്റ്‌ മണി എന്നൊക്കെ പറഞ്ഞാല്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത അക്കാലത്ത്‌ കരുവാപ്പടിയിലെ കൊച്ചപ്പേട്ടന്‍റെ പലചരക്ക്‌ കടയിലേക്ക് പോകുമ്പോഴോ മറ്റോ കിട്ടുന്ന പത്തോ ഇരുപതോ പൈസയുടെ  ‘അലവന്‍സ്’ മാത്രമായിരുന്നു ഏക  വരുമാനസ്രോതസ്സ് 🙂 

ഖമ്മര്‍ മിട്ടായി 

ക്രമേണ ഖമ്മര്‍ മിട്ടായി പ്രേമം കൂടിവരികയും അത്‌ വരുമാനവുമായി ഒരു കാരണവശാലും ഒത്തുനില്‍ക്കാതെയിരിക്കുകയും  ചെയ്തപ്പോള്‍ മ്മടെ രാജേട്ടന്‍ സഹായവുമായെത്തി . “ഇവിടെ പുസ്തകത്തില്‍ ‍ എഴുതിവച്ചേക്കാം” രാജേട്ടന്‍  പറഞ്ഞു . അങ്ങിനെ പണ്ട് ഏതോ  രോഗിയും വൈദ്യനും ഒരു പോലെ പാല്‍ ഇച്ചിച്ച് കല്‍പ്പിച്ച  പോലെ  മ്മളും  രാജേട്ടനും ഒരുപോലെ  വിചാരിച്ചുകൊണ്ട് ജീവിതത്തിലെ ആദ്യ അക്കൗണ്ട്‌   രാജേട്ടന്‍റെ കടയില്‍ യാഥാര്‍ത്ഥ്യമായി 🙂



അക്കൗണ്ട്‌ അഥവാ ‘പറ്റ്’ സ്വാതത്ര്യം ലഭിച്ചപ്പോള്‍ 'ഖമ്മര്‍  പ്രേമം' കൂടുതല്‍ മൂത്തു എന്നുതന്നെ പറയാം . പറ്റ്തുക  ഒരു രൂപയോളമെത്തിയപ്പോള്‍   എന്തോ പറയാന്‍ പറ്റാത്ത ഒരു തരം വല്ലായ്ക തോന്നുകയും രണ്ടു ദിവസത്തേക്ക്‌  ഖമ്മര്‍ കഴിക്കല്‍  കുറക്കുകയും ചെയ്തു ! പിന്നെ പിന്നെ കാര്യങ്ങള്‍ മുറപോലെ തുടര്‍ന്നു. പറ്റ്തുക രണ്ടു രൂപ ആയി എന്ന് രാജേട്ടന്‍ പറഞ്ഞ അന്ന് ശരിക്കും ഒരു പരിഭ്രമം ഉള്ളില്‍ തോന്നി . അച്ഛന്‍ എങ്ങിനെയെങ്കിലും വിവരമറിഞ്ഞാല്‍ സംഗതികള്‍ ആകെ തകിടം മറിയും. ആ ‘രാമേട്ടന്റെ ആറില്‍ പഠിക്കുന്ന പുത്രന്‍,  രാജന്‍റെ കടയില്‍ പറ്റ് തുടങ്ങിയത്രേ’ എന്ന് നാട്ടുകാര്‍ പറയുന്ന ആ രംഗം പകലു മാത്രമല്ല  രാത്രിയിലും  മനസ്സിനെ മതിക്കുവാന്‍ തുടങ്ങി . 


അപ്പോഴാണ്‌ രാജേട്ടന്‍റെ   കടയിലെ തന്നെ സമ്മാന കലണ്ടര്‍ മ്മള്‍ക്ക്  ഒരു പുതിയ പ്രതീക്ഷ തന്നത്  . പോസ്റ്റ്‌ സ്റ്റാമ്പ്‌ വലിപ്പത്തില്‍ നസീറിന്‍റെയും ജയന്‍റെയും ഒക്കെ   നൂറുകണക്കിന്പടങ്ങള്‍ ആ കലണ്ടര്‍ നിറയെ ഉണ്ടാവും . ഇരുപത്തഞ്ചു പൈസക്ക് ഇതിലൊന്ന് പൊളിച്ചു നോക്കി പുറകില്‍ മറച്ചു  വച്ചിരിക്കുന്ന  ഭാഗ്യം  പരീക്ഷിക്കാം. എല്ലാ സമ്മാനങ്ങളും മുകളിലും വശങ്ങളിലുമായി 'ഡിസ്പ്ലേ' ചെയ്തിട്ടുണ്ടാവും . ഏറ്റവും വലിയ തുക  ഇരുപത് രൂപ . പിന്നെ പത്തിന്‍റെയും അഞ്ചിന്‍റെയും രണ്ടിന്‍റെയും ഒന്നിന്‍റെയും  നോട്ടുകള്‍ . അതിലെ ഏറ്റവും വലിയ തുകയായ ഇരുപത് ഒക്കെ  മ്മടെ ചിന്തക്കപ്പുറമുള്ള ഒരു സംഭവമായിരുന്നു അന്ന്  . പക്ഷേ രണ്ടിന്‍റെ നോട്ടിനോട് പോലും ലോകത്തിലെ ഇപ്പോഴത്തെ  ഏറ്റവും മൂല്യം കൂടിയ കറന്‍സി ആയ കുവൈറ്റിലെ   ഇരുപത് ദിനാര്‍  ( ഏകദേശം 4,000 രൂപ ) നോട്ടിനോട് തോന്നുന്നത്തിലും വലിയ മൂല്യമാണ്   അന്ന് തോന്നിയിരുന്നത് എന്നതാണ് സത്യം. 

20 Kiwait Dinaar 

അങ്ങിനെ  ഒരു 'രണ്ടിന്‍റെ നോട്ടെങ്കിലും കിട്ടണേ' എന്ന് ധ്യാനിച്ചുകൊണ്ട് രണ്ട് തവണ ഭാഗ്യം പരീക്ഷിച്ച വകയിലും വിഷുവിവോടനുബന്ധിച്ചു ഖമ്മര്‍ അടിച്ച  വകയിലുമൊക്കെയായി പറ്റ്തുക  മൂന്ന് രൂപയിലെത്തി. പിന്നെ ശക്തമായ  ഒരു  തീരുമാനം എടുക്കാന്‍ ഒട്ടുംബുദ്ധിമുട്ടുണ്ടായില്ല . അങ്ങിനെ  ഖമ്മറിന് സ്വയമായി ഒരു 'മൊറട്ടോറിയം' പ്രക്യാപിക്കാന്‍ സ്വയം നിര്‍ബന്ധിതനായിതീര്‍ന്നു 🙂 

മൂന്ന് രൂപ കടം തീര്‍ക്കാനുള്ള  വഴികള്‍ അന്വേഷിക്കല്‍ ആയി പിന്നത്തെ മുഴുവന്‍ സമയ ചിന്ത. ആവശ്യം ആണല്ലോ  എല്ലാ കണ്ടുപിടുത്തങ്ങളുടെയും മാതാവ്‌ ! ഈ ലോകസത്യം അക്ഷരം പ്രതി ശരി വച്ചുകൊണ്ട്, വീട്ടില്‍  അച്ഛന്‍ പൈസ വെക്കുന്ന അലമാരയുടെ വലിപ്പ് പുട്ടാറില്ല എന്ന്  മനസ്സിലാക്കിയിരുന്നു ഇതിനകം . ആരും അറിയാതെ  ഒന്നോ രണ്ടോ രൂപയുടെ ചെറിയ നീക്കു പോക്ക് നടത്തുവാന്‍ തന്നെ മനസ്സിലുറച്ചു. എങ്ങാനും പിടിക്കപെട്ടാല്‍ അതോര്‍ക്കാന്‍ പോലും വയ്യ , എങ്കിലും തക്കം പാത്ത് കിട്ടിയ അനുകൂല സാഹചര്യത്തില്‍ വലിപ്പ് തുറന്നു . രണ്ടു രൂപ നോട്ട് ഒരെണ്ണം എന്നെ നോക്കിയെന്നോണം മുകളില്‍ തന്നെ കിടക്കുന്നു ! ആദ്യമോഷണത്തിന്‍റെ ലക്ഷണമേന്നോണം കൈകള്‍ കിടുകിടെ വിറക്കാന്‍ തുടങ്ങി. പറയാന്‍ പറ്റാത്ത ഒരു തരം വല്ലായ്ക ! ഉടനെ ഒരു ഐഡിയ പൊട്ടിമുളച്ചു . ഇന്നത്തേക്ക്‌ ഈ നോട്ട്  എന്തായാലും വശത്തായി കിടക്കുന്ന പാസ്‌ബുക്കുകളുടെ ഇടയില്‍ കിടക്കട്ടെ. നാളെയോ മറ്റന്നാളോ അവിടന്ന് പൊക്കാം. നേരിട്ട് അടിച്ചു മാറ്റുന്നതിന്‍റെ ടെന്‍ഷനും ഒഴിവാകും ! അങ്ങിനെ  GRADUAL DISPLACEMENT  METHOD ( GRADIM ) എന്ന സമ്പ്രദായം  രൂപംകൊണ്ടു 🙂 ! എന്നാല്‍ എന്നെ തികച്ചും നിരാശനാക്കികൊണ്ട് ഏതൊരു പരീക്ഷണത്തിന്നും സംഭവിക്കാവുന്ന പരാജയം അടുത്ത ദിവസം തന്നെ  സംഭവിച്ചു . എന്തോ കുറി കൈപ്പടക്കോ മറ്റോ വേണ്ടി അലമാരയുടെ വലിപ്പ്  പുറത്തേക്ക് എടുത്ത് പരിശോധിക്കാനായി അച്ഛന്‍ ഇരിക്കുന്നു. സ്ഥലം മാറി കിടന്ന രണ്ടു രൂപ നോട്ട് പാസുബൂക്കുകള്‍ക്കിടയില്‍ നിന്ന് എടുക്കുന്നതും യഥാസ്ഥാനത്ത് വക്കുന്നതും തെല്ല് വിഷമത്തോടെ അകലെയിരുന്നു  നിസ്സഹായനായി നോക്കി കണ്ടു ☹️

അങ്ങിനെ ആദ്യ ശ്രമത്തില്‍ തന്നെ  GRADIM  പരീക്ഷണം പരായപെട്ട നിരാശയില്‍ ഇരിക്കുമ്പോള്‍ ദാ വരുന്നു  ബോംബയില്‍ പോയ മാമന്‍.  ബോംബെ വിശേഷങ്ങളൊക്കെ കുറേശ്ശെ മേമ്പൊടി ചേര്‍ത്ത് പറഞ്ഞു ഞങ്ങളെയൊക്കെ ചിരിപ്പിച്ചു തിരിച്ചു പോകുമ്പോള്‍  എന്‍റെ പോക്കറ്റില്‍ എന്തോ  വച്ച് തന്നീട്ട് മാമന്‍ പറഞ്ഞു ‘ഈ പോക്കെറ്റ്‌ മണി നിനക്ക് ഇരിക്കട്ടെ സൂക്ഷിച്ചു വച്ചോളൂ’. മാമന്‍ പോയതും വീടിന്‍റെ ഒരു ഭാഗത്ത്‌മാറി നിന്ന് പോക്കറ്റിലെ സമ്മാനം  പുറത്തെടുത്ത്‌ നോക്കി . അതൊരു രണ്ടു രൂപ നോട്ടായിരുന്നു ! അവിടന്ന്‌ ഒരൊറ്റ കുതിപ്പായിരുന്നു രാജേട്ടന്‍റെ കടയിലേക്ക് . രണ്ടു രൂപ നോട്ട് രാജേട്ടന് കൈമാറിയപ്പോള്‍ കിട്ടിയ ഒരാശ്വാസം പറയാന്‍ വാക്കുകളില്ല തന്നെ . ആദ്യ കടത്തിന്‍റെ പ്രധാനഭാഗവും തിരിച്ചു കൊടുത്തതിന്‍റെ സന്തോഷത്തില്‍ കുറെ ദിവസങ്ങളായി നിറുത്തി വച്ചിരുന്ന  ഖമ്മര്‍ രണ്ടെണ്ണം ഒരുമിച്ചു ആസ്വദിച്ചു കൊണ്ട്  തിരിച്ചുപോന്നു 😀

പിന്നെ അധികംവൈകാതെ അച്ഛന്റെ പൂട്ടാത്ത മേശയില്‍   മുമ്പ് പറഞ്ഞ GRADIM വിജയപ്രദമായിനടപ്പാക്കി കൊണ്ട്  ആദ്യം, പൈസ  വയ്ക്കുന്ന വലിപ്പിന്‍റെ തന്നെ മറ്റേ അറ്റതേക്കും അടുത്ത ദിവസം അലമാരയുടെ തുണി വയ്ക്കുന്ന ഭാഗത്തേക്കും അതിനടുത്ത ദിവസം സ്വന്തം പോക്കറ്റിലേക്കും സുരക്ഷിതമായി  എത്തിച്ച് കൊണ്ട്  ഒറ്റ രൂപ നോട്ട് ഒന്ന് സംഘടിപ്പിച്ചു. അങ്ങിനെ  പറ്റ് ബാധ്യത തീര്‍ത്തു . അപ്പോഴേക്കും വേനലിനെ കുളിരണീച്ചുകൊണ്ട് കാലവര്‍ഷം തുടങ്ങുകയും പുതിയ സ്കൂള്‍ വര്‍ഷം ആരംഭിക്കുകയും ചെയ്തു. അതോടെ ആ വര്‍ഷത്തെ വേനല്‍കടകള്‍ക്കും  പരിസമാപ്തി ആയി. 


         
 nostalgic rain picture at school  



പദ വിവരം;

കണ്ടുരാജന്‍ = ശ്രീമാന്‍ 'കണ്ടു' മകന്‍ രാജന്‍. 'കണ്ടു' എന്നത് ഒരു  ക്രിയാ
പദമെന്നു തോന്നുമെങ്കിലും പഴയ തലമുറയില്‍ അത് നാമമായും ഉപയോഗിച്ചിരുന്നു.