Saturday, July 6, 2013

‘അമേച്വര്‍’ കോമരം


    
കുട്ടിക്കാലത്ത്‌ എപ്രില്‍ മെയ്‌ മാസങ്ങളെന്നാല്‍  വേനലവധിയുടെയുംവിഷുവിന്‍റെയും അര്‍മാദിപ്പ്കാലം  മാത്രമല്ല, കുടുംബക്കാര്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്ന തോറ്റംപാട്ടിന്‍റെ ദിനങ്ങള്‍കൂടി  ആയിരുന്നു  . പഞ്ചവര്‍ണ്ണപ്പൊടി കള് കൊണ്ടുള്ള മനോഹരമായ കളമെഴുത്തും  കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും വാദ്യഘോഷങ്ങളും തുള്ളലും ഒക്കെയായി രണ്ടു ദിനരാത്രങ്ങളെ കൌതുകമയമാക്കിവന്നിരുന്നു. കാരണവന്മാരായി ആരാധിച്ചു വരുന്ന  മൂര്‍ത്തികല്‍ക്കെല്ലാം ആണ്ടുക്കോള്' നല്‍കി സന്തോഷിപ്പിക്കുന്നതായാണ് തോറ്റംപാട്ടിന്റെ സങ്കല്പം.

പഞ്ചായത്ത് പ്രസിഡണ്ടും വലതു കമ്മ്യുണിസ്റ്റും കൂടിയായിരുന്ന   സുബ്രമണ്യൻ   വെല്ലിച്ചന്‍ ആയിരുന്നു ‘അമേച്വര്‍’ കോമരങ്ങളില്‍ പ്രധാനി . തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നതോ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നതോ എന്തിന് കാലില്‍ ഉണ്ടായിരുന്ന ‘ആണി’യുടെ അസുഖം പോലുമോ ഒന്നും  കാര്യമാക്കാതെ  ഈ അനുഷ്ഠാനം പ്രായമാവുന്നത് വരെയും തുടര്‍ന്നു വന്നു . തങ്ങളുടെ വീട്ടമ്പലത്തിലെ  തോറ്റംപാട്ട് ഉത്സവത്തിന്‌ ഇങ്ങനെയൊരു 'പ്രമുഖനായ' കോമരവും ഉണ്ടെന്നുള്ളത് മിക്കവാറും വീട്ടുകാര്‍ക്കും ഒരു സ്വകാര്യ അഹങ്കാരവും ആയിരുന്നു. ഇത്   പ്രകടിപ്പികുന്നവരോട് കടുത്ത ഇടതു കമ്മ്യൂണിസ്റ്റ്‌ ആയ  ശ്രീധരൻ  പാപ്പന്‍ മാത്രം പലപ്പോഴും  തർക്കശാസ്ത്രപ്രകാരമുള്ള ചില ചില വിതർക്കങ്ങൾ   നടത്തിവന്നു - ഒരു  ‘റെബല്‍’ പരിവേഷത്തില്‍ . 

മറ്റൊരു കോമരം നാരണാപ്പനായിരുന്നു . ഒരാണ്ട് മുഴുവനും മറ്റു വീട്ടുകാരുമായി ഒരു ഇടപഴക്കവും ഇല്ലായെങ്കിലും തോട്ടംപാട്ട് ദിവസങ്ങളില്‍ എല്ലാത്തിനും മുന്പില്‍ തന്നെ ഉണ്ടാവും പുള്ളിക്കാരന്‍ .

അങ്ങിനെ കാലം കഴിയവേ  പഴയ കോമരങ്ങളുടെ  പ്രായം ഒരു തടസ്സമായി തുടങ്ങി  ഒപ്പം പുതിയ കോമരങ്ങള്‍ക്ക് കടുത്ത  ക്ഷാമവും. വീടുകാരെല്ലാവരും പുതു തലമുറയിലെ ചെക്കന്‍മാരെ  പ്രതീക്ഷയോടെ നോക്കി . ചില കണ്ണുകള്‍ എന്നിലും എത്തുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. " ഓരോ വീടുകളില്‍  നിന്നും ഓരോ വര്‍ഷത്തിലും പുതിയ കോമരങ്ങള്‍ ഉണ്ടാവാൻ  പൊന്നു ദൈവ കാരാണവന്മാരെ  അനുഗ്രഹിക്കണേ"  എന്ന്  ഏറ്റവും മുതിർന്ന ലക്ഷ്മി വെല്ലിമ്മ  ഉറക്കെ  പ്രാര്ഥിച്ചതിന്റെ   അടുത്ത വര്ഷം    സുബ്രമണ്യൻ   വെല്ലിച്ചന്റെ  മകന്‍പുതിയ  കോമരമാവാന്‍ സധൈര്യം രംഗത്ത് വന്നു - കന്നിതുള്ളല്‍തന്നെ വിജയകരമാക്കി. 
 
എന്തായാലും അധികം വൈകാതെ  പുതുകോമരം തൊഴില്‍ അന്വേഷിച്ചു ഗള്‍ഫിലേക്ക്‌ പറന്നു . പുതു മഴയുംഏറ്റുമീനും കഴിഞ്ഞു,ഓണവും ക്രിസ്മസ്സും  പിന്നെ വരാക്കര പൂരവും കഴിഞ്ഞു, പുഞ്ചപ്പാടത്ത് മൂന്നാം പൂവ് കൃഷിയും കൊയ്തു കഴിഞ്ഞപ്പോള്‍  അടുത്ത മെയ്‌മാസം  അങ്ങ് ഓടിയെത്തി . ഒപ്പം അടുത്ത തോറ്റംപാട്ടും  എത്തിപ്പോയി . 


പാട്ട് ദിവസം സന്ധ്യക്ക് ഒന്നാമത്തേതായ ദൈവത്തിന്‍റെ കളം വരച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നാരണാപ്പന്‍ എന്നെ പിടികൂടി കൊണ്ട്  ഗൗരവത്തോടെ പറഞ്ഞു “ ഇന്ന്  കളം പൂജിക്കേണ്ടത് നീയാണ്, വേഗം കുളിച്ചു തയ്യാറായി  വാ ”. നാരണാപ്പന്‍റെ  ഇങ്കിതം എനിക്ക് നല്ലപോലെ   വ്യക്തമായിരുന്നു. കാള വാല് പൊക്കുമ്പോഴേക്കും  നമ്മള്‍ക്ക് അറിഞ്ഞുകൂടെ ഇങ്കിതം ! ഇങ്ങിനെ പൂജ ചെയ്യാന്‍ മാത്രം എന്ന് പറഞ്ഞു വിളിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഒരുത്തനെ ‘തുള്ളിച്ചു’ വിട്ടത്‌. സംഗതികള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടുകാരുടെ എല്ലാവരുടെയും മുമ്പില്‍ വച്ച് പ്രായമായവര്‍ പറയുന്നത് എങ്ങനെ തള്ളും? പരിപാടി  ‘അമേച്വര്‍’ ആണെങ്കിലും  ഒരു കോമരമായി തുള്ളാന്‍ എനിക്ക് താല്പ്പര്യം ഒട്ടില്ലതാനും. ചുരുക്കത്തില്‍ കച്ചീട്ട് ഇറക്കാനും വയ്യ മധുരിച്ചീട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ .
അവസാനം ഒരു തീരുമാനത്തിലെത്തി - എന്തായാലും പൂജ ഏറ്റെടുക്കുക തന്നെ. ബാക്കിഎല്ലാം വരുന്നിടത്ത് വച്ച് കാണാം .

കലാകാരന്മാര്‍ അതിമാനോഹരമായി കളമെഴുതി . കുളിച്ചുവന്ന ഞാന്‍ കളം അവരില്‍നിന്നും ‘കൈകൊണ്ട്’ നാല് ഭാഗത്തും നിലവിളക്ക് തെളീച്ചു. മുതിര്‍ന്ന  ചില കുടുംബാംഗങ്ങള്‍ ചേര്‍ന്ന്  കലാകാരന്മാര്‍ക്ക്  ‘മരനീര്’ നല്‍കി. അത് ‘കൈകൊണ്ട്’ അവരും സന്തോഷിച്ചു.

പിന്നെ അവര്‍ ‘ഉരുട്ടുചെണ്ട’ യുടെ പശ്ചാത്തലത്തില്‍  ദൈവതോറ്റങ്ങള്‍ കൊട്ടിപാടി . നാരണാപ്പന്‍റെ  മേല്‍നോട്ടത്തില്‍ പൂജകള്‍ ഒന്നൊന്നായി ഞാന്‍ ചെയ്തു – ജലം,പുഷ്പം,വിളക്ക് ഇവ ഓരോന്നായി കളത്തിന്‍റെ നാലു വശത്തു നിന്നും മുമ്പോട്ടും പുറകോട്ടും അര്‍പ്പിച്ചു ഓരോന്നിനും മൂന്ന് വീതം വട്ടം ചുറ്റി . ഇനി  ദൂപം ബാക്കിയുണ്ട്. ചെണ്ടയുടെ മേളപെരുക്കം ഏറിവരുന്നു . അതുവരെ പുറത്തു നിന്ന് പറഞ്ഞു തന്നിരുന്ന പാപ്പന്‍ ഇപ്പോള്‍ എന്റെ പുറകില്‍തന്നെ കൂടിയിരിക്കുന്നു . തന്നെയുമല്ല വേഗം വേഗം ചെയ്തു മുന്നേറാന്‍ ഒരു പാപ്പന്റെ ശരീര ഭാഷ നിര്‍ബ്ബന്ധിക്കുന്ന മാതിരി. ഞാന്‍ വേഗം കൂട്ടി ചൈയ്യുന്നുവെങ്കിലും അനുനിമിഷം അതിലും വേഗതക്ക് പാപ്പന്‍ നിര്‍ബന്ധിക്കുന്നു. മുന്നാം റൗണ്ട് എത്തിയപ്പോഴേക്കും എന്റെത് ഒരു ഓട്ടമായി മാറിയിരുന്നു - പുറകില്‍ മ്മളെ   ‘ ഓടിക്കാനായി’ പാപ്പനും. റൗണ്ട്കള്‍ വീണ്ടും ഒന്ന് രണ്ടു കഴിഞ്ഞെങ്കിലും അവിടെ നിന്ന് പിന്നെ പുരോഗതി ഒന്നും ആവുന്നില്ലതാനും. പിന്നില്‍ നിന്നും അതി ശക്തമായ ഒരലറിച്ച  കേട്ട ഞാന്‍  ഓട്ടത്തിനിടെ തിരിഞ്ഞു നോക്കി. എന്നെ തുള്ളിക്കാന്‍ ആവതു പരിശ്രമിച്ച പാപ്പന്‍ സ്വയം ഉറഞ്ഞു തുള്ളാന്‍ തുടങ്ങിയിരിക്കുന്നു! കളത്തിനു ചുറ്റും  എന്‍റെ ‘ഓടിക്കളി’ തുടര്‍ന്നപ്പോള്‍ “എന്നാലിനി  താന്‍ തന്നെ തുള്ളാം” എന്ന് പാപ്പന്‍ കരുതിയിരിക്കാം.  എന്തായാലും  നാരണാപ്പന്‍സ്വയം  തുള്ളാന് തുടങ്ങിയിരിക്കുന്നു. ഞാന്‍ ഓട്ടത്തിന്റെ വേഗത ഒട്ടും കുറക്കാതെതന്നെ  പൂജാ  സാമഗ്രികള്‍ വച്ചിരിക്കുന്ന ഭാഗത്തേക്ക്  കുതിച്ചു. അരമണി എടുത്ത് തുള്ളിനില്‍ക്കുന്ന പാപ്പന്‍റെ അരയില്‍ കെട്ടിക്കൊടുക്കാനായി  പരമാവധി സഹായം ചെയ്തു.

അങ്ങിനെയൊക്കെയാണ്  ഞാനൊരു ‘അമേച്വര്‍’ കോമരം ആവാതെപ്പോയത്‌ എന്ന് പറയുകയായിരുന്നു .

പദസൂചിക:

തോറ്റംപാട്ട് മദ്ധ്യകേരളത്തില്‍ പ്രത്യേകിച്ച് തൃശൂര്‍ - പാലക്കാട്‌ ജില്ലകളിലെ  ഒരു അനുഷ്ഠാനകല.

മരനീര് – ശുദ്ധമായ ചെത്തുകള്ള്.

ഉരുട്ടുചെണ്ട – ഒരു തരം ചെറിയ ചെണ്ട  – സാധാരണ ചെണ്ടയില്‍ കൊട്ടിയാണ് ശബ്ദം ഉണ്ടാക്കുന്നത് . എന്നാല്‍ ഈ ചെണ്ടയില്‍ അറ്റം അര്‍ദ്ധ വൃത്താകൃതിയില്‍ വളഞ്ഞ ഒരു കോല്ക്കൊണ്ട് വരഞ്ഞു കൊണ്ടാണ് ശബ്ദം ഉണ്ടാക്കുന്നത്.

കൈകൊള്ളുക – സ്വീകരിക്കുക 

Sunday, February 10, 2013

പുഴുക്കലക്ക്



കുഞ്ഞുമാണിക്ക്യക്കാര്‍ന്നോര്‍  കൈക്കോട്ടുമായി പാടത്തേക്കു പോവാന്‍ ഇറങ്ങി. മൂന്ന് നാല് ഏറ് മൂരികളും പൂട്ടുകാരും  അഞ്ചാറു പെണ്ണുങ്ങളും അടക്കം പത്തു പന്ത്രണ്ടു പേരാണ് പാടത്തേക്ക് പണിക്കു പോയിരിക്കുന്നത്. പിന്നെ എങ്ങിനെ കാര്‍ന്നോര്‍ക്ക് വീട്ടില്‍ ഇരിപ്പുറക്കും? വയസ്സ് എണ്‍പത്കളില്‍ എത്തി നില്ല്ക്കുന്നതൊന്നും പിന്നെ ഒരു പ്രശനമല്ല. ഈ വയസ്സിലും ‘അദ്ധ്വാനമേ സംതൃപ്തി’ – ഇതാണ് കാരണവരുടെ ‘പോളിസി’.  അതിനും എത്രയോ കാലം കഴിഞ്ഞാണ് സിസേര്സ് സിഗരറ്റ് കമ്പനി പരസ്യത്തിനായി ആ വാചകം ഉപയോഗിച്ച് തുടങ്ങിയത് !!


ഇറങ്ങുന്നതിനു മുമ്പേ കൌസല്ല്യശ്രീമതിയോട് പണിക്കാരുടെ എണ്ണം മാത്രമല്ല കാര്‍ന്നോര്‍ പറഞ്ഞത് . കാലത്തെ കഞ്ഞിക്കും ഉച്ചക്കുള്ള ഊണിനും കൂടെ അടുപ്പത്ത് ഇടേണ്ട അരിയുടെ കണക്കും കൂടി പറഞ്ഞു ! ഉരി അരി കുറഞ്ഞാലും വിരോധമില്ല ഒട്ടും കൂടുതല്‍ എടുക്കുവാന്‍ ഒരുകാരണവശാലും  പാടില്ല എന്ന് മൂപ്പിലാന് നിര്‍ബന്ധമാണ്‌. സാധാരണ ‘മെനു’ അല്ലാതെ പ്രത്യകമായി എന്തെങ്കിലും ഉണ്ടാക്കാനായി കൊല്ലത്തില്‍ മൂന്ന് ദിവസമാണ്  കാരണവരുടെ അനുമതി ഉള്ളത് – തിരുവോണം, വിഷു പിന്നെ വരാക്കരക്കാവിലെ  പൂരത്തിനും. ഇതല്ലാതെ ലഘുമായി പൊരുത്തലടയോ മറ്റോ  ഉണ്ടാക്കാന്‍ അനുമതിയുള്ളത് അടുത്ത ബന്ധുജനാധികൾ   വിരുന്നുവന്നാല്‍ മാത്രമാണ്.


‘മാവും പിലാവും പുളിയും തെങ്ങും മിളം കവുങ്ങും’ ഒക്കെ യുള്ള വലിയ പറമ്പൊക്കെ ചാരുപറമ്പത്ത് വീട്ടില്‍ കുഞ്ഞുമാണിക്ക്യക്കാര്‍ന്നോര്‍ക്ക് സ്വന്തമായ്  ഉണ്ടെങ്കിലും പത്തമ്പത് പറക്ക്   നിലം പണിയുന്നത് മുഴുവന്‍ ‘താഴത്ത്’ വീട്ടുകാരുടെ കാര്യസ്ഥത്തിൽ പന്തലൂര്‍ മനക്കാരുടെ വക പാട്ടനിലത്തിലാണ് . വിളവ് നന്നായാലും മോശമായാലും പാട്ടം  നന്നായി തന്നെ അളന്നു കൊടുക്കണം. പാട്ടനെല്ല് അളന്നുകൊടുത്താല്‍ പിന്നെ ബാക്കിയാവുന്നത് കൊണ്ട് വീട്ടുകാരുടെയും പണിക്കാരുടെയും ചിലവ് കഷ്ടിച്ച് കഴിഞ്ഞുപോകും അത്രതന്നെ  . അടുത്തപൂ കൃഷി വിളവെടുക്കാന്‍ കുറച്ചു വൈകുകയോ മറ്റോ ചെയ്താല്‍ അരിക്ക് പകരം മറ്റുവഴികള്‍ അന്വേഷിക്കേണ്ടി വരും – ചാമയോ, ചെറുകിഴങ്ങോ കൊള്ളികിഴങ്ങോ ഒക്കെയായി.


അങ്ങിനെ അന്ന്  അരിയുടെ കണക്കും പറഞ്ഞ് മൂപ്പിലാന്‍ പോയി. വെയില്‍ കടുക്കും മുമ്പേ കഞ്ഞിക്കലവും  കായത്തോരനും വിളമ്പാനായി  തേച്ചുമിനുക്കിയ ഓട്ട് കിണണങ്ങളും പ്ലാവിലക്കയിലുകളും ഒക്കെയായി  കൌസല്ല്യ ശ്രീമതി പാടത്തെത്തി. കാരണവര്‍ക്കും  കൂടെ പണിയുന്ന എല്ലാവര്ക്കും വയറുനിറയെ  വിളമ്പിക്കൊടുത്ത് തൃപ്തിയായി  തിരിച്ചുപോന്നു . 

തിരിച്ച് വീട്ടിലെത്തിയതും എങ്ങനെയോ   ശ്രീമതിക്കൊരു പൂതി മനസ്സില്‍ കേറി. ഇത്തിരി പായസം  കഴിചീട്ട് എത്ര നാളായി ? സത്യം പറഞ്ഞാല്‍ കഴിഞ്ഞ തിരുവോണത്തിന് കഴിച്ചതാണ്. ഈയടുത്ത് കഴിഞ്ഞ വിഷുവിനാണെങ്കില്‍ പാച്ചോറും  ശര്‍ക്കരനീരും ആണ് ഉണ്ടാക്കിയത്. ഇത്രക്കും പണിക്കാര്‍ ഉള്ളപ്പോള്‍ കാരണവര്‍ എന്തായാലും ഉച്ചക്ക് മുമ്പേ വീട്ടിലേക്കു തിരിച്ചു വരുന്ന പ്രശ്നമേ ഇല്ല. ഇത് തന്നെ തക്കം. കുറച്ച് പായസം കാരണവര്‍ അറിയാതെ ഉണ്ടാക്കുക തന്നെ 🤪 പേരക്കുട്ടികള്‍ക്കും ഇമ്മിണി വല്യ സന്തോഷമാവും.


നാഴി അരി ഉടനെ കഴുകി അടുപ്പത്തിട്ടു  കൌസല്ല്യ . തിളച്ചു വരാന്‍ തുടങ്ങിയതും  അഞ്ചാറു വെല്ലം ശര്‍ക്കര ചേര്‍ത്തു. കുറച്ചു നാളികേരം ചിരകാന്‍ ഇരുന്നതും പടിക്കല്‍ നിന്നും മൂപ്പിലാന്റെ വിളി ഉറക്കെ !
പണിക്കിടയില്‍ പതിവില്ലാതെ ചെറിയ വയ്യായ്ക തോന്നിയത്രെ. ഉമ്മറത്തെ ചവിട്ടു  പടിയില്‍ തന്നെ കാരണവര്‍ ഇരുന്നു. കൌസല്ല്യ കൊടുത്ത സംഭാരം കുടിച്ചു കുറച്ചുനേരം വിശ്രമിച്ചതും കാരണവര്‍ വീണ്ടും  ഉഷാറായി.
കൌസല്ല്യ അടുക്കളയിലേക്കു പോയി . ഉച്ചക്ക് പണിക്കാര്‍ക്ക്  ഊണ്
കൊടുക്കാനുളളതാണ് – സാമ്പാറ്  ഉണ്ടാക്കാനുള്ള കുമ്പളങ്ങ നുറുക്കിക്കൊണ്ടിരിക്കുന്നതെ ഉള്ളൂ.


ഇരുന്നു വിശ്രമിച്ചത് ഉമ്മറത്തിരുന്നാണെങ്കിലും ഗ്രാണശക്തിയില്‍ അഗ്രഗണ്യനായിരുന്ന കാരണവര്‍ തൻ്റെ  ‘മെനു’ വില്‍ പെടാത്ത എന്തോ ഒന്ന്  അടുക്കളയില്‍ അടുപ്പത്ത് ഉണ്ട് എന്ന് മനസ്സിലാക്കി.


അടുക്കള പരിസരത്ത്  ചെന്നുകൊണ്ട് കാരണവര്‍ ചോദിച്ചു
“സാമ്പാര്‍ കഷണം നുറുക്കിക്കഴിഞീട്ടില്ല. അപ്പൊപിന്നെ എന്താണ് അടുപ്പത്ത് ? ”


ചോദ്യത്തിൻ്റെ  അപകടം മനസ്സിലാക്കിയ കൌസല്ല്യ എങ്ങിനെയെങ്കിലും രക്ഷപെടാനുള്ള അവസാനത്തെ കൌശലം കാണിച്ചു കൊണ്ട് പറഞ്ഞു
“അത് മുഷിഞ്ഞു നിറം പോയ മുണ്ടും റൌക്കയും കാരമിട്ടു പുഴുങ്ങി അല ക്കാന്‍ അടുപ്പത്ത് വെച്ചിരിക്കുകയാണ്”


ഇത് കേട്ടതും മൂപ്പിലാന്റെ സര്‍വനിയന്ത്രണവും പോയി. താന്‍ ഇല്ലാത്ത നേരം നോക്കി ‘മെനു’ വില്‍ ഇല്ലാത്ത എന്തോ ഉണ്ടാക്കി കഴിക്കാന്‍   ശ്രമിച്ചതു കൂടാതെ, തന്നെ  നുണ പറഞ്ഞു പറ്റിക്കാന്‍കൂടി ശ്രമിക്കുന്നു.  കാരണവരിലെ പുലി  എങ്ങിനെ സഹിക്കും ഇത് ?


പാത്യംപുറത്തിനടുത്തേക്ക് നടന്നടുത്ത കാരണവര്‍,  തൻ്റെ വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് എന്തോ ഒന്ന് ഊരിയെടുക്കലും   അടുപ്പത്ത്  തിളയ്ക്കുന്ന പാത്രത്തിന്റെ മൂടി മാറ്റി അതിലേക്കു ഇടലും  ഞൊടിയിടയില്‍ കഴിഞ്ഞു . “എടിയേ , നിൻ്റെ  കൂറത്തുണികള്‍ പുഴുങ്ങി അലക്കാന്‍ വച്ചിരിക്കുക അല്ലെ,  എന്നാല്‍ പിന്നെ  എൻ്റെതും  കൂടെ അതില്‍ കിടന്നോട്ടെ. അതും മുഷിഞ്ഞു വല്ലാതെ  മെനകെട്ടിരിക്കുന്നു”

ശേഷം ചിന്ത്യം.

പാവം  കൌസല്ല്യ. പായസ മോഹം തകര്‍ന്നതോ പോകട്ടെ, പായസത്തില്‍ വീണ് ഒരു പരുവത്തിലായ കാരണവരുടെ കൌപീനം  കഴുകി വൃത്തിയാക്കൽ എന്ന പണി കൂടി കിട്ടി     !!

സമര്‍പ്പണം:

ലുബ്ധം പിടിച്ചു ജീവിച്ചു പരമാവധി മിച്ചം ഉണ്ടാക്കി അത് ഭൂസ്വത്തായി സംബാദിച്ച പഴയ തലമുറയിലെ കാരണവന്മാര്‍ക്കും അവരുടെ കൂടെ എന്നും എല്ലാവര്ക്കും വച്ച് വിളമ്പി, അവസാനം ഭാക്കിയാവുന്ന കഞ്ഞിവെള്ളം മാത്രം കുടിച്ചു കഴിഞ്ഞിരുന്ന സഹധര്‍മമിണിമാര്‍ക്കും.
പദ വിവരം :
1) പുഴുക്കലക്ക് – കാരം ( A KIND OF STRONG DETERGENT POWDER ) ഇട്ട് തുണി അടുപ്പത്ത് വച്ച് തിളപ്പിച്ച്‌ കഴുകി എടുക്കുന്നത്.    

2) ഏറ് = ജോഡി

3) പൊരുത്തലട = അരിപ്പൊടിയും ചതച്ച ഉള്ളിയും ചേര്‍ത്ത് അല്‍പ്പം കട്ടിയില്‍ ഇലയില്‍ പരത്തി ചുട്ടെടുക്കുന്ന അട.

4) പാച്ചോര്‍ : പച്ചരി വെന്തുവരുമ്പോള്‍ നാളികേരപ്പാല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന വിഷു വിഭവം.

5) റൌക്ക = പഴയക്കാലത്തെ, കെട്ടോട് കൂടിയബ്ലൌസ്.
        

കുറിപ്പ്:
ജന്മികുടിയാന്‍ കാലഘട്ടത്തിന്റെ അവസാന സമയത്ത്, നാട്ടിലെ  ഒരു കാരണവര്‍ ചെയ്ത ഈ ക്രൂരക്രിത്യം ഒരു വാമൊഴി കഥയായി
കുഞ്ഞുനാളുകളില്‍ അച്ഛന്‍ പറഞ്ഞു തന്നതാണ്. തലമുറകള്‍ മുമ്പ് നടന്ന കാര്യമാണെങ്കിലുംകാര്‍ന്നോരുടെ പുതുതലമുരക്കാര്‍ക്ക് മാനഹാനിക്ക് ഇപ്പോഴും SCOPE ഉള്ളതിനാല്‍ യഥാര്‍ത്ഥ വീട്ടുപേരിനു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടിരിക്കുന്നത്. 

Tuesday, January 8, 2013

'വാസ്ത'

( അഞ്ചുവർഷത്തിൽ  ഒരിക്കൽ മാത്രം പൂക്കുന്ന ഒരിനം മരുപ്പൂചുന്ദരി-Click on 2015 Winter near to GS E&C Project office, Azzour, Kuwait  )

പ്രവാസി മലയാളികള്‍ അടക്കം കുവൈറ്റിലെ എല്ലാവരും സാര്‍വത്രികമായി  ഉപയോഗിക്കുന്ന ഒരു പ്രാദേശീക അറബിക് പദമാണ് വാസ്ത.  (‘സ്വാധീനം’ എന്ന് മധുര മലയാളം).   വാസ്ത പ്രാവര്‍ത്തികമായി ഉപയോഗിക്കുന്നതില്‍ മലയാളികളോളം  മുന്പില്‍ നില്‍ക്കുന്ന വേറൊരു കൂട്ടര്‍ ഇവിടെ ഉണ്ടോ എന്ന് സംശയമാണ്. ചുറ്റു വട്ടത്തെ ഗള്‍ഫ് രാജ്യങ്ങളിലൊന്നും ഉപയോഗിച്ച് കാണാത്ത  ഈ വാക്കിന് ഇവിടെ ഇത്രയ്ക്കു പ്രാധാന്യം ദൈനംദിന ജീവിതത്തില്‍ വന്നു പ്പെട്ടതിനെക്കുറിച്ച് ഗവേഷണം നടത്തിയാല്‍ നന്നായിരിക്കും. എന്റെ അനൌപചാരിക ഗവേഷണം തരുന്ന ഉത്തരം ‘വാസ്ത’ സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതില്‍  അമ്പതു ശതമാനം ഉത്തരവാദിത്വവും മലയാളി സമൂഹത്തിനു സ്വന്തമെന്നാണ് . ബാക്കി മൊത്തമുള്ള  അമ്പതു ശതമാനം മറ്റെല്ലാ വിദേശി-സ്വദേശി സമൂഹങ്ങള്‍ക്കും കൂടി ഭാഗികമായുള്ളതും .

ഹൌ ഏവര്‍, പറഞ്ഞു വരുന്നത് ഒരു വാസ്ത കഥ തന്നെ. നമ്മുടെ കഥാനായകന്‍  വടക്കേ ഇന്ത്യക്കാരന്‍ ആയ ഒരു ഷബീര്‍.-സാധാരണ ഒരു  ഉപ-കരാറുകാരന്‍- കൂടെ ജോലി ചെയ്യുന്നവരും മറ്റും സ്നേഹത്തോടെ ഷബീര്‍ഭായ് എന്ന് വിളിക്കും. ഒരു കെട്ടിടനിര്‍മാണ തൊഴിലാളിയായി വന്നതാണ് കുവൈറ്റില്‍. ജോലിയിലെ പരിചയവും കഠിനാധ്വാനശീലവും  ആല്മാർത്ഥതയും  സത്യസന്ധതയും ഒക്കെ ഒത്തു വന്നപ്പോള്‍ കമ്പനി മേലധികാരികള്‍ പെട്ടെന്ന് തന്നെ ഷബീറിനെ  ഉപകരാരുകാരനാക്കി മാറ്റി.

പിന്നെ പിന്നെ ഷബീറിന്‍റെ വളര്‍ച്ച പെട്ടെന്നായിരുന്നു. തുടക്കത്തില്‍  നാലോ  അഞ്ചോ സ്ഥിരം തൊഴിലാളികള്‍ മാത്രം ഉണ്ടായിരുന്നത് അധികം വൈകാതെ തന്നെ അമ്പതു  കവിഞ്ഞു. ചില പണികള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന്  പറഞ്ഞാല്‍ ദിവസകൂലിക്കാരെ എത്രപേരെ വേണമെങ്കിലും  കണ്ടെത്തി കൊണ്ടുവന്നു പണി സമയത്ത് തീര്‍ത്തു വന്നു. കമ്പനി ഫ്രീ ആയി കൊടുത്ത പഴയ ടൊയോട്ട ഒറ്റകാബിന്‍ ‘പിക്ക് അപ്പ്‌’ പല പണി സ്ഥലങ്ങളിലും ഓടി എത്താന്‍ വയ്യാതായപ്പോള്‍   എതു മണലിലും ഓടുന്ന ഫോര് വീല്‍ ഡ്രൈവ് ‘PAJERO ഷബീര്‍ഭായ് സ്വന്തമായി  വാങ്ങി. ഒപ്പം തന്നെ തൊഴിലാളികള്‍ക്കായി ഉപയോഗിച്ചിരുന്ന ടാര്‍പായ കെട്ടിയ 'ഹാഫ്-ലോറി' മാറ്റി പുതിയ TATA മിനി ബസ്‌ ലോണില്‍ വാങ്ങാനും  ഭായ് മറന്നില്ല.     

‘തൊഴിലാളിക്ക് വിയര്‍പ്പു വറ്റുന്നതിന്നകത്തു കൂലി’ എന്ന പ്രൌഡമായ  ഇസ്ലാമികആശയം  അക്ഷരാര്‍ത്ഥത്തില്‍ ഷബീര്‍ഭായ് നടപ്പാക്കി. എങ്ങാനും കമ്പനി 'പേമെന്റ്' കുറച്ചു വൈകുകയോ മറ്റോ ചെയ്താല്‍ കടം വാങ്ങിയാണെങ്കിലും ജോലിക്കാരുടെ ശമ്പളം മാസാവസാനം കൊടുത്തുതീര്‍ത്തിരിക്കും. മാസത്തില്‍ മൂന്നാഴ്ചയും തൊഴിലാളികളുടെ കൂടെ നിന്ന് പണിഎടുക്കുന്ന ഭായിയുടെ  നാലാമത്തെ ആഴ്ചയിലെ ശ്രദ്ധ തൊഴിലാളികളുടെ ശമ്പളം ബന്ധവസ് ആക്കുന്നതില്‍ ആയിരിക്കും.

അങ്ങനെയിരിക്കെ അനേകം  കിലോമീറ്ററുകള്‍ നീളമുള്ള  ഒരു മലിന ജല കനാൽ   പ്രൊജക്റ്റ്‌ കമ്പനിക്ക് കിട്ടി. സാധാരണ പണി മേല്‍നോട്ടത്തിനു വരുന്ന ‘കൺസൽട്ടൻറ് ’ എന്ജിനീര്‍മാരുമായും ‘ക്ലൈന്റ്’ എന്ജിനീര്‍മാരുമായും ഒക്കെ ഇടപെടുന്നത് കമ്പനി മാനേജര്‍ മാരുമായാണ്‌.  ഒരേ സമയം പല ഇടങ്ങളിൽ   പണിയൊക്കെ തുടങ്ങിയപ്പോള്‍ എല്ലാ നേരത്തും ഇതൊക്കെ പാലിക്കാന്‍ പറ്റാതായി. ഒരു സീനിയര്‍  ‘ക്ലൈന്റ് എൻജിനിയർ ’ പലപ്പോഴും ഷബീറിനോട്‌  അടുത്ത് ഇടപെടാന്‍ തുടങ്ങി. പല നിര്‍ദേശങ്ങളും ഈ എൻജിനിയർ  പറഞ്ഞിരുന്നത് ഷബീറിനോടായിരുന്നു. ഇതില്‍ നിന്നും ഒഴിഞ്ഞു മാറാനായി പലപ്പോഴും ഈ എൻജിനിയറുടെ ജീപ്പ്  വരുന്നത് അകലെനിന്നു കാണുമ്പോഴേ ഷബീര്‍ ബന്ധപ്പെട്ട കമ്പനി എൻജിനിയർമാരെ  ഫോണില്‍ വിളിച്ചു പറയും.

അന്നൊരു ദിവസം, പിറ്റേന്ന് ഉറപ്പിച്ചിരുന്ന ഒരു കോൺക്രീറ്റിങ്  ജോലിക്ക് ബാക്കിയുണ്ടായിരുന്ന പണികള്‍ ചൈയ്യുവാനായി കുറച്ചു ജോലിക്കാരുമൊത്ത് ഓവര്‍ടൈം വര്‍ക്ക് നടത്തി കൊണ്ടിരിക്കുമ്പോള്‍ സൈറ്റില്‍ എത്തിയ ‘ക്ലൈന്റ് എൻജിനിയർ ’ ഷബീറിനെ കാറിലേക്ക്  വിളിപ്പിച്ചു. എന്നത്തേക്കാളും  കൂടുതല്‍ സൗഹാര്‍ദ്ദം പ്രകടിപ്പിച്ച  അദ്ദേഹം  കുശലാന്വേഷണങ്ങള്‍ക്കുശേഷം ഉടനെ കാര്യത്തിലേക്ക് കടന്നു. അപ്രതീക്ഷിതമായി താന്‍ ഒരു വൻ സാമ്പത്തിക പ്രശനത്തില്‍ പെട്ടിരിക്കുകയാണെന്നും ഉടനെ ഒരു ഇരുപതിനായിരം കുവൈറ്റ്‌ ദിനാര്‍ ( സുമാര്‍ നാല്‍പ്പതു ലക്ഷം രൂപ ) എങ്കിലും സഹായിക്കണമെന്നും പറഞ്ഞു. തലയില്‍ കുറച്ചു നേരത്തേക്ക് ഒരു ശൂന്യതയായിരുന്നു ഷബീറിന്. തരാം എന്നോ തരില്ല എന്നോ പറയാതെ ‘അന ശൂഫ്’ ( ഞാന്‍ നോക്കട്ടെ ) എന്ന് മാത്രം പറഞ്ഞു ഷബീര്‍ കാറിൽ  നിന്ന് ഇറങ്ങി.

ഇത് മറ്റവന്‍ തന്നെ – വാസ്ത . പറയുമ്പോ സഹായം എന്നൊക്കെ പറഞ്ഞാലും ചോദി ക്കുന്നത്  വാസ്ത തന്നെ - ഷബീര്‍ ഉറപ്പിച്ചു. താനിതുവരെ ഒരാള്‍ക്കും വാസ്ത കൊടുത്തീട്ടില്ല - ആരും ഇങ്ങനെ ആവശ്യപെട്ടീട്ടുമില്ല. അല്ലെങ്കിലും 'നേരെ വാ നേരെ പോ' സ്വഭാവക്കാരനായ താന്‍ എന്തിനു ഇത്തരക്കാരെകുറിച്ച് ആലോചിച്ചു ബേജാറാവണം ?

ഈ മാസത്തെ തന്‍റെ  ബില്ല് ഏകദേശം  ഇത്രയും തുകക്കെ ഉണ്ടാവൂ  . ജോലിക്കാരുടെ ശമ്പളം കൊടുത്ത് ലോണുകളുടെ അടവും തീര്‍ത്താല്‍ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല . ഒന്നര കൊല്ലം നീളുന്ന ഈ പ്രൊജക്റ്റില്‍ നിന്ന് തന്‍റെ അധ്വാനത്തിനടക്കം കിട്ടാന്‍ പോകുന്ന അകെ ലാഭം ഒരു പക്ഷെ ഈ തുകയെക്കാള്‍ കുറവായിരിക്കും. അത് ഇപ്പോള്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് കൊടുക്കാമെന്നുവെച്ചാല്‍ പിന്നെ താന്‍ ഈ ഒന്നര  വര്ഷം കഷ്ടപെടാന്‍ പോകുന്നതെല്ലാം വെറുതെയാകും.

മറുവശവും ഷബീര്‍ ചിന്തിക്കാതിരുന്നില്ല. ഈ എഞ്ചിനിയ റോട്  മുഖമടച്ച് ‘ഇല്ല’ എന്ന് പറയാനും വയ്യ – കാരണം ആവശ്യമില്ലാതെ പണിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആളാണ്‌ സര്‍വോപരി സ്വദേശി അറബിയാണ്. അവസാനം, ചോദിച്ച വാസ്തയുടെ നാലിലൊന്നായ അയ്യായിരം കുവൈറ്റ്‌ ദിനാര്‍ എങ്ങിനെയെങ്കിലും കൊടുക്കുക തന്നെ എന്ന് ഷബീര്‍ തീരുമാനിച്ചു.  കമ്പനിയില്‍ പോയി അഡ്വാന്‍സ് ആയി അയ്യായിരം  ദിനാര്‍ വാങ്ങി സൈറ്റില്‍ കൊണ്ടുവന്നു.  പുള്ളി എത്തിയതും പതിവുപോലെ വണ്ടിയിലേക്ക് ഷബീറിനെ വിളിപ്പിച്ചു. തന്റെ വരുമാനത്തിന്റെ പരിമിധികളെക്കുറിച്ചും മറ്റുമൊക്കെ വിശദമായി പറഞ്ഞുകൊണ്ട് ഇത്രയും തുകയെ തന്നെകൊണ്ട് സഹായിക്കാനായി പറ്റുകയുള്ളൂവെന്നും പറഞ്ഞുകൊണ്ട്  പൈസയുടെ കവര്‍ പുള്ളിക്കുനെരെ ഷബീര്‍ നീട്ടി . ഒരു നിമിഷത്തെ ആലോചനക്കു ശേഷം  താന്‍ ചോദിച്ചത് താല്‍കാലിക സഹായം മാത്രമാണെന്നും അത് വേറൊരാള്‍ മുഖേന ശരിയാക്കിയെന്നും ഇനിയിപ്പോള്‍ തനിക്കൊന്നും ആവശ്യമില്ലെന്നും വളരെ സൌമ്യഭാഷയില്‍ എൻജിനിയർ  പറഞ്ഞു.

മാസങ്ങള്‍ കഴിഞ്ഞുപോയി . കടുത്ത തണുപ്പൊക്കെ മാറി. കുവൈറ്റിലെ ഏറ്റവും മനോഹരമായ മാസം വന്നെത്തി. ഹാല ഫെബ്രുവരി ! ഈന്തപ്പനക ൾക്കൊപ്പം  മരുഭൂമിയിലെ പുല്കൊടിയെല്ലാം പൂവിട്ടു മഞ്ഞപട്ടണിഞ്ഞു. അന്തരീക്ഷം നന്നാവുമ്പോള്‍ പ്രോജെക്ട്കളിലും അത് പ്രധിഫലിക്കും. ‘പ്ലാനിംഗ്’ ചെയ്തതിലും കൂടുതല്‍  ‘പ്രോഗ്രസ്’  ഷബീര്‍ ഉണ്ടാക്കിയെടുത്തു.

അങ്ങിനെ ഉഷാറായി പണിയെല്ലാം നീങ്ങികൊണ്ടിരിക്കുമ്പോള്‍, ഒരു ദിവസം പഴയ വാസ്ത-എന്ജിനീര്‍ വീണ്ടും ഷബീരിനടുത്ത് കൂടി ‘സൈറ്റ്’ ഓഫീസിലേക്ക് വിളിപ്പിച്ചു . ഇത്തവണ ആവശ്യപെട്ട  തുക താരതമേന കുറവായിരുന്നു . അയ്യായിരം ദിനാര്‍ മാത്രം. സംസാരം നടന്ന ഉടനെ ഷബീര്‍ മറുപടിയും കൊടുത്തു – നാളെ തന്നെ ശരിയാക്കിതന്നേക്കാം.
അന്ന് ഉച്ചതിരിഞ്ഞ് തന്നെ അയ്യായിരം ദിനാര്‍ സംഘടിപ്പിച്ചു പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്ത് സൈറ്റ് ഓഫീസിലെ എന്ജിനീരുടെ കാബിനില്‍ ഷബീര്‍ എത്തി. കുശലാന്വെഷണങ്ങലക്ക് ശേഷം എൻജിനിയർ  ഓഫീസ് ബോയിയെ  വിളിപ്പിച്ചു ഷബീറിന് ചായ കൊടുപ്പിച്ചു. പൈസ അടങ്ങുന്ന കവര്‍ ഷബീര്‍ മേശപ്പുറത്ത് വച്ചുകൊടുത്തു .  റൂമില്‍ നിന്നും പുറത്തേക്കു ഇറങ്ങാനായി ഷബീര്‍ കസേരയില്‍ നിന്നും എണീക്കാന്‍ തുടങ്ങിയതും പെട്ടെന്ന് മൂന്നു പേരടങ്ങുന്ന ഒരു സംഘം അറബ് വസ്ത്രധാരികള്‍ റൂമിലേക്ക് ഇടിച്ചു കയറി  വന്നു. വന്നവര്‍ ആദ്യം തന്നെ അവരുടെ  തിരിച്ചറിയൽ  കാര്‍ഡ് കാണിച്ചു. സിവില്‍ വേഷമിട്ട CID മാരായിരുന്നു അവര്‍. 

ആദ്യമൊന്നു സ്തംഭിച്ചുപോയെങ്കിലും  നിമിഷ നേരം കൊണ്ട് ഷബീറിന് എല്ലാം പിടി കിട്ടി. താന്‍ ഒരു മഹാഗര്‍ത്തത്തിലേക്ക്  വീഴ്ത്തപെട്ടിരിക്കുന്നു.  CID മാര്‍ എഞ്ചിനിയറുമായി വേഗത്തില്‍ എന്തൊക്കെയോ തുടര്‍ച്ചയായി സംസാരിക്കുന്നുണ്ട്. നിയമവിരുദ്ധമായി താന്‍    അയ്യായിരം ദിനാര്‍ വാസ്ത കൊടുക്കാനായി ശ്രമിച്ചു എന്നാരോപിച്ചാണ്  അവരുടെ സംസാരമെന്നു ഷബീറിന് മനസ്സിലായി.  ഇദ്ദേഹത്തിന്‍റ്  അറിയിപ്പ് ഇല്ലാതെ ഇത്രയും ഒറ്റപെട്ട സ്ഥലത്ത് ഉള്ള ഈ പ്രൊജക്റ്റ്‌ ഓഫീസില്‍ കിറുകൃത്യം നേരത്ത് CID മാര്‍ എങ്ങനെ എത്തി ? കൊടും ചതി തന്നെ കൊടും ചതി. മാസങ്ങള്‍ മുമ്പ് ഇദ്ദേഹം  വന്‍ തുക ആവ്ശ്യപെട്ടതോ ഇപ്പോള്‍ ഈ അയ്യായിരം ദിനാര്‍ ആവ്ശ്യപെട്ടതോ ഒന്നും വാക്കാലെ ഇവരുടെ അടുത്ത് പറയാന്‍ നോക്കിയിട്ട് യാതൊരു ഫലവും ഇല്ല . തെളിവ് ഇല്ലാതെ പറയുന്ന അക്കാര്യങ്ങള്‍ എല്ലാം വെറും ജല്‍പ്പനങ്ങള്‍ മാത്രമായിരിക്കും . എല്ലാതും അറിയുന്നത് സര്‍വ ശക്തനായ തമ്പുരാന്‍ മാത്രം.  നാഥനെകുറിച്ച്  ഓര്‍ത്ത ഷബീരിന്റെ കണ്ണുകള്‍ ഒരു നിമിഷം ഈറന്‍ അണിഞ്ഞു . CID മാര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍വികാരനായി  ഷബീര്‍ ഉത്തരങ്ങള്‍  പറഞ്ഞു. പത്തു മിനിട്ടിനകം ഷബീരിനെയും കൊണ്ട് CID വാഹനവ്യുഹം പാഞ്ഞു പോയി.

മൂന്ന് മാസത്തെ നിയമനടപടിക്കള്‍ക്ക് ശേഷം അഞ്ചു വര്‍ഷത്തെ തടവിനു വിധി വന്നു. ഷബീര്‍ഭായ് ജയിലില്‍ ആയ ശേഷം  നാല് ഫെബ്രുവരികള്‍  കുവൈറ്റില്‍ ‘ഹാല’ പറഞ്ഞു കടന്നു പോയിരിക്കുന്നു .
എന്നാല്‍ ഷബീര്‍ഭായിക്കായ്‌ ഒരു ‘ഹാല’ പറയാനായി കാത്തിരിക്കുകയാണ് ഈവരുന്ന ഫെബ്രുവരി. ഒപ്പം അദ്ദേഹത്തിന്റെ സഹ-ജോലിക്കാരും ഏതോ വടക്കേ ഇന്ത്യന്‍ ഗ്രാമത്തില്‍ വിഷമമുള്ളിലൊതുക്കി കഴിയുകയായിരുന്ന കുടുംബാംഗങ്ങളും

 


                  

പദ സൂചന:


ഹാല = HELLO

 
ഹാല ഫെബ്രുവരി – കുവൈറ്റിലെ വസന്തമാസം, 'ഹാല ഫെബ്രുവരി ഫെസ്റ്റിവെല്‍' ആയി ആഘോഷിക്കപെടുന്നു. 'നാഷണല്‍ഡേ'യും 'ലിബറേഷന്‍ഡേ' യും ഈമാസത്തില്‍തന്നെആണ്.