Sunday, November 4, 2012

ഊത്ത്



അമ്മാമ അങ്ങിനെയാണ് – ആര്‍ക്കെങ്കിലും ഒന്ന് വയ്യ എന്ന് കേട്ടാല്‍ മതി, പിന്നെ ആ ഒറ്റമൂലി പ്രോയോഗിക്കാതെ ഒരു സ്വസ്ഥതയും ഉണ്ടാവില്ല. പ്രായമേറിയപ്പോള്‍ കണ്ണിനു വന്ന കാഴ്ച്ചക്കുറവോ മറ്റോ ഒന്നും തന്നെ ഈ  ശീലത്തിനു ഒരു മാറ്റവും വരുത്തിയില്ല.

ഗുണഗണങ്ങള്‍ എന്തുതന്നെ ആയിരുന്നാലും ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഈ 'ഒറ്റമൂലി' പ്രോയോഗം വളരെ രസകരമായ നിമിഷങ്ങളായിരുന്നു സമ്മാനിച്ചുവന്നത്. മാനദഢങ്ങള്‍ക്ക് ചിറക്‌ മുളക്കാതിരുന്ന അക്കാലത്ത്‌ അടുപ്പിലെ ജ്വലിച്ചു തിളങ്ങി  നില്‍ക്കുന്ന തീകനലിനു മീതെ നടക്കുന്ന  വെടികെട്ട് കാണാന്‍ അത് വഴിയൊരുക്കി വന്നു  എന്നതു തന്നെ അതിനു കാരണം.

ഒരു തൊടുകറി വക്കാനാവശ്യമായ അത്രക്ക് കല്ലുപ്പ്,വറ്റല്‍മുളക്,കടുക്‌ തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ ആയിരുന്നു ഈ ‘ഉഴിഞ്ഞിടല്‍' ഒറ്റമൂലി നടത്താന്‍ വേണ്ടിയിരുന്നത് . വായ്യായ്കയെ ഉഴിഞ്ഞ് എടുത്ത് അടുപ്പില്‍ ഇട്ടു പൊട്ടിച്ചും കത്തിച്ചും കളയുന്നു എന്നോ മറ്റോ ആണത്രേ  'മിത്ത്' !



മൂടികെട്ടി നിന്ന ഒരു  ദിവസമായിരുന്നു അന്ന്. പറബിലെ പണികള്‍ നടക്കുന്നിടത്ത് നിന്ന് അച്ഛന്‍ വേഗത്തില്‍ ഒരു വരവും ചാരുകസേരയില്‍ ഒരൊറ്റ കിടത്തവും ആയിരുന്നു. കടുത്ത തലവേദനയായിരുന്നു അച്ഛന്. ഇതറിഞ്ഞതും അമ്മാമ വേവലാതി തുടങ്ങി. “വയ്യായ്കയൊക്കെ ഞാന്‍ ഇപ്പൊത്തന്നെ പമ്പ കടത്തിത്തരാം – ഒന്നൂതിഎടുത്ത്  അടുപ്പില്‍ പൊട്ടിച്ചു  കളഞ്ഞാല്‍ മതി. ആ സാധനങ്ങള്‍ ഒക്കെ  ഒന്നെടുത്ത് തന്നേ മോളെ.” 

അമ്മ ഒരു പത്രകടലാസില്‍ എടുത്ത പലവ്യഞ്ജനങ്ങളുമായി എത്തി അമ്മാമയുടെ കൈയ്യില്‍ കൊടുത്തു. ‘വെടികെട്ട്’ എത്രയും പെട്ടെന്ന് കാണുവാനുള്ള ധിര്തിയില്‍ കാവിനടുത്തു നിന്നും കുറച്ചു കൂവളത്തിന്റെ ഇല ഞാന്‍ മുമ്പേ  പൊട്ടിച്ചു കൊണ്ടുകൊടുത്തിരുന്നു.

പിന്നെ ഒട്ടും വൈകിയില്ല അച്ഛന്‍ കിടക്കുന്ന ചാരുകസേരക്കരികില്‍ കിഴക്കോട്ട് തിരിഞ്ഞ്‌ നിന്ന് പ്രാര്ത്ഥന ചൊല്ലികൊണ്ട്അമ്മാമ അച്ഛന്‍റെ കാലു മുതല്‍ ശിരസുവരെ ഉഴിയാന്‍ തുടങ്ങി. ഇടക്കികിടക്കുള്ള  ‘ദൈവമേ’ എന്നുള്ള വിളി മാത്രം പുറത്തേക്കു കേട്ടു. മൂന്നാം വട്ടവും ഉഴിഞ്ഞ് ശിരസുവരെ എത്തിയപ്പോള്‍ ഒരു നിമിഷം അവിടെ നിര്‍ത്തി. ഒരു പ്രത്യേക രീതിയില്‍ വായു പുറത്തേക്ക് ഊതികൊണ്ട് നടത്തുന്ന  ‘ഫൈനല്‍ ടച്ച്‌’ കൂടി ഉണ്ട് ഇനി ബാക്കി.

അടുക്കളയിലെ അടുപ്പിലെ ‘കനല്‍ക്കട്ടകള്‍ ഒക്കെ തയ്യാറല്ലെ’ എന്ന കാര്യം അന്വഷിച്ച് ഞാന്‍ അടുക്കളയിലേക്ക് ഒന്ന് വണ്ടി തിരിച്ചതും കേട്ടു ഉമ്മറത്ത്‌ നിന്നും അച്ഛന്‍റെ കഠോരമായ നിലവിളി. എല്ലാവരും ഓടി ചെന്നപ്പോള്‍ അച്ഛന്‍ കണ്ണ് പൊത്തിപിടിച്ചുകൊണ്ടു ഞെളിപിരി കൊണ്ട് തുള്ളുന്നു !  കണ്ണ് ശരിക്ക് കാണാത്ത പാവം അമ്മാമ അച്ഛന്‍റെ ബഹളം കേട്ട് അന്ധാളിച്ചു താഴെ ഇരിക്കുന്നു - കാര്യം ഒന്നും  പിടി കിട്ടാതെ.

മണിക്കൂറുകള്‍ തുടര്‍ച്ചയായി വെള്ളവും ഒപ്പം ഏതൊക്കെയോ  കുട്ടികള്‍ക്ക്  അര്‍ഹതപെട്ട അമ്മിഞ്ഞ പാലും ഒക്കെ മാറിമാറി  ധാര നടത്തിയാണ് കണ്ണില്‍ ഏറ്റ എരിച്ചിലിനു തെല്ലെങ്കിലും കുറവ് വന്നത്. എന്തായാലും കണ്ണിലെ നീറ്റം മാറിയതോടെ അച്ഛന്‍റെ തലവേദനയുംമറ്റും  പമ്പ കടന്നു.

പലവ്യഞ്ജനങ്ങള്‍ എടുക്കാന്‍ അടുക്കളയില്‍ ചെന്നപ്പോഴാണ് വറ്റല്‍ മുളക്  പാത്രം കാലിയാണെന്ന്  അമ്മ കണ്ടതും അതിനു പരിഹാരം ആലോചിച്ചതും. രണ്ടു  സ്പൂണ്‍  മുളക്പൊടിഒരു തുണ്ട് കടലാസില്‍   പൊതിഞ്ഞ്‌ വക്കുക ആയിരുന്നു അമ്മ . അപ്രതീക്ഷിതമായി ഈ മുളക്പൊടിപൊതി പതുക്കെ പതുക്കെ അഴിഞ്ഞു കാണണം. ഊതലിന്റെ  ‘ഫൈനല്‍ ടച്ച്‌അപ്പ്’ നേരത്ത് രൂപം കൊണ്ട കൊച്ചു 'ടോര്‍നാടോ' കൈയില്‍ തുറന്ന്നിരുന്ന മുളക് പൊടിയെ മുകളിലേക്ക് പൊക്കുകയും അച്ഛന്‍റെ കണ്ണുകളിലും മൂക്കിലും ഒരു  ബോംബായി പതിക്കുകയും  ആണ് ഉണ്ടായത്‌ എന്നാണ് വീട്ടു ചരിത്രത്തില്‍ എഴുതിവച്ചിരിക്കുന്നത് ! 

മുളക് ബോംബ്‌ സംഭവത്തോടെ ‘ഉഴിഞ്ഞിടല്‍' എന്ന പരിപാടി  തന്നെ വീട്ടില്‍  അന്യം നിന്നുപോയി എന്നും ചരിത്രം പറയുന്നു .

വാൽകഷ്ണം:
അറബിക്കടലിനു പടിഞ്ഞാറ് ഗൾഫിൽ  ഇരുന്ന്ഈ പഴംപുരാണം കേട്ടപ്പോള്‍ കുട്ടികള്‍ക്ക് ഒരു മോഹം-അവരുടെ പിതാശ്രീ ബാല്യത്തില്‍ ഇഷ്ടപെട്ടിരുന്ന ആ 'മിനി വെടികെട്ട്' ഒരു പ്രാവശ്യമെങ്കിലും അവര്‍ക്കൊന്നു കാണണമെന്ന്. അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള് ഊത്ത് നടത്താതെ തന്നെ അത്കാണിച്ച്‌ കൊടുക്കാമെന്നു ഞാന്‍ വാക്കുകൊടുത്തു. നാട്ടിന്‍ പുറത്തു പോലും എല്ലാവരും  ഗ്യാസ് അടുപ്പിലേക്ക് മാറിയ ഇക്കാലത്ത് വിറകു കത്തി കനലുകള്‍  ചുവന്നു തുടുത്ത് നില്‍ക്കുന്ന അടുപ്പ് എങ്ങിനെ ഇനി സംഘടിപ്പിക്കും എന്നായി എന്‍റെ ചിന്ത .  ഇതുമനസില്‍ കൊണ്ടു നടക്കവേ ഈയടുത്തൊരു നാള്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ തികച്ചും യാതൃശ്ചികമായിഅതിനുത്തരംകിട്ടിയതിന്‍റെ സന്തോഷത്തിലാണ്  മ്മളിപ്പോൾ 


അമ്മ ഇത്രയേ പറഞ്ഞുള്ളൂ "ഇന്ന് ഇവിടെ  ചെറിയ ഒരു ആശാരി പണിയുണ്ടായിരുന്നു. ഗ്യാസിന് നാള്‍ക്കുനാള്‍ വിലകൂടി ഇപ്പോ ആയിരം രൂപയും കടന്നിരിക്കുന്നു. നമ്മുടെ അടുക്കളയില്‍ ആദ്യം പൊളിച്ചു കളഞ്ഞസ്ഥാനത്ത് നല്ല രണ്ടു അടുപ്പ് കെട്ടിച്ചു. ദൈവം സഹായിച്ച് വിറകിനൊന്നും നമുക്ക് ക്ഷാമമില്ലല്ലോ."


 .വളരെ സന്തോഷത്തോടെ ഞാന്‍ ഉച്ചത്തില്‍ മറുപടി പറഞ്ഞു-ബലേ ഭേഷ്