Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

Thursday, February 1, 2018

കേരമധു


തൊഴില്‍ തേടി മുംബൈ മഹാനഗരത്തിലേക്ക് എത്തിയീട്ട് ഏതാനും മാസങ്ങള്‍ ആയിരിക്കുന്നു. അതിനും മുമ്പേ എത്തിപെട്ടതാണ്  പ്രിയസുഹൃത്ത് സുരന്‍ . മുംബൈയുടെ വടക്കന്‍ പ്രാന്തപ്രദേശമായ 'വീരാറി' ന്‍റെ പച്ചപ്പില്‍, ജന്മനാടിന്‍റെ നൊസ്റ്റാള്ജിയ തേടി അന്നൊരു ദിനം ഞങ്ങള്‍ സംഗമിച്ചു. ഒരു മലയാളിക്ക് നൊസ്റ്റാള്ജിയ നുകരാന് മുംബൈയില്‍ ഇതിലും നല്ല സ്ഥലം സ്വപ്നങ്ങളില്‍ മാത്രം 🌴🌳🌴🌳🌴🌳🌴🌳🌴🌳🌴

 ഒരാൾ വട്ടം പിടിച്ചാല്‍ പിടി എത്താത്തവയാണ് വിരാറിലെ തെങ്ങുകള്‍ ! അടിവിളയായി കുറ്റിമുല്ലയടക്കമുള്ള വിവിധങ്ങളായ പൂകൃഷി .സുരന്‍റെ അടുത്ത ബന്ധു വീരാറില്‍,  നാട്ടിൽ നിന്നും കൊണ്ടുപോയ കുറെ  ജോലിക്കാരെ  ഒക്കെ വച്ച്   കേരമധു കച്ചവടം  നടത്തുന്നു.  തെങ്ങുകളില്‍ കെട്ടിവച്ചിരിക്കുന്നത് കുടങ്ങളല്ല – എട്ടും പത്തും ലിറ്റര്‍ ഒക്കെ കൊള്ളുന്ന കന്നാസുകള്‍. മന്ധരിയും മറ്റുമൊക്കെ വന്നു നാട്ടില്‍ തെങ്ങില്‍ നിന്ന് ഒരു ലിറ്റര്‍ കള്ള് പോലും ലഭിക്കാത്ത അവസ്ഥയില്‍ ഈ കാഴ്ച പുളകം കൊള്ളിക്കാതിരിക്കുമോ ഒരു ശരാശരി കേരളീയനെ  ? എന്തായാലും 'വിരാര്‍' ഒരു സംഭവം തന്നെ.

ഉയരം കുറഞ്ഞ തെങ്ങ് നോക്കിക്കയറി സുരൻ കള്ള് ഇറക്കി കൊണ്ടുവന്നു  . നാട്ടുകഥകളും ഉപകഥകളും ഒക്കെ അയവിറക്കി ആവോളം ‘ശുദ്ധമായ കേരമധു ’ അകത്താക്കി . നാട്ടില്‍ പോലും ഇല്ലാത്ത സ്വാതന്ത്യം ആസ്വദിച്ചാനന്ദിച്ചു  – അതും ഒരു തുള്ളി വെള്ളം പോലും ചേര്ക്കാതെ !! ഇടവേളയെടുത്ത് കുളത്തിൽ നീന്തിത്തുടിച്ച്‌ അര്മാദിച്ചു .  
'ൻ്റെ'  വാസം സുമാര്‍ നൂറ് കിലോമീറ്റര്‍  ദൂരെ 'ഡോബിവില്ലി' യില്‍ ആയതിനാൽ  സന്ധ്യക്ക് മുമ്പേ ട്രെയിന്‍ പിടിച്ചു തിരിച്ചു പോന്നു  . കുര്ള സ്റ്റേഷനിൽ  വന്ന് മാറികയറി സെന്‍ട്രല്‍ ലൈനിലെ  ട്രെയിന്‍ പിടിച്ചു .

 ട്രെയിനില്‍ നേരം പോക്കിനായി  സംഘഗാന ടീമുകള്‍ പതിവ് പോലെ പാടി  തിമര്ത്തുകൊണ്ടിരിക്കുന്നു. സ്റ്റേഷനുകള്‍ ഓരോന്നായി  പിന്നിടുന്നു - 'വിദ്യവിഹാര്‍', 'കാന്ജ്ജൂര്മാര്ഗ്' പിന്നെ 'ഭാന്ധൂപ്പ്' . മുംബൈയിലെ 'വി ടി'  സ്റ്റേഷന്‍ മുതല്‍ ഇരിക്കുന്നവര്‍ സ്വയമേവ എണീറ്റ് നിന്ന് അത് വരെ നിന്ന് യാത്ര ചെയ്തവര്ക്ക് സീറ്റ് കൊടുക്കാന്‍ തുടങ്ങുന്ന സ്റ്റേഷന്‍ ആണ് ഭാന്ധൂപ്പ്‌. അറിഞ്ഞോ അറിയാതെയോ ‘മുള്ളുണ്ട്’ സ്റ്റേഷന്‍ കഴിഞ്ഞീട്ടും ഉറങ്ങുന്ന മാതിരി അഭിനയിച്ഛ്  സീറ്റ് മാറി കൊടുക്കാത്ത അപൂര്വ്വം ചിലരോട്, ഈ ചിട്ടവട്ടം സഹിഷ്ണുതയോടെ പറഞ്ഞു കൊടുക്കുന്ന പൊതുസമ്മതരെ കാണാന്‍ നല്ല  രസമാണ് . എന്തായാലും ‘താനെ’ സ്റ്റേഷന്‍ എത്തുമ്പോഴേക്കും ഈ സ്വയം നിയന്ത്രിത സോഷ്യലിസം സമ്പൂര്‍ണമായും നടപ്പായിയിരിക്കും 💪💝
അന്ന് 'മുള്ളുണ്ട്' സ്റ്റേഷനില്‍ എത്തിയപ്പോള്‍ എനിക്കും അത്തരം “സോഷ്യലിസ്റ്റ്‌ സീറ്റിന്” ഒരു ഓഫര്‍ കിട്ടി ആശ്വാസപൂര്വ്വം ഞാനിരുന്നു . ഇരുന്ന് കുറച്ചു കഴിഞ്ഞതും പക്ഷേ എന്തൊക്കെയോ ഒരു അസ്വസ്ഥത മ്മളെ  പിടിച്ചുലക്കാന്‍ തുടങ്ങി . ഒരു ഭൂകമ്പം തന്നെ വയറ്റില്‍ രൂപപെട്ടിരിക്കുന്നു 😔😕 അത് ശരീരമാസകലം പടരാനായി വെമ്പുന്നു . തലയില്‍ ഒരു തരം പെരുക്കം കൂടി വരുന്നു .അങ്ങിനെ  സീറ്റില്‍ നിന്നും എണീറ്റ്‌ നില്ക്കാ ന്‍ നിര്ബന്ധിതനായി. ഇരിക്കുമ്പോള്‍ എണീറ്റ്‌ നില്ക്കാനും നില്ക്കു മ്പോള്‍ ഇരിക്കാനും തോന്നുന്ന വല്ലാത്തൊരു അവസ്ഥ ! ടോയലെറ്റ് വരെ പോകാം എന്ന് കരുതാന്‍ ലോക്കല്‍ ട്രെയിനില്‍ എവിടെ ടോയലെറ്റ് ? തിരക്ക് കൂടിയ നേരങ്ങളിൽ ഡോംബിവില്ലിക്കും താനെക്കും ഇടയിൽ   എത്ര തവണ തല 90 ഡിഗ്രി ചരിച്ച് മേല്പ്പോ ട്ടു പിടിച്ച് അര മണിക്കൂര്‍ വരെ ഒക്കെ ട്രെയിനില്‍ യാത്ര ചെയ്തിരിക്കുന്നു . എന്നാല്‍ ഇപ്പോള്‍ തോന്നുന്ന കഠിനമായ അസ്വസ്ഥത ഇതിനോടൊന്നിനും താരതമ്യം ഇല്ലാത്തത്. എന്തിനധികം പറയുന്നു - 'കല്‍വ' സ്റ്റേഷനില്‍ ട്രെയിന്‍  നിറുത്തിയതും   സ്റ്റേഷനോട് ചേര്ന്നു ള്ള വെളിപ്പറബിലേക്ക് ഓട്ടമായിരുന്നു- കാര്യ സാധ്യത്തിനായി  😀അന്ന് ഓടിയ സ്വന്തംസ്പീഡ്റെക്കോർഡ് (അതും അജ്ജാതി ജനക്കൂട്ട ത്തിനിടയിൽ കൂടി ) ഇത് വരെ തിരുത്തപ്പെട്ടീട്ടും ഇല്ല .

നാണക്കേട് കൊണ്ട്  പറയാനും വയ്യ,  എന്നാൽപറയാതിരിക്കാനും വയ്യ എന്ന അവസ്ഥയില്‍ എത്തി ചേര്ന്നതിനാല്‍ അടുത്ത ദിവസം  സുരനോട് കാര്യങ്ങള്‍ ഫോണിലൂടെ തുറന്ന് പറഞ്ഞു. തലേന്ന് രാത്രി മുഴുവന്‍ ടോയ്‌ലറ്റില്‍ "കുടികിടപ്പായി" പോയ കഥയായിരുന്നു സുരന് തിരിച്ച്  പറയാനുണ്ടായിരുന്നത് 😀 കാര്യങ്ങളുടെ കിടപ്പ്, സീനിയർ കേരമധു ടാപ്പിംഗ് വിദഗ്ദ്ധരുമായി ചർച്ച ചെയ്തു  കൂലംകുഷമായി   വിലയിരുത്തിയതിൽ നിന്നും  സൂർത്തുകൾക്ക് മനസ്സിലായത്  ഒരു അതിപ്രധാന ‘സംഗതി’ ആയിരുന്നു. ‘ഉടതമ്പുരാന്‍റെ കയ്യില്‍ നിന്നും കേരമധു ചെത്തി ഉണ്ടാക്കാന്‍ “കുലത്തൊഴില്‍  ലൈസൻസ് ” എടുത്ത ഒരു വംശത്തിന്‍റെ വര്ത്തമാന കാലകണ്ണികള്‍ ആയീട്ട് പോലും ഈ പ്രാഥമികവിവരം അറിയാത്തവര്‍ ആയി പോയി അന്ന് സുരനും ഈ ഞാനും. 😮എജ്ജാതി മനുസർ ഇവർ 😀

കള്ള് ചെത്തി ഇറക്കി കൊണ്ട് വരുമ്പോള്‍ ശകലം വെള്ളം തളിച്ച് - ഒഴിച്ച് കൊടുക്കണമത്രേ . അതിലുള്ള സൂക്ഷ്മജീവികളെ എല്ലാം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ആ വെള്ളപ്രയോഗം . അത് നടത്താതിരുന്നാല്‍ ആ സൂക്ഷ്മജീവികളുടെ പ്രവര്ത്തനം കൊണ്ട് ചെറിയ വിഷാംശം ഉണ്ടാക്കുകയും അത് ഭക്ഷ്യവിഷബാധയായി ബാധിക്കുകയും കഠിനമായ വയറിളക്കം, ജ്വരം തുടങ്ങിയവയായി മാറുകയും ചെയ്യും അത്രേ .
എന്തായാലും അനുഭവം  തന്നെ ഏറ്റവും വലിയ  ഗുരു .  
അതിനാല്‍   ഒരു തുള്ളി പോലും വെള്ളം ചേര്‍ക്കാതെ കേരമധു ആസ്വദിക്കാന്‍ ശ്രമിക്കുന്നവര്‍ ഇനി മുതല്‍ കട്ട  ജാഗ്രതൈ  😃😂  😀😀

( Above write up is based on old diary note of 1996 )

Sunday, January 25, 2015

വെര്‍ജിന്‍ വെളിച്ചെണ്ണ via an ഓണസദ്യ ( A Reality Story )

             =============================

ആ വർഷത്തെ ഓണാഘോഷം കേമമാക്കാന് ഫ്ലാറ്റിലെ മലയാളി കൂട്ടായ്മ സ്വരുമയോടെ തീരുമാനമെടുത്തു. തൊട്ട്മുമ്പത്തെ നോമ്പ് പെരുന്നാളിനു ചെയ്തമാതിരി ഓരോ വീട്ടില് ഓരോ ഇനം പാചകം ചെയ്യുന്ന രീതി ഇത്തവണ വേണ്ട എന്ന് ഗ്രിഹനായകരില് ഭൂരിപക്ഷവും മനസ്സാ തീരുമാനിച്ചിരുന്നു എന്ന് വേണം കരുതാൻ . എട്ടാം നിലക്ക് മുകളിലുളള തുറന്ന ടെറസ് പാചകത്തിന് തരപെടുത്തിയെടുക്കാന് മലയാളി ‘ഹാരിസി’ ന്റെ സഹായവും കൂടി ആയപ്പോള് ഗ്രിഹനായകരുടെ ‘ഹിഡന്’ ആശയം സഫലമാവുമെന്നായി. പാചകക്കാരനായി ഒരാള് അതും സാക്ഷാല് ശ്രീ "അമ്പിസ്വാമി" യുടെ നാട്ടുകാരനായ ഒരാള്തന്നെ കൂട്ടത്തില് നിന്നുസ്വയം മുന്നോട്ടുവന്നതോടെ എല്ലാ തടസങ്ങളും മാറി മേല്ക്കൂര പാചകം യാഥാര്ഥ്യമാവുമെന്ന് ഉറപ്പായി.

അങ്ങിനെ ആ ‘ഓണവെള്ളി’ത്തലേന്നു കുടുംബിനികളും ഗ്രിഹനായകരും മുതിര്ന്ന കുട്ടികളും എല്ലാവരും കൂടി താഴത്തെ നിലയില്ഒത്തുചേര്ന്നു. നാട്ടിലെ സദ്യ വട്ടങ്ങളില് പങ്കെടുത്തിരുന്ന ഓര്മ്മകള് അയവിറക്കികൊണ്ട് പച്ചക്കറി നുറുക്കല് രസകരമാക്കി. അനന്തരം, നുറുക്കിയ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഗ്യാസ്‌ കുറ്റികളും സ്സ്ടവുകളും മറ്റുമൊക്കെയായി ആണ് പ്രജകള് എല്ലാവരും കെട്ടിട മുകളിലേക്ക് കയറി. ഇത്രയും ആയപ്പോഴേക്കും മുകളില് കൊണ്ടുപോവാത്തതിനു നീരസം തോന്നിയ കുട്ടികള്ക്കും അവരുടെ അമ്മമാരായ സ്ത്രീജനങ്ങള്ക്കും അല്ലറ-ചില്ലറ ചില സംശയങ്ങള് തോന്നാതിരുന്നില്ല. “ഏയ്‌ ഇത് കുവൈറ്റ് അല്ലേ . നിരോധനം ഉള്ള ഇവിടെ ഈ ആണ് പ്രജകള് എല്ലാവരും കൂടി കെട്ടിട മുകളില് പോയി ‘ബാച്ചിലര്പാര്ട്ടി’ ഒക്കെ നടത്തുമെന്ന് തങ്ങള് എന്തിനു ഭയപ്പെടണം-ഏയ്‌ അങ്ങനെ ഒന്നും ഉണ്ടാവില്ല” പെണ്പ്രജകള് പരസ്പരം ഫോണില് വിളിച്ച് ആശ്വാസംകൊണ്ടുവത്രേ.

‘ഹിഡന്’ അജണ്ടക്കാരാവട്ടെ സദ്യകമ്മിറ്റിക്ക് ഒരു ഉപ കമിറ്റി തന്നെ ഉണ്ടാക്കിയിരുന്നുവത്രേ – ബാച്ചിലര് പാര്ട്ടികമ്മിറ്റി. സദ്യ സാമഗ്രികളുമായി മുകളില് എത്തിയപ്പോള് അരമണിക്കൂര്‍ മുമ്പേ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്ന ‘ബീവരേജസ് കൌണ്ടര്‍’ ചിലരെയെങ്കിലും ഞെട്ടിച്ചു – പ്രത്യകിച്ചു പാചകം ഏറ്റിരുന്ന സനലിനെ . "കാര്യങ്ങള്‍ ഒക്കെ ശരി. നമ്മള്‍ ഉദ്ദേശിച്ച പാചകം ഒക്കെ ഭംഗി ആയി ചെയ്യണമെങ്കില്‍ എല്ലാവരും ‘വീല്‍’ ആയിപ്പോയാല്‍ ബുദ്ധിമുട്ടാവും ട്ടാ . അവസാനം എല്ലാത്തിനും എന്നെ മാത്രം ഉത്തരവാദി ആക്കരുത്.” സദ്യകമ്മറ്റി പ്രസിഡണ്ട് പാലക്കാട്ടുകാരന്‍ വക്കീല്‍ ബാബുവിനോട് സനല്‍ നയം വ്യക്തമാക്കി.

“അതൊക്കെ ഒരു പ്രശ്നവും ഇല്ലാതെ നോക്കാം സനലേ, എന്താണ് ഞങ്ങള്‍ സഹായിക്കേണ്ടത് എന്ന് പറഞ്ഞാല്‍ മാത്രം മതി .ഞങ്ങള്‍ ഇതാ തയ്യാര്‍” അതുവരെ തോളില്‍ കിടന്നിരുന്ന തോര്‍ത്തുമുണ്ട് എടുത്ത് തലയില്‍ കെട്ടി ശരീരഭാഷ അടക്കം പ്രകടിപ്പിച്ചു വക്കീലിന്റെ മറുപടി .

സമയം രാത്രി എട്ടാവുന്നു . എരുപുളി അടുപ്പത്ത് കയറ്റിയീട്ടെ ഉള്ളൂ . അപ്രതീക്ഷിതമായി തുടങ്ങിയ കാറ്റ് ഓപ്പണ്‍ ടെറസില്‍ ശല്യം ചെയ്യുവാന്‍ തുടങ്ങി . സ്ടവിലെ തീ കാറ്റില്‍ ഉലഞ്ഞു കത്തുന്നതിനാല്‍ അടുപ്പത്ത്‌ വയ്ക്കുന്നത് തിളച്ച് വരാന്‍ നന്നായി സമയമെടുക്കുന്നു. ബീവരേജസ് കൌണ്ടര്‍ സെറ്റപ്പ് ഒക്കെ കാണുമ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ സഹായത്തിനു ആരും ഉണ്ടാവും എന്ന് ഉറപ്പിക്കാനും വയ്യ !

“ എന്നാ പിന്നെ അടപ്രഥവനുള്ള നാളികേരം പിഴിയാനുള്ള ആ പ്രധാനപെട്ട പണി അങ്ങോട്ട്‌ തീര്‍ത്തു വച്ചോ” സനല്‍ പറഞ്ഞു.

‘വാസ്ത’ പിടിച്ച് പ്രത്യകം പറഞ്ഞ് ഏല്പ്പിച്ചതിനാല്‍ ‘ലുലു’വില്‍ നിന്ന് ഇരുപത്തഞ്ചു നാളികേരം ഒരുമിച്ച് ചിരവി കിട്ടിയതാണ്. അതിനാല്‍ ചിരവല്‍ ഒഴിവായി. ഇനിയിപ്പോള്‍ പിഴിയുകയേ വേണ്ടു. സനലിന്റെ നിര്‍ദേശം വന്നതും ഈരണ്ടുപേരുടെ രണ്ടു സംഘംഇരുന്ന് അര മണിക്കൂര്‍ കൊണ്ട് ആ പണി തീര്‍ത്തുവച്ചു.

.‘ബീവരേജസ് കൌണ്ടര്‍’ പരിസരം കൂടുതല്‍ ഉഷാറായി വന്നു. സാക്ഷാല്‍ കാഞ്ഞിരപ്പിള്ളി അച്ചായന്മാര്‍ ഉണ്ടാക്കിയ സ്പെഷ്യല്‍ മുന്തിരി വൈനില്‍ സാധാരണയില്‍ കൂടുതല്‍ 'സോമരസം' രൂപപെട്ടിരുന്നോ എന്ന് എനിക്കും തോന്നി 🤔 മൂളിപാട്ടുകളും ചെറിയ താളം പിടിക്കലുകളും ഒക്കെയായി തുടങ്ങി ഗാനപ്രേമികളുടെ ഒരു കൂട്ടായ്മ തന്നെ വളരെ പെട്ടെന്ന് അവിടെരൂപം കൊണ്ടു. 'അച്ഛന്‍വയലാര്‍' മുതല്‍ 'മകന്‍ വയലാര്‍' വരെയും മാധുരി മുതല്‍ ശ്രേയ ഗോഷാല്‍ വരെയും വരെയും ചര്‍ച്ച ചെയ്ത് പാടി അര്‍മാദിച്ചുരസിച്ചു .

സാമ്പാറും അവീയലും മറ്റു ചെറുകറികളും ഓരോന്നായി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും സമയം രാത്രി രണ്ടുമണി . സേമിയ പായസത്തിനായി സാമാന്യം വലിപ്പമുള്ള ഒരു ചരുവം അടുപ്പത്ത്‌ കയറ്റി. കാറ്റിന്‍റെ ശക്തി വീണ്ടും കൂടി വന്നു. പല തവണ തീ തന്നെ അണഞ്ഞു പോകുകയും ചെയ്തു. പ്ലേവുഡ് കഷണം അടുപ്പിനു ചുറ്റും മറ പിടിച്ചു കൊണ്ടായിരുന്നു പിന്നെ തീ കെട്ടുപോകാതെ നോക്കിയത്. സഹായത്തിനാണെങ്കില്‍ ഒന്നോ രണ്ടോ പേരൊഴികെ ടെറസില്‍ തലങ്ങനെയും വിലങ്ങനെയും കിടക്കുന്നു. പാചകത്തിന് സഹായത്തിനാണെന്ന പേരില്‍ ഫ്ലാറ്റില്‍ നിന്ന്‍ രക്ഷപെട്ട് സര്‍വതന്ത്ര സ്വതത്രന്‍ മാരായി വൈന്‍ അടിച്ച് വീല്‍ ആയിയുള്ള കിടപ്പും കൂടി കണ്ടപ്പോള്‍ സനലിനും ശേഷിച്ച സഹായികള്‍ക്കും ചെറുതായി ഒരു അസ്വാസ്ഥ്യം തോന്നാതിരുന്നില്ല 😏 പുലര്‍ച്ചെ അഞ്ചുമണിയായീട്ടും സേമിയ പായസമാണെങ്കില്‍ അടുപ്പത്ത്‌ നിന്നും ഇറക്കാനും പറ്റിയീട്ടില്ല.

“ഇനിയിപ്പോ ഈ പായസം ശരിയായാല്‍ ഞാന്‍ നിറുത്തുകയാണ്. മറ്റേ പായസത്തിന്‍റെ കാര്യം ഇനി വേണ്ടെന്നു വക്കാം ” ഞങ്ങള്‍ ഒന്ന് രണ്ടു പേരോടായി സനല്‍ പറഞ്ഞു .
സാഹചര്യവശാല്‍ സനല്‍ പറഞ്ഞത് ശരി തന്നെ. എന്നിരുന്നാലും എനിക്ക് ഒരു ചെറിയ ശങ്ക . അട വേവിച്ചു വച്ചീട്ടുണ്ട് , ശര്‍ക്കര ഉരുക്കി വച്ചീട്ടുണ്ട് , നാളികേരപാലാണെങ്കില്‍ വളരെ നേരത്തെ തയ്യാര്‍ ആണുതാനും . അപ്പോള്‍ പിന്നെ ഇടയ്ക്കു വച്ച് അടപ്രഥവന്‍ ഉപേക്ഷിച്ചു കളയുന്നത് അത്ര ശരിയാണോ എന്ന് ഒരു ആശങ്ക . തന്നെയുമല്ല ഗംഭീര സദ്യ ഉണ്ടാക്കാനായി ടെറസില്‍ കയറി പുറപെട്ട കെട്ടിടത്തിലെ എല്ലാ ആണ്‍പ്രജകള്‍ക്കും താന്താങ്ങളുടെ പെണ്‍പ്രജകള്‍ക്ക് മുമ്പിൽ ‍ നാണം കെടേണ്ടിയും വരും. ആ സാഹചര്യം ഒഴിവാക്കേണ്ടത് തന്‍റെ കൂടി കടമയല്ലേ ? - എന്നിലെ ആണ്‍പ്രജ സടകുടഞ്ഞ് എണീറ്റു 😜

“ഒരു കാര്യം ചെയ്യാം സനലേ എന്തായാലും ഇക്കാര്യം ഞാന്‍ ഏറ്റെടുക്കുകയാണ്. ഇനിയിപ്പോ നേരം വെളുക്കുകയും ചെയ്തു. വൈകാതെ ഏഴു മണിയാവുമ്പോഴേക്കും ടെറസില്‍ പൊരിഞ്ഞ വെയിലും വരും. പിന്നെ ഇവിടെ നില്‍ക്കാനേ പറ്റില്ല . ഞാനീ സാധങ്ങളുമായി എന്റെ ഫ്ലാറ്റില്‍ പോകുകയാണ്.” സനലിനോട് പറഞ്ഞു.

അങ്ങിനെ ഉരുക്കിയ ശര്‍ക്കരയും വേവിച്ച അടയും നാളികേരപ്പാലും ഒക്കെയായി ഏഴുമണിയോടെ ഫ്ലാറ്റിലേക്ക്. 😧 ഈ ദയനീയ അവസ്ഥയില്‍ സ്വന്തം പെണ്‍പ്രജക്ക് മുമ്പില്‍ ശകലം ചമ്മല്‍ തോന്നിയെങ്കിലും, രാത്രിയില്‍ വീശിയടിച്ച ‘കൊടുംകാറ്റിന്‍റെ’ 😜 കാര്യം ഒക്കെ പറഞ്ഞു ഒരു വിധം പിടിച്ചുനിന്നു. അവളുടെ ചെറിയ ചില കമെന്റുകള്‍ കേട്ടില കണ്ടില്ല എന്ന് നടിച്ച്‌ , എത്രയും പെട്ടെന്ന് ശര്‍ക്കരയും അടയും കൂടെ അടുപ്പത്ത്‌ കയറ്റി ഇളക്കാന്‍ തുടങ്ങി .

നാളികേരപ്പാല്‍ ഒഴിക്കാനായി പാത്രം എടുത്തതും സ്തംഭിക്കുന്ന കാഴ്ച – പാല്‍ മീതെ കട്ടിയായും താഴെ വെള്ളമായും രണ്ടായി വേർപിരിയുവാൻ തുടങ്ങിയിരിക്കുന്നു . രുചിച്ചു നോക്കിയപ്പോള്‍ കട്ടിയായ ഭാഗത്തിന് നേരിയ പുളിപ്പ് ആയിരിക്കുന്നു. മണിക്കൂര്‍ എത്ര ആയി പാല്‍ പിഴിഞ്ഞ് എടുതീട്ട്. ഇത് ഇങ്ങിനെ ആയിപ്പോയതില്‍ അത്ഭുതം എന്താ ഉള്ളത് ? ഇനി ഈ അവസ്ഥയില്‍ എന്താ ചെയ്യുക. വഴിയെ പോയ വയ്യാവേലി എടുത്ത് തലയില്‍ വക്കുകയും ചെയ്തു ..... നാളികേരം വാങ്ങി ഇനിയും പിഴിയുക സാധ്യമല്ല തന്നെ. എന്താ ഒരു പോംവഴി. ഈ രണ്ടാം പായസം വേണ്ട എന്ന് തന്നെ വക്കുകയെ വഴിയുള്ളൂ. സനല്‍ അപ്പഴേ പറഞ്ഞതാണ് ഇനിയിപ്പോ ഉണ്ടാക്കണ്ട എന്ന്. അത് ചെവി കൊണ്ടാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ എന്താ ഒരു വഴി ?

അവസാനം അടുക്കളയില്‍ ഉണ്ടായിരുന്ന ‘മാഗി’യുടെ നാളികേരപ്പൊടി രക്ഷക്കെത്തി. കഷ്ടിച്ച് ഒരു കിലോ നാളികേര പൊടിയെ ഉണ്ടായിരുന്നെങ്കിലും ‘ഉള്ളതുകൊണ്ട് ഓണം പോലെ പത്തുനൂറുപേര്‍ക്ക് ’ എന്ന് മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അടപ്രഥമന്‍ ഒരുവിധം ഒപ്പിച്ചെടുത്തു.

അങ്ങിനെ കെട്ടിടത്തിലെ മിക്കവാറും എല്ലാ മലയാളികളും, കൂടെ സഹകരിക്കുന്ന മറ്റു ചില സംസ്ഥാനക്കാരും ഒത്തു കൂടി ഓണ സദ്യ കഴിച്ചു രസിച്ചു. തലേന്ന് പെണ്പ്രജകളെ പറ്റിച്ചു ടെറസില്‍ പോയി വീരേതിഹാസം രചിച്ച കഥകള്‍ ചിലര്‍ അന്നോന്യം പിറുപിറുത്തു ചിരിച്ചു. പെണ് പ്രജകള്‍ സനലിന്റെ പാചകത്തെകുറിച്ചും അവിയലിന്റെ രുചിയെ കുറിച്ചും എന്നാല്‍ അട പ്രഥമനില്‍ കുറച്ചു നാളികേരപ്പാല്‍ കുറച്ചു കുറഞ്ഞു പോയതും മധുരം കൂടിപ്പോയതും ഒക്കെ പരസ്പരം പറഞ്ഞു സദ്യ ഉണ്ടു.     
ഓർമ്മകൾക്കെത്ര സുഗന്ധം


നാളികേരപ്പാല്‍ പുളിച്ചു പോയ ‘ടെന്‍ഷന്‍’ നിറഞ്ഞ അവസ്ഥക്ക് ശേഷം ഉണ്ടായ, പുറത്ത് പറയാത്ത 😀 കഥാന്ത്യം ഇങ്ങനെ .

നിരാശയും സങ്കടവും മൂത്ത്, പിരിഞ്ഞുപോയ നാളികേരപ്പാല്‍ അടുക്കളയിലെ അഴുക്കുവെള്ള പൈപ്പിലേക്ക് ഒഴിച്ച് കളയാന്‍ പാത്രം എടുത്ത് ചരിക്കാന്‍ തുടങ്ങിയതാണ്‌ ഞാന്‍. “കളയാന്‍ വരട്ടെ. പാല്‍ പുളിച്ചാലും നമുക്ക് ഇത് അടുപ്പത്ത് വച്ച് തിളപ്പിച്ച്‌ വെളിച്ചെണ്ണ കാച്ചിയെടുക്കാന്‍ പറ്റുമോ എന്ന് വെറുതെ ഒന്ന് ശ്രമിച്ച് നോക്കിയാലോ?” പെണ് പ്രജ പറഞ്ഞ അഭിപ്രായത്തില്‍ ചെറിയ കാര്യം ഉണ്ടെന്നു തോന്നി - പാത്രം ചരിക്കാതെ നേരെവച്ചു. ശേഷം, രണ്ടായി പിരിഞ്ഞ നാളികേരപ്പാലില്‍ നിന്ന് വെള്ളം ഊറ്റികളഞ്ഞു കട്ടിഭാഗം എടുത്ത് ഫ്രിഡ്ജില്‍ വച്ചു. ഓണാഘോഷം ഒക്കെ കഴിഞ്ഞ് ഉച്ചതിരിഞ്ഞ് വീണ്ടും ഒന്നുകൂടെ വെള്ളം ഊറ്റികളഞ്ഞപ്പോള്‍ നല്ല കട്ടിയായി കിട്ടി – ഏകദേശം ഷീറ്റ് അടിക്കുവാന്‍ തയ്യാറായ റബ്ബര്‍പാല്‍ പോലെ ! ആ പാല്കട്ടി എടുത്ത്‌ അടുപ്പത്ത് വച്ച് വെറും പത്ത് മിനിറ്റ് തിളപ്പിച്ചപ്പോള്‍ കിട്ടിയതോ നല്ല ശുദ്ധമായ വെളിച്ചെണ്ണ – സുമാര്‍ ഒന്നൊന്നര ലിറ്റര്‍ ഉരുക്ക് വെളിച്ചെണ്ണ (വെര്‍ജിന്‍).

                                                       THE END
                                  =========================


സാരോപദേശം 1) ഇനി സദ്യ ഉല്‍സാഹകമ്മറ്റികളില്‍ കയറിപറ്റിയശേഷം അട പ്രഥമന്‍ ഉണ്ടാക്കാനുള്ള നാളികേരപ്പാല്‍ കൃത്രിമമായി പുളിപ്പിച്ച് അത് “ഓടയില്‍ കൊണ്ടുപോയി ഒഴിച്ച് കളഞ്ഞുകൊള്ളാം” എന്ന് പറഞ്ഞ് സൂത്രത്തില്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കാന്‍ വല്ല പരിപാടിയും ആരെങ്കിലും മനസ്സില്‍ കരുതിയാല്‍ അത് എന്റെ ഈ എളിയ ഓണക്കഥ വായിച്ചതില്‍ നിന്നും ആശയം ഉള്‍കൊണ്ട് ആണ് എന്ന് പറഞ്ഞ് എന്നെ ക്രൂശിക്കാന്‍ വരരുത് എന്ന് മുന്‍‌കൂര്‍ അപേക്ഷ 😀 !!

സാരോപദേശം 2 ) ഇനി ശരിക്ക് നേരായ വഴിക്ക് ഉരുക്ക് വെളിച്ചെണ്ണ വീട്ടില്‍ ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു ‘ടിപ്’ ഇരിക്കട്ടെ : നാളികേരം പിഴിഞ്ഞ് പാല്‍ എടുത്ത ശേഷം അടുപ്പത്ത് വച്ച് തിളപ്പിക്കുക ആണ് സാധാരണയായി ചെയ്തു വരുന്നത് . ഒരു പാട് നേരം അടുപ്പത്ത് വക്കണം എന്നുള്ളതാണ് ഇതിലെ പ്രധാന ബുദ്ധിമുട്ട്. അവിടെയാണ് ‘ഷോര്‍ട്ട് കട്ട്’ പ്രയോഗിക്കേണ്ടത്. നാളികേരപ്പാല്‍ ഒരു പാത്രത്തില്‍ ആക്കി ഫ്രിഡ്ജില്‍ വക്കണം. അടുത്ത ദിവസം എടുത്ത് നോക്കിയാല്‍ പാല്‍കട്ടിയും വെള്ളവും രണ്ടായി തിരിഞ്ഞ് നില്‍ക്കുന്നത് കാണാം . ഇതിലെ വെള്ളം ധൈര്യമായി ഓടയില്‍ ഒഴിച്ച് കളയാം ! പാല്‍കട്ടി മാത്രം എടുത്ത് അടുപ്പത്ത് വച്ച് തിളപ്പിച്ചാല്‍ ഏറിയാല്‍ പത്ത് മിനിറ്റ് മാത്രം മതിയാവും സുഗന്ധവും ഔഷധഗുണം ഉള്ളതും ശുദ്ധവുമായ ‘വെര്‍ജിന്‍’ വെളിച്ചെണ്ണ ലഭിക്കുവാന്



  

പദ വിവരം :


 1) ഹാരിസ് : ഫ്ലാറ്റിലെ ദൈനംദിനകാര്യങ്ങളും വാടകകാര്യവും മറ്റും  കൈകാര്യം ചെയ്യുന്ന കാര്യസ്ഥന്‍ .


2) ഓണവെള്ളി : ഓണം വരുന്ന ദിവസത്തിന്‍റെ ഏറ്റവും അടുത്ത വെള്ളിയാഴ്ച


3) അംബിസാമി : ലോക പ്രശസ്തനായിരുന്ന തൃശൂരിലെ പാചകക്കാരന്‍. അബിസാമിയുടെ പാലടകഴിക്കുമ്പോള്‍ നമ്മള്‍ അറിയാതെതന്നെ  വിരലില്‍ പല്ല് കൊണ്ട് പോറല്‍ ഏല്‍ക്കാതെ പ്രത്യേകം സൂക്ഷിക്കണമായിരുന്നുവത്രേ.

4) വാസ്ത : സ്വാധീനം എന്ന അര്‍ഥം വരുന്ന കുവൈറ്റിലെ  പ്രാദേശിക അറബി  വാക്ക് . ഒട്ടു മിക്ക വിദേശികളും ഈ വാക്ക് നന്നായി ഉപയോഗിച്ച് വരുന്നു .       



 

Saturday, July 6, 2013

‘അമേച്വര്‍’ കോമരം


    
കുട്ടിക്കാലത്ത്‌ എപ്രില്‍ മെയ്‌ മാസങ്ങളെന്നാല്‍  വേനലവധിയുടെയുംവിഷുവിന്‍റെയും അര്‍മാദിപ്പ്കാലം  മാത്രമല്ല, കുടുംബക്കാര്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്ന തോറ്റംപാട്ടിന്‍റെ ദിനങ്ങള്‍കൂടി  ആയിരുന്നു  . പഞ്ചവര്‍ണ്ണപ്പൊടി കള് കൊണ്ടുള്ള മനോഹരമായ കളമെഴുത്തും  കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും വാദ്യഘോഷങ്ങളും തുള്ളലും ഒക്കെയായി രണ്ടു ദിനരാത്രങ്ങളെ കൌതുകമയമാക്കിവന്നിരുന്നു. കാരണവന്മാരായി ആരാധിച്ചു വരുന്ന  മൂര്‍ത്തികല്‍ക്കെല്ലാം ആണ്ടുക്കോള്' നല്‍കി സന്തോഷിപ്പിക്കുന്നതായാണ് തോറ്റംപാട്ടിന്റെ സങ്കല്പം.

പഞ്ചായത്ത് പ്രസിഡണ്ടും വലതു കമ്മ്യുണിസ്റ്റും കൂടിയായിരുന്ന   സുബ്രമണ്യൻ   വെല്ലിച്ചന്‍ ആയിരുന്നു ‘അമേച്വര്‍’ കോമരങ്ങളില്‍ പ്രധാനി . തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നതോ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നതോ എന്തിന് കാലില്‍ ഉണ്ടായിരുന്ന ‘ആണി’യുടെ അസുഖം പോലുമോ ഒന്നും  കാര്യമാക്കാതെ  ഈ അനുഷ്ഠാനം പ്രായമാവുന്നത് വരെയും തുടര്‍ന്നു വന്നു . തങ്ങളുടെ വീട്ടമ്പലത്തിലെ  തോറ്റംപാട്ട് ഉത്സവത്തിന്‌ ഇങ്ങനെയൊരു 'പ്രമുഖനായ' കോമരവും ഉണ്ടെന്നുള്ളത് മിക്കവാറും വീട്ടുകാര്‍ക്കും ഒരു സ്വകാര്യ അഹങ്കാരവും ആയിരുന്നു. ഇത്   പ്രകടിപ്പികുന്നവരോട് കടുത്ത ഇടതു കമ്മ്യൂണിസ്റ്റ്‌ ആയ  ശ്രീധരൻ  പാപ്പന്‍ മാത്രം പലപ്പോഴും  തർക്കശാസ്ത്രപ്രകാരമുള്ള ചില ചില വിതർക്കങ്ങൾ   നടത്തിവന്നു - ഒരു  ‘റെബല്‍’ പരിവേഷത്തില്‍ . 

മറ്റൊരു കോമരം നാരണാപ്പനായിരുന്നു . ഒരാണ്ട് മുഴുവനും മറ്റു വീട്ടുകാരുമായി ഒരു ഇടപഴക്കവും ഇല്ലായെങ്കിലും തോട്ടംപാട്ട് ദിവസങ്ങളില്‍ എല്ലാത്തിനും മുന്പില്‍ തന്നെ ഉണ്ടാവും പുള്ളിക്കാരന്‍ .

അങ്ങിനെ കാലം കഴിയവേ  പഴയ കോമരങ്ങളുടെ  പ്രായം ഒരു തടസ്സമായി തുടങ്ങി  ഒപ്പം പുതിയ കോമരങ്ങള്‍ക്ക് കടുത്ത  ക്ഷാമവും. വീടുകാരെല്ലാവരും പുതു തലമുറയിലെ ചെക്കന്‍മാരെ  പ്രതീക്ഷയോടെ നോക്കി . ചില കണ്ണുകള്‍ എന്നിലും എത്തുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. " ഓരോ വീടുകളില്‍  നിന്നും ഓരോ വര്‍ഷത്തിലും പുതിയ കോമരങ്ങള്‍ ഉണ്ടാവാൻ  പൊന്നു ദൈവ കാരാണവന്മാരെ  അനുഗ്രഹിക്കണേ"  എന്ന്  ഏറ്റവും മുതിർന്ന ലക്ഷ്മി വെല്ലിമ്മ  ഉറക്കെ  പ്രാര്ഥിച്ചതിന്റെ   അടുത്ത വര്ഷം    സുബ്രമണ്യൻ   വെല്ലിച്ചന്റെ  മകന്‍പുതിയ  കോമരമാവാന്‍ സധൈര്യം രംഗത്ത് വന്നു - കന്നിതുള്ളല്‍തന്നെ വിജയകരമാക്കി. 
 
എന്തായാലും അധികം വൈകാതെ  പുതുകോമരം തൊഴില്‍ അന്വേഷിച്ചു ഗള്‍ഫിലേക്ക്‌ പറന്നു . പുതു മഴയുംഏറ്റുമീനും കഴിഞ്ഞു,ഓണവും ക്രിസ്മസ്സും  പിന്നെ വരാക്കര പൂരവും കഴിഞ്ഞു, പുഞ്ചപ്പാടത്ത് മൂന്നാം പൂവ് കൃഷിയും കൊയ്തു കഴിഞ്ഞപ്പോള്‍  അടുത്ത മെയ്‌മാസം  അങ്ങ് ഓടിയെത്തി . ഒപ്പം അടുത്ത തോറ്റംപാട്ടും  എത്തിപ്പോയി . 


പാട്ട് ദിവസം സന്ധ്യക്ക് ഒന്നാമത്തേതായ ദൈവത്തിന്‍റെ കളം വരച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നാരണാപ്പന്‍ എന്നെ പിടികൂടി കൊണ്ട്  ഗൗരവത്തോടെ പറഞ്ഞു “ ഇന്ന്  കളം പൂജിക്കേണ്ടത് നീയാണ്, വേഗം കുളിച്ചു തയ്യാറായി  വാ ”. നാരണാപ്പന്‍റെ  ഇങ്കിതം എനിക്ക് നല്ലപോലെ   വ്യക്തമായിരുന്നു. കാള വാല് പൊക്കുമ്പോഴേക്കും  നമ്മള്‍ക്ക് അറിഞ്ഞുകൂടെ ഇങ്കിതം ! ഇങ്ങിനെ പൂജ ചെയ്യാന്‍ മാത്രം എന്ന് പറഞ്ഞു വിളിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഒരുത്തനെ ‘തുള്ളിച്ചു’ വിട്ടത്‌. സംഗതികള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടുകാരുടെ എല്ലാവരുടെയും മുമ്പില്‍ വച്ച് പ്രായമായവര്‍ പറയുന്നത് എങ്ങനെ തള്ളും? പരിപാടി  ‘അമേച്വര്‍’ ആണെങ്കിലും  ഒരു കോമരമായി തുള്ളാന്‍ എനിക്ക് താല്പ്പര്യം ഒട്ടില്ലതാനും. ചുരുക്കത്തില്‍ കച്ചീട്ട് ഇറക്കാനും വയ്യ മധുരിച്ചീട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ .
അവസാനം ഒരു തീരുമാനത്തിലെത്തി - എന്തായാലും പൂജ ഏറ്റെടുക്കുക തന്നെ. ബാക്കിഎല്ലാം വരുന്നിടത്ത് വച്ച് കാണാം .

കലാകാരന്മാര്‍ അതിമാനോഹരമായി കളമെഴുതി . കുളിച്ചുവന്ന ഞാന്‍ കളം അവരില്‍നിന്നും ‘കൈകൊണ്ട്’ നാല് ഭാഗത്തും നിലവിളക്ക് തെളീച്ചു. മുതിര്‍ന്ന  ചില കുടുംബാംഗങ്ങള്‍ ചേര്‍ന്ന്  കലാകാരന്മാര്‍ക്ക്  ‘മരനീര്’ നല്‍കി. അത് ‘കൈകൊണ്ട്’ അവരും സന്തോഷിച്ചു.

പിന്നെ അവര്‍ ‘ഉരുട്ടുചെണ്ട’ യുടെ പശ്ചാത്തലത്തില്‍  ദൈവതോറ്റങ്ങള്‍ കൊട്ടിപാടി . നാരണാപ്പന്‍റെ  മേല്‍നോട്ടത്തില്‍ പൂജകള്‍ ഒന്നൊന്നായി ഞാന്‍ ചെയ്തു – ജലം,പുഷ്പം,വിളക്ക് ഇവ ഓരോന്നായി കളത്തിന്‍റെ നാലു വശത്തു നിന്നും മുമ്പോട്ടും പുറകോട്ടും അര്‍പ്പിച്ചു ഓരോന്നിനും മൂന്ന് വീതം വട്ടം ചുറ്റി . ഇനി  ദൂപം ബാക്കിയുണ്ട്. ചെണ്ടയുടെ മേളപെരുക്കം ഏറിവരുന്നു . അതുവരെ പുറത്തു നിന്ന് പറഞ്ഞു തന്നിരുന്ന പാപ്പന്‍ ഇപ്പോള്‍ എന്റെ പുറകില്‍തന്നെ കൂടിയിരിക്കുന്നു . തന്നെയുമല്ല വേഗം വേഗം ചെയ്തു മുന്നേറാന്‍ ഒരു പാപ്പന്റെ ശരീര ഭാഷ നിര്‍ബ്ബന്ധിക്കുന്ന മാതിരി. ഞാന്‍ വേഗം കൂട്ടി ചൈയ്യുന്നുവെങ്കിലും അനുനിമിഷം അതിലും വേഗതക്ക് പാപ്പന്‍ നിര്‍ബന്ധിക്കുന്നു. മുന്നാം റൗണ്ട് എത്തിയപ്പോഴേക്കും എന്റെത് ഒരു ഓട്ടമായി മാറിയിരുന്നു - പുറകില്‍ മ്മളെ   ‘ ഓടിക്കാനായി’ പാപ്പനും. റൗണ്ട്കള്‍ വീണ്ടും ഒന്ന് രണ്ടു കഴിഞ്ഞെങ്കിലും അവിടെ നിന്ന് പിന്നെ പുരോഗതി ഒന്നും ആവുന്നില്ലതാനും. പിന്നില്‍ നിന്നും അതി ശക്തമായ ഒരലറിച്ച  കേട്ട ഞാന്‍  ഓട്ടത്തിനിടെ തിരിഞ്ഞു നോക്കി. എന്നെ തുള്ളിക്കാന്‍ ആവതു പരിശ്രമിച്ച പാപ്പന്‍ സ്വയം ഉറഞ്ഞു തുള്ളാന്‍ തുടങ്ങിയിരിക്കുന്നു! കളത്തിനു ചുറ്റും  എന്‍റെ ‘ഓടിക്കളി’ തുടര്‍ന്നപ്പോള്‍ “എന്നാലിനി  താന്‍ തന്നെ തുള്ളാം” എന്ന് പാപ്പന്‍ കരുതിയിരിക്കാം.  എന്തായാലും  നാരണാപ്പന്‍സ്വയം  തുള്ളാന് തുടങ്ങിയിരിക്കുന്നു. ഞാന്‍ ഓട്ടത്തിന്റെ വേഗത ഒട്ടും കുറക്കാതെതന്നെ  പൂജാ  സാമഗ്രികള്‍ വച്ചിരിക്കുന്ന ഭാഗത്തേക്ക്  കുതിച്ചു. അരമണി എടുത്ത് തുള്ളിനില്‍ക്കുന്ന പാപ്പന്‍റെ അരയില്‍ കെട്ടിക്കൊടുക്കാനായി  പരമാവധി സഹായം ചെയ്തു.

അങ്ങിനെയൊക്കെയാണ്  ഞാനൊരു ‘അമേച്വര്‍’ കോമരം ആവാതെപ്പോയത്‌ എന്ന് പറയുകയായിരുന്നു .

പദസൂചിക:

തോറ്റംപാട്ട് മദ്ധ്യകേരളത്തില്‍ പ്രത്യേകിച്ച് തൃശൂര്‍ - പാലക്കാട്‌ ജില്ലകളിലെ  ഒരു അനുഷ്ഠാനകല.

മരനീര് – ശുദ്ധമായ ചെത്തുകള്ള്.

ഉരുട്ടുചെണ്ട – ഒരു തരം ചെറിയ ചെണ്ട  – സാധാരണ ചെണ്ടയില്‍ കൊട്ടിയാണ് ശബ്ദം ഉണ്ടാക്കുന്നത് . എന്നാല്‍ ഈ ചെണ്ടയില്‍ അറ്റം അര്‍ദ്ധ വൃത്താകൃതിയില്‍ വളഞ്ഞ ഒരു കോല്ക്കൊണ്ട് വരഞ്ഞു കൊണ്ടാണ് ശബ്ദം ഉണ്ടാക്കുന്നത്.

കൈകൊള്ളുക – സ്വീകരിക്കുക 

Sunday, February 10, 2013

പുഴുക്കലക്ക്



കുഞ്ഞുമാണിക്ക്യക്കാര്‍ന്നോര്‍  കൈക്കോട്ടുമായി പാടത്തേക്കു പോവാന്‍ ഇറങ്ങി. മൂന്ന് നാല് ഏറ് മൂരികളും പൂട്ടുകാരും  അഞ്ചാറു പെണ്ണുങ്ങളും അടക്കം പത്തു പന്ത്രണ്ടു പേരാണ് പാടത്തേക്ക് പണിക്കു പോയിരിക്കുന്നത്. പിന്നെ എങ്ങിനെ കാര്‍ന്നോര്‍ക്ക് വീട്ടില്‍ ഇരിപ്പുറക്കും? വയസ്സ് എണ്‍പത്കളില്‍ എത്തി നില്ല്ക്കുന്നതൊന്നും പിന്നെ ഒരു പ്രശനമല്ല. ഈ വയസ്സിലും ‘അദ്ധ്വാനമേ സംതൃപ്തി’ – ഇതാണ് കാരണവരുടെ ‘പോളിസി’.  അതിനും എത്രയോ കാലം കഴിഞ്ഞാണ് സിസേര്സ് സിഗരറ്റ് കമ്പനി പരസ്യത്തിനായി ആ വാചകം ഉപയോഗിച്ച് തുടങ്ങിയത് !!


ഇറങ്ങുന്നതിനു മുമ്പേ കൌസല്ല്യശ്രീമതിയോട് പണിക്കാരുടെ എണ്ണം മാത്രമല്ല കാര്‍ന്നോര്‍ പറഞ്ഞത് . കാലത്തെ കഞ്ഞിക്കും ഉച്ചക്കുള്ള ഊണിനും കൂടെ അടുപ്പത്ത് ഇടേണ്ട അരിയുടെ കണക്കും കൂടി പറഞ്ഞു ! ഉരി അരി കുറഞ്ഞാലും വിരോധമില്ല ഒട്ടും കൂടുതല്‍ എടുക്കുവാന്‍ ഒരുകാരണവശാലും  പാടില്ല എന്ന് മൂപ്പിലാന് നിര്‍ബന്ധമാണ്‌. സാധാരണ ‘മെനു’ അല്ലാതെ പ്രത്യകമായി എന്തെങ്കിലും ഉണ്ടാക്കാനായി കൊല്ലത്തില്‍ മൂന്ന് ദിവസമാണ്  കാരണവരുടെ അനുമതി ഉള്ളത് – തിരുവോണം, വിഷു പിന്നെ വരാക്കരക്കാവിലെ  പൂരത്തിനും. ഇതല്ലാതെ ലഘുമായി പൊരുത്തലടയോ മറ്റോ  ഉണ്ടാക്കാന്‍ അനുമതിയുള്ളത് അടുത്ത ബന്ധുജനാധികൾ   വിരുന്നുവന്നാല്‍ മാത്രമാണ്.


‘മാവും പിലാവും പുളിയും തെങ്ങും മിളം കവുങ്ങും’ ഒക്കെ യുള്ള വലിയ പറമ്പൊക്കെ ചാരുപറമ്പത്ത് വീട്ടില്‍ കുഞ്ഞുമാണിക്ക്യക്കാര്‍ന്നോര്‍ക്ക് സ്വന്തമായ്  ഉണ്ടെങ്കിലും പത്തമ്പത് പറക്ക്   നിലം പണിയുന്നത് മുഴുവന്‍ ‘താഴത്ത്’ വീട്ടുകാരുടെ കാര്യസ്ഥത്തിൽ പന്തലൂര്‍ മനക്കാരുടെ വക പാട്ടനിലത്തിലാണ് . വിളവ് നന്നായാലും മോശമായാലും പാട്ടം  നന്നായി തന്നെ അളന്നു കൊടുക്കണം. പാട്ടനെല്ല് അളന്നുകൊടുത്താല്‍ പിന്നെ ബാക്കിയാവുന്നത് കൊണ്ട് വീട്ടുകാരുടെയും പണിക്കാരുടെയും ചിലവ് കഷ്ടിച്ച് കഴിഞ്ഞുപോകും അത്രതന്നെ  . അടുത്തപൂ കൃഷി വിളവെടുക്കാന്‍ കുറച്ചു വൈകുകയോ മറ്റോ ചെയ്താല്‍ അരിക്ക് പകരം മറ്റുവഴികള്‍ അന്വേഷിക്കേണ്ടി വരും – ചാമയോ, ചെറുകിഴങ്ങോ കൊള്ളികിഴങ്ങോ ഒക്കെയായി.


അങ്ങിനെ അന്ന്  അരിയുടെ കണക്കും പറഞ്ഞ് മൂപ്പിലാന്‍ പോയി. വെയില്‍ കടുക്കും മുമ്പേ കഞ്ഞിക്കലവും  കായത്തോരനും വിളമ്പാനായി  തേച്ചുമിനുക്കിയ ഓട്ട് കിണണങ്ങളും പ്ലാവിലക്കയിലുകളും ഒക്കെയായി  കൌസല്ല്യ ശ്രീമതി പാടത്തെത്തി. കാരണവര്‍ക്കും  കൂടെ പണിയുന്ന എല്ലാവര്ക്കും വയറുനിറയെ  വിളമ്പിക്കൊടുത്ത് തൃപ്തിയായി  തിരിച്ചുപോന്നു . 

തിരിച്ച് വീട്ടിലെത്തിയതും എങ്ങനെയോ   ശ്രീമതിക്കൊരു പൂതി മനസ്സില്‍ കേറി. ഇത്തിരി പായസം  കഴിചീട്ട് എത്ര നാളായി ? സത്യം പറഞ്ഞാല്‍ കഴിഞ്ഞ തിരുവോണത്തിന് കഴിച്ചതാണ്. ഈയടുത്ത് കഴിഞ്ഞ വിഷുവിനാണെങ്കില്‍ പാച്ചോറും  ശര്‍ക്കരനീരും ആണ് ഉണ്ടാക്കിയത്. ഇത്രക്കും പണിക്കാര്‍ ഉള്ളപ്പോള്‍ കാരണവര്‍ എന്തായാലും ഉച്ചക്ക് മുമ്പേ വീട്ടിലേക്കു തിരിച്ചു വരുന്ന പ്രശ്നമേ ഇല്ല. ഇത് തന്നെ തക്കം. കുറച്ച് പായസം കാരണവര്‍ അറിയാതെ ഉണ്ടാക്കുക തന്നെ 🤪 പേരക്കുട്ടികള്‍ക്കും ഇമ്മിണി വല്യ സന്തോഷമാവും.


നാഴി അരി ഉടനെ കഴുകി അടുപ്പത്തിട്ടു  കൌസല്ല്യ . തിളച്ചു വരാന്‍ തുടങ്ങിയതും  അഞ്ചാറു വെല്ലം ശര്‍ക്കര ചേര്‍ത്തു. കുറച്ചു നാളികേരം ചിരകാന്‍ ഇരുന്നതും പടിക്കല്‍ നിന്നും മൂപ്പിലാന്റെ വിളി ഉറക്കെ !
പണിക്കിടയില്‍ പതിവില്ലാതെ ചെറിയ വയ്യായ്ക തോന്നിയത്രെ. ഉമ്മറത്തെ ചവിട്ടു  പടിയില്‍ തന്നെ കാരണവര്‍ ഇരുന്നു. കൌസല്ല്യ കൊടുത്ത സംഭാരം കുടിച്ചു കുറച്ചുനേരം വിശ്രമിച്ചതും കാരണവര്‍ വീണ്ടും  ഉഷാറായി.
കൌസല്ല്യ അടുക്കളയിലേക്കു പോയി . ഉച്ചക്ക് പണിക്കാര്‍ക്ക്  ഊണ്
കൊടുക്കാനുളളതാണ് – സാമ്പാറ്  ഉണ്ടാക്കാനുള്ള കുമ്പളങ്ങ നുറുക്കിക്കൊണ്ടിരിക്കുന്നതെ ഉള്ളൂ.


ഇരുന്നു വിശ്രമിച്ചത് ഉമ്മറത്തിരുന്നാണെങ്കിലും ഗ്രാണശക്തിയില്‍ അഗ്രഗണ്യനായിരുന്ന കാരണവര്‍ തൻ്റെ  ‘മെനു’ വില്‍ പെടാത്ത എന്തോ ഒന്ന്  അടുക്കളയില്‍ അടുപ്പത്ത് ഉണ്ട് എന്ന് മനസ്സിലാക്കി.


അടുക്കള പരിസരത്ത്  ചെന്നുകൊണ്ട് കാരണവര്‍ ചോദിച്ചു
“സാമ്പാര്‍ കഷണം നുറുക്കിക്കഴിഞീട്ടില്ല. അപ്പൊപിന്നെ എന്താണ് അടുപ്പത്ത് ? ”


ചോദ്യത്തിൻ്റെ  അപകടം മനസ്സിലാക്കിയ കൌസല്ല്യ എങ്ങിനെയെങ്കിലും രക്ഷപെടാനുള്ള അവസാനത്തെ കൌശലം കാണിച്ചു കൊണ്ട് പറഞ്ഞു
“അത് മുഷിഞ്ഞു നിറം പോയ മുണ്ടും റൌക്കയും കാരമിട്ടു പുഴുങ്ങി അല ക്കാന്‍ അടുപ്പത്ത് വെച്ചിരിക്കുകയാണ്”


ഇത് കേട്ടതും മൂപ്പിലാന്റെ സര്‍വനിയന്ത്രണവും പോയി. താന്‍ ഇല്ലാത്ത നേരം നോക്കി ‘മെനു’ വില്‍ ഇല്ലാത്ത എന്തോ ഉണ്ടാക്കി കഴിക്കാന്‍   ശ്രമിച്ചതു കൂടാതെ, തന്നെ  നുണ പറഞ്ഞു പറ്റിക്കാന്‍കൂടി ശ്രമിക്കുന്നു.  കാരണവരിലെ പുലി  എങ്ങിനെ സഹിക്കും ഇത് ?


പാത്യംപുറത്തിനടുത്തേക്ക് നടന്നടുത്ത കാരണവര്‍,  തൻ്റെ വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് എന്തോ ഒന്ന് ഊരിയെടുക്കലും   അടുപ്പത്ത്  തിളയ്ക്കുന്ന പാത്രത്തിന്റെ മൂടി മാറ്റി അതിലേക്കു ഇടലും  ഞൊടിയിടയില്‍ കഴിഞ്ഞു . “എടിയേ , നിൻ്റെ  കൂറത്തുണികള്‍ പുഴുങ്ങി അലക്കാന്‍ വച്ചിരിക്കുക അല്ലെ,  എന്നാല്‍ പിന്നെ  എൻ്റെതും  കൂടെ അതില്‍ കിടന്നോട്ടെ. അതും മുഷിഞ്ഞു വല്ലാതെ  മെനകെട്ടിരിക്കുന്നു”

ശേഷം ചിന്ത്യം.

പാവം  കൌസല്ല്യ. പായസ മോഹം തകര്‍ന്നതോ പോകട്ടെ, പായസത്തില്‍ വീണ് ഒരു പരുവത്തിലായ കാരണവരുടെ കൌപീനം  കഴുകി വൃത്തിയാക്കൽ എന്ന പണി കൂടി കിട്ടി     !!

സമര്‍പ്പണം:

ലുബ്ധം പിടിച്ചു ജീവിച്ചു പരമാവധി മിച്ചം ഉണ്ടാക്കി അത് ഭൂസ്വത്തായി സംബാദിച്ച പഴയ തലമുറയിലെ കാരണവന്മാര്‍ക്കും അവരുടെ കൂടെ എന്നും എല്ലാവര്ക്കും വച്ച് വിളമ്പി, അവസാനം ഭാക്കിയാവുന്ന കഞ്ഞിവെള്ളം മാത്രം കുടിച്ചു കഴിഞ്ഞിരുന്ന സഹധര്‍മമിണിമാര്‍ക്കും.
പദ വിവരം :
1) പുഴുക്കലക്ക് – കാരം ( A KIND OF STRONG DETERGENT POWDER ) ഇട്ട് തുണി അടുപ്പത്ത് വച്ച് തിളപ്പിച്ച്‌ കഴുകി എടുക്കുന്നത്.    

2) ഏറ് = ജോഡി

3) പൊരുത്തലട = അരിപ്പൊടിയും ചതച്ച ഉള്ളിയും ചേര്‍ത്ത് അല്‍പ്പം കട്ടിയില്‍ ഇലയില്‍ പരത്തി ചുട്ടെടുക്കുന്ന അട.

4) പാച്ചോര്‍ : പച്ചരി വെന്തുവരുമ്പോള്‍ നാളികേരപ്പാല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന വിഷു വിഭവം.

5) റൌക്ക = പഴയക്കാലത്തെ, കെട്ടോട് കൂടിയബ്ലൌസ്.
        

കുറിപ്പ്:
ജന്മികുടിയാന്‍ കാലഘട്ടത്തിന്റെ അവസാന സമയത്ത്, നാട്ടിലെ  ഒരു കാരണവര്‍ ചെയ്ത ഈ ക്രൂരക്രിത്യം ഒരു വാമൊഴി കഥയായി
കുഞ്ഞുനാളുകളില്‍ അച്ഛന്‍ പറഞ്ഞു തന്നതാണ്. തലമുറകള്‍ മുമ്പ് നടന്ന കാര്യമാണെങ്കിലുംകാര്‍ന്നോരുടെ പുതുതലമുരക്കാര്‍ക്ക് മാനഹാനിക്ക് ഇപ്പോഴും SCOPE ഉള്ളതിനാല്‍ യഥാര്‍ത്ഥ വീട്ടുപേരിനു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടിരിക്കുന്നത്.