=============================
ആ വർഷത്തെ ഓണാഘോഷം കേമമാക്കാന് ഫ്ലാറ്റിലെ മലയാളി കൂട്ടായ്മ സ്വരുമയോടെ തീരുമാനമെടുത്തു. തൊട്ട്മുമ്പത്തെ നോമ്പ് പെരുന്നാളിനു ചെയ്തമാതിരി ഓരോ വീട്ടില് ഓരോ ഇനം പാചകം ചെയ്യുന്ന രീതി ഇത്തവണ വേണ്ട എന്ന് ഗ്രിഹനായകരില് ഭൂരിപക്ഷവും മനസ്സാ തീരുമാനിച്ചിരുന്നു എന്ന് വേണം കരുതാൻ . എട്ടാം നിലക്ക് മുകളിലുളള തുറന്ന ടെറസ് പാചകത്തിന് തരപെടുത്തിയെടുക്കാന് മലയാളി ‘ഹാരിസി’ ന്റെ സഹായവും കൂടി ആയപ്പോള് ഗ്രിഹനായകരുടെ ‘ഹിഡന്’ ആശയം സഫലമാവുമെന്നായി. പാചകക്കാരനായി ഒരാള് അതും സാക്ഷാല് ശ്രീ "അമ്പിസ്വാമി" യുടെ നാട്ടുകാരനായ ഒരാള്തന്നെ കൂട്ടത്തില് നിന്നുസ്വയം മുന്നോട്ടുവന്നതോടെ എല്ലാ തടസങ്ങളും മാറി മേല്ക്കൂര പാചകം യാഥാര്ഥ്യമാവുമെന്ന് ഉറപ്പായി.
അങ്ങിനെ ആ ‘ഓണവെള്ളി’ത്തലേന്നു കുടുംബിനികളും ഗ്രിഹനായകരും മുതിര്ന്ന കുട്ടികളും എല്ലാവരും കൂടി താഴത്തെ നിലയില്ഒത്തുചേര്ന്നു. നാട്ടിലെ സദ്യ വട്ടങ്ങളില് പങ്കെടുത്തിരുന്ന ഓര്മ്മകള് അയവിറക്കികൊണ്ട് പച്ചക്കറി നുറുക്കല് രസകരമാക്കി. അനന്തരം, നുറുക്കിയ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഗ്യാസ് കുറ്റികളും സ്സ്ടവുകളും മറ്റുമൊക്കെയായി ആണ് പ്രജകള് എല്ലാവരും കെട്ടിട മുകളിലേക്ക് കയറി. ഇത്രയും ആയപ്പോഴേക്കും മുകളില് കൊണ്ടുപോവാത്തതിനു നീരസം തോന്നിയ കുട്ടികള്ക്കും അവരുടെ അമ്മമാരായ സ്ത്രീജനങ്ങള്ക്കും അല്ലറ-ചില്ലറ ചില സംശയങ്ങള് തോന്നാതിരുന്നില്ല. “ഏയ് ഇത് കുവൈറ്റ് അല്ലേ . നിരോധനം ഉള്ള ഇവിടെ ഈ ആണ് പ്രജകള് എല്ലാവരും കൂടി കെട്ടിട മുകളില് പോയി ‘ബാച്ചിലര്പാര്ട്ടി’ ഒക്കെ നടത്തുമെന്ന് തങ്ങള് എന്തിനു ഭയപ്പെടണം-ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല” പെണ്പ്രജകള് പരസ്പരം ഫോണില് വിളിച്ച് ആശ്വാസംകൊണ്ടുവത്രേ.
‘ഹിഡന്’ അജണ്ടക്കാരാവട്ടെ സദ്യകമ്മിറ്റിക്ക് ഒരു ഉപ കമിറ്റി തന്നെ ഉണ്ടാക്കിയിരുന്നുവത്രേ – ബാച്ചിലര് പാര്ട്ടികമ്മിറ്റി. സദ്യ സാമഗ്രികളുമായി മുകളില് എത്തിയപ്പോള് അരമണിക്കൂര്‍ മുമ്പേ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്ന ‘ബീവരേജസ് കൌണ്ടര്‍’ ചിലരെയെങ്കിലും ഞെട്ടിച്ചു – പ്രത്യകിച്ചു പാചകം ഏറ്റിരുന്ന സനലിനെ . "കാര്യങ്ങള്‍ ഒക്കെ ശരി. നമ്മള്‍ ഉദ്ദേശിച്ച പാചകം ഒക്കെ ഭംഗി ആയി ചെയ്യണമെങ്കില്‍ എല്ലാവരും ‘വീല്‍’ ആയിപ്പോയാല്‍ ബുദ്ധിമുട്ടാവും ട്ടാ . അവസാനം എല്ലാത്തിനും എന്നെ മാത്രം ഉത്തരവാദി ആക്കരുത്.” സദ്യകമ്മറ്റി പ്രസിഡണ്ട് പാലക്കാട്ടുകാരന്‍ വക്കീല്‍ ബാബുവിനോട് സനല്‍ നയം വ്യക്തമാക്കി.
“അതൊക്കെ ഒരു പ്രശ്നവും ഇല്ലാതെ നോക്കാം സനലേ, എന്താണ് ഞങ്ങള്‍ സഹായിക്കേണ്ടത് എന്ന് പറഞ്ഞാല്‍ മാത്രം മതി .ഞങ്ങള്‍ ഇതാ തയ്യാര്‍” അതുവരെ തോളില്‍ കിടന്നിരുന്ന തോര്‍ത്തുമുണ്ട് എടുത്ത് തലയില്‍ കെട്ടി ശരീരഭാഷ അടക്കം പ്രകടിപ്പിച്ചു വക്കീലിന്റെ മറുപടി .
സമയം രാത്രി എട്ടാവുന്നു . എരുപുളി അടുപ്പത്ത് കയറ്റിയീട്ടെ ഉള്ളൂ . അപ്രതീക്ഷിതമായി തുടങ്ങിയ കാറ്റ് ഓപ്പണ്‍ ടെറസില്‍ ശല്യം ചെയ്യുവാന്‍ തുടങ്ങി . സ്ടവിലെ തീ കാറ്റില്‍ ഉലഞ്ഞു കത്തുന്നതിനാല്‍ അടുപ്പത്ത് വയ്ക്കുന്നത് തിളച്ച് വരാന്‍ നന്നായി സമയമെടുക്കുന്നു. ബീവരേജസ് കൌണ്ടര്‍ സെറ്റപ്പ് ഒക്കെ കാണുമ്പോള്‍ കുറച്ചു കഴിഞ്ഞാല്‍ സഹായത്തിനു ആരും ഉണ്ടാവും എന്ന് ഉറപ്പിക്കാനും വയ്യ !
“ എന്നാ പിന്നെ അടപ്രഥവനുള്ള നാളികേരം പിഴിയാനുള്ള ആ പ്രധാനപെട്ട പണി അങ്ങോട്ട് തീര്‍ത്തു വച്ചോ” സനല്‍ പറഞ്ഞു.
‘വാസ്ത’ പിടിച്ച് പ്രത്യകം പറഞ്ഞ് ഏല്പ്പിച്ചതിനാല്‍ ‘ലുലു’വില്‍ നിന്ന് ഇരുപത്തഞ്ചു നാളികേരം ഒരുമിച്ച് ചിരവി കിട്ടിയതാണ്. അതിനാല്‍ ചിരവല്‍ ഒഴിവായി. ഇനിയിപ്പോള്‍ പിഴിയുകയേ വേണ്ടു. സനലിന്റെ നിര്‍ദേശം വന്നതും ഈരണ്ടുപേരുടെ രണ്ടു സംഘംഇരുന്ന് അര മണിക്കൂര്‍ കൊണ്ട് ആ പണി തീര്‍ത്തുവച്ചു.
.‘ബീവരേജസ് കൌണ്ടര്‍’ പരിസരം കൂടുതല്‍ ഉഷാറായി വന്നു. സാക്ഷാല്‍ കാഞ്ഞിരപ്പിള്ളി അച്ചായന്മാര്‍ ഉണ്ടാക്കിയ സ്പെഷ്യല്‍ മുന്തിരി വൈനില്‍ സാധാരണയില്‍ കൂടുതല്‍ 'സോമരസം' രൂപപെട്ടിരുന്നോ എന്ന് എനിക്കും തോന്നി 🤔 മൂളിപാട്ടുകളും ചെറിയ താളം പിടിക്കലുകളും ഒക്കെയായി തുടങ്ങി ഗാനപ്രേമികളുടെ ഒരു കൂട്ടായ്മ തന്നെ വളരെ പെട്ടെന്ന് അവിടെരൂപം കൊണ്ടു. 'അച്ഛന്‍വയലാര്‍' മുതല്‍ 'മകന്‍ വയലാര്‍' വരെയും മാധുരി മുതല്‍ ശ്രേയ ഗോഷാല്‍ വരെയും വരെയും ചര്‍ച്ച ചെയ്ത് പാടി അര്‍മാദിച്ചുരസിച്ചു .
സാമ്പാറും അവീയലും മറ്റു ചെറുകറികളും ഓരോന്നായി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും സമയം രാത്രി രണ്ടുമണി . സേമിയ പായസത്തിനായി സാമാന്യം വലിപ്പമുള്ള ഒരു ചരുവം അടുപ്പത്ത് കയറ്റി. കാറ്റിന്‍റെ ശക്തി വീണ്ടും കൂടി വന്നു. പല തവണ തീ തന്നെ അണഞ്ഞു പോകുകയും ചെയ്തു. പ്ലേവുഡ് കഷണം അടുപ്പിനു ചുറ്റും മറ പിടിച്ചു കൊണ്ടായിരുന്നു പിന്നെ തീ കെട്ടുപോകാതെ നോക്കിയത്. സഹായത്തിനാണെങ്കില്‍ ഒന്നോ രണ്ടോ പേരൊഴികെ ടെറസില്‍ തലങ്ങനെയും വിലങ്ങനെയും കിടക്കുന്നു. പാചകത്തിന് സഹായത്തിനാണെന്ന പേരില്‍ ഫ്ലാറ്റില്‍ നിന്ന്‍ രക്ഷപെട്ട് സര്‍വതന്ത്ര സ്വതത്രന്‍ മാരായി വൈന്‍ അടിച്ച് വീല്‍ ആയിയുള്ള കിടപ്പും കൂടി കണ്ടപ്പോള്‍ സനലിനും ശേഷിച്ച സഹായികള്‍ക്കും ചെറുതായി ഒരു അസ്വാസ്ഥ്യം തോന്നാതിരുന്നില്ല 😏 പുലര്‍ച്ചെ അഞ്ചുമണിയായീട്ടും സേമിയ പായസമാണെങ്കില്‍ അടുപ്പത്ത് നിന്നും ഇറക്കാനും പറ്റിയീട്ടില്ല.
“ഇനിയിപ്പോ ഈ പായസം ശരിയായാല്‍ ഞാന്‍ നിറുത്തുകയാണ്. മറ്റേ പായസത്തിന്‍റെ കാര്യം ഇനി വേണ്ടെന്നു വക്കാം ” ഞങ്ങള്‍ ഒന്ന് രണ്ടു പേരോടായി സനല്‍ പറഞ്ഞു .
സാഹചര്യവശാല്‍ സനല്‍ പറഞ്ഞത് ശരി തന്നെ. എന്നിരുന്നാലും എനിക്ക് ഒരു ചെറിയ ശങ്ക . അട വേവിച്ചു വച്ചീട്ടുണ്ട് , ശര്‍ക്കര ഉരുക്കി വച്ചീട്ടുണ്ട് , നാളികേരപാലാണെങ്കില്‍ വളരെ നേരത്തെ തയ്യാര്‍ ആണുതാനും . അപ്പോള്‍ പിന്നെ ഇടയ്ക്കു വച്ച് അടപ്രഥവന്‍ ഉപേക്ഷിച്ചു കളയുന്നത് അത്ര ശരിയാണോ എന്ന് ഒരു ആശങ്ക . തന്നെയുമല്ല ഗംഭീര സദ്യ ഉണ്ടാക്കാനായി ടെറസില്‍ കയറി പുറപെട്ട കെട്ടിടത്തിലെ എല്ലാ ആണ്‍പ്രജകള്‍ക്കും താന്താങ്ങളുടെ പെണ്‍പ്രജകള്‍ക്ക് മുമ്പിൽ നാണം കെടേണ്ടിയും വരും. ആ സാഹചര്യം ഒഴിവാക്കേണ്ടത് തന്‍റെ കൂടി കടമയല്ലേ ? - എന്നിലെ ആണ്‍പ്രജ സടകുടഞ്ഞ് എണീറ്റു 😜
“ഒരു കാര്യം ചെയ്യാം സനലേ എന്തായാലും ഇക്കാര്യം ഞാന്‍ ഏറ്റെടുക്കുകയാണ്. ഇനിയിപ്പോ നേരം വെളുക്കുകയും ചെയ്തു. വൈകാതെ ഏഴു മണിയാവുമ്പോഴേക്കും ടെറസില്‍ പൊരിഞ്ഞ വെയിലും വരും. പിന്നെ ഇവിടെ നില്‍ക്കാനേ പറ്റില്ല . ഞാനീ സാധങ്ങളുമായി എന്റെ ഫ്ലാറ്റില്‍ പോകുകയാണ്.” സനലിനോട് പറഞ്ഞു.
അങ്ങിനെ ഉരുക്കിയ ശര്‍ക്കരയും വേവിച്ച അടയും നാളികേരപ്പാലും ഒക്കെയായി ഏഴുമണിയോടെ ഫ്ലാറ്റിലേക്ക്. 😧 ഈ ദയനീയ അവസ്ഥയില്‍ സ്വന്തം പെണ്‍പ്രജക്ക് മുമ്പില്‍ ശകലം ചമ്മല്‍ തോന്നിയെങ്കിലും, രാത്രിയില്‍ വീശിയടിച്ച ‘കൊടുംകാറ്റിന്‍റെ’ 😜 കാര്യം ഒക്കെ പറഞ്ഞു ഒരു വിധം പിടിച്ചുനിന്നു. അവളുടെ ചെറിയ ചില കമെന്റുകള്‍ കേട്ടില കണ്ടില്ല എന്ന് നടിച്ച് , എത്രയും പെട്ടെന്ന് ശര്‍ക്കരയും അടയും കൂടെ അടുപ്പത്ത് കയറ്റി ഇളക്കാന്‍ തുടങ്ങി .
നാളികേരപ്പാല്‍ ഒഴിക്കാനായി പാത്രം എടുത്തതും സ്തംഭിക്കുന്ന കാഴ്ച – പാല്‍ മീതെ കട്ടിയായും താഴെ വെള്ളമായും രണ്ടായി വേർപിരിയുവാൻ തുടങ്ങിയിരിക്കുന്നു . രുചിച്ചു നോക്കിയപ്പോള്‍ കട്ടിയായ ഭാഗത്തിന് നേരിയ പുളിപ്പ് ആയിരിക്കുന്നു. മണിക്കൂര്‍ എത്ര ആയി പാല്‍ പിഴിഞ്ഞ് എടുതീട്ട്. ഇത് ഇങ്ങിനെ ആയിപ്പോയതില്‍ അത്ഭുതം എന്താ ഉള്ളത് ? ഇനി ഈ അവസ്ഥയില്‍ എന്താ ചെയ്യുക. വഴിയെ പോയ വയ്യാവേലി എടുത്ത് തലയില്‍ വക്കുകയും ചെയ്തു ..... നാളികേരം വാങ്ങി ഇനിയും പിഴിയുക സാധ്യമല്ല തന്നെ. എന്താ ഒരു പോംവഴി. ഈ രണ്ടാം പായസം വേണ്ട എന്ന് തന്നെ വക്കുകയെ വഴിയുള്ളൂ. സനല്‍ അപ്പഴേ പറഞ്ഞതാണ് ഇനിയിപ്പോ ഉണ്ടാക്കണ്ട എന്ന്. അത് ചെവി കൊണ്ടാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ എന്താ ഒരു വഴി ?
അവസാനം അടുക്കളയില്‍ ഉണ്ടായിരുന്ന ‘മാഗി’യുടെ നാളികേരപ്പൊടി രക്ഷക്കെത്തി. കഷ്ടിച്ച് ഒരു കിലോ നാളികേര പൊടിയെ ഉണ്ടായിരുന്നെങ്കിലും ‘ഉള്ളതുകൊണ്ട് ഓണം പോലെ പത്തുനൂറുപേര്‍ക്ക് ’ എന്ന് മനസ്സില്‍ ധ്യാനിച്ചുകൊണ്ട് അടപ്രഥമന്‍ ഒരുവിധം ഒപ്പിച്ചെടുത്തു.
അങ്ങിനെ കെട്ടിടത്തിലെ മിക്കവാറും എല്ലാ മലയാളികളും, കൂടെ സഹകരിക്കുന്ന മറ്റു ചില സംസ്ഥാനക്കാരും ഒത്തു കൂടി ഓണ സദ്യ കഴിച്ചു രസിച്ചു. തലേന്ന് പെണ്പ്രജകളെ പറ്റിച്ചു ടെറസില്‍ പോയി വീരേതിഹാസം രചിച്ച കഥകള്‍ ചിലര്‍ അന്നോന്യം പിറുപിറുത്തു ചിരിച്ചു. പെണ് പ്രജകള്‍ സനലിന്റെ പാചകത്തെകുറിച്ചും അവിയലിന്റെ രുചിയെ കുറിച്ചും എന്നാല്‍ അട പ്രഥമനില്‍ കുറച്ചു നാളികേരപ്പാല്‍ കുറച്ചു കുറഞ്ഞു പോയതും മധുരം കൂടിപ്പോയതും ഒക്കെ പരസ്പരം പറഞ്ഞു സദ്യ ഉണ്ടു.
|
ഓർമ്മകൾക്കെത്ര സുഗന്ധം |
നാളികേരപ്പാല്‍ പുളിച്ചു പോയ ‘ടെന്‍ഷന്‍’ നിറഞ്ഞ അവസ്ഥക്ക് ശേഷം ഉണ്ടായ, പുറത്ത് പറയാത്ത 😀 കഥാന്ത്യം ഇങ്ങനെ .
നിരാശയും സങ്കടവും മൂത്ത്, പിരിഞ്ഞുപോയ നാളികേരപ്പാല്‍ അടുക്കളയിലെ അഴുക്കുവെള്ള പൈപ്പിലേക്ക് ഒഴിച്ച് കളയാന്‍ പാത്രം എടുത്ത് ചരിക്കാന്‍ തുടങ്ങിയതാണ് ഞാന്‍. “കളയാന്‍ വരട്ടെ. പാല്‍ പുളിച്ചാലും നമുക്ക് ഇത് അടുപ്പത്ത് വച്ച് തിളപ്പിച്ച് വെളിച്ചെണ്ണ കാച്ചിയെടുക്കാന്‍ പറ്റുമോ എന്ന് വെറുതെ ഒന്ന് ശ്രമിച്ച് നോക്കിയാലോ?” പെണ് പ്രജ പറഞ്ഞ അഭിപ്രായത്തില്‍ ചെറിയ കാര്യം ഉണ്ടെന്നു തോന്നി - പാത്രം ചരിക്കാതെ നേരെവച്ചു. ശേഷം, രണ്ടായി പിരിഞ്ഞ നാളികേരപ്പാലില്‍ നിന്ന് വെള്ളം ഊറ്റികളഞ്ഞു കട്ടിഭാഗം എടുത്ത് ഫ്രിഡ്ജില്‍ വച്ചു. ഓണാഘോഷം ഒക്കെ കഴിഞ്ഞ് ഉച്ചതിരിഞ്ഞ് വീണ്ടും ഒന്നുകൂടെ വെള്ളം ഊറ്റികളഞ്ഞപ്പോള്‍ നല്ല കട്ടിയായി കിട്ടി – ഏകദേശം ഷീറ്റ് അടിക്കുവാന്‍ തയ്യാറായ റബ്ബര്‍പാല്‍ പോലെ ! ആ പാല്കട്ടി എടുത്ത് അടുപ്പത്ത് വച്ച് വെറും പത്ത് മിനിറ്റ് തിളപ്പിച്ചപ്പോള്‍ കിട്ടിയതോ നല്ല ശുദ്ധമായ വെളിച്ചെണ്ണ – സുമാര്‍ ഒന്നൊന്നര ലിറ്റര്‍ ഉരുക്ക് വെളിച്ചെണ്ണ (വെര്‍ജിന്‍).
THE END
=========================
സാരോപദേശം 1) ഇനി സദ്യ ഉല്‍സാഹകമ്മറ്റികളില്‍ കയറിപറ്റിയശേഷം അട പ്രഥമന്‍ ഉണ്ടാക്കാനുള്ള നാളികേരപ്പാല്‍ കൃത്രിമമായി പുളിപ്പിച്ച് അത് “ഓടയില്‍ കൊണ്ടുപോയി ഒഴിച്ച് കളഞ്ഞുകൊള്ളാം” എന്ന് പറഞ്ഞ് സൂത്രത്തില്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോയി ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കാന്‍ വല്ല പരിപാടിയും ആരെങ്കിലും മനസ്സില്‍ കരുതിയാല്‍ അത് എന്റെ ഈ എളിയ ഓണക്കഥ വായിച്ചതില്‍ നിന്നും ആശയം ഉള്‍കൊണ്ട് ആണ് എന്ന് പറഞ്ഞ് എന്നെ ക്രൂശിക്കാന്‍ വരരുത് എന്ന് മുന്‍കൂര്‍ അപേക്ഷ 😀 !!
സാരോപദേശം 2 ) ഇനി ശരിക്ക് നേരായ വഴിക്ക് ഉരുക്ക് വെളിച്ചെണ്ണ വീട്ടില്‍ ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു ‘ടിപ്’ ഇരിക്കട്ടെ : നാളികേരം പിഴിഞ്ഞ് പാല്‍ എടുത്ത ശേഷം അടുപ്പത്ത് വച്ച് തിളപ്പിക്കുക ആണ് സാധാരണയായി ചെയ്തു വരുന്നത് . ഒരു പാട് നേരം അടുപ്പത്ത് വക്കണം എന്നുള്ളതാണ് ഇതിലെ പ്രധാന ബുദ്ധിമുട്ട്. അവിടെയാണ് ‘ഷോര്‍ട്ട് കട്ട്’ പ്രയോഗിക്കേണ്ടത്. നാളികേരപ്പാല്‍ ഒരു പാത്രത്തില്‍ ആക്കി ഫ്രിഡ്ജില്‍ വക്കണം. അടുത്ത ദിവസം എടുത്ത് നോക്കിയാല്‍ പാല്‍കട്ടിയും വെള്ളവും രണ്ടായി തിരിഞ്ഞ് നില്‍ക്കുന്നത് കാണാം . ഇതിലെ വെള്ളം ധൈര്യമായി ഓടയില്‍ ഒഴിച്ച് കളയാം ! പാല്‍കട്ടി മാത്രം എടുത്ത് അടുപ്പത്ത് വച്ച് തിളപ്പിച്ചാല്‍ ഏറിയാല്‍ പത്ത് മിനിറ്റ് മാത്രം മതിയാവും സുഗന്ധവും ഔഷധഗുണം ഉള്ളതും ശുദ്ധവുമായ ‘വെര്‍ജിന്‍’ വെളിച്ചെണ്ണ ലഭിക്കുവാന്
പദ വിവരം :
1) ഹാരിസ് :
ഫ്ലാറ്റിലെ ദൈനംദിനകാര്യങ്ങളും വാടകകാര്യവും മറ്റും കൈകാര്യം ചെയ്യുന്ന കാര്യസ്ഥന്‍ .
2) ഓണവെള്ളി : ഓണം വരുന്ന ദിവസത്തിന്‍റെ ഏറ്റവും
അടുത്ത വെള്ളിയാഴ്ച
3) അംബിസാമി : ലോക പ്രശസ്തനായിരുന്ന തൃശൂരിലെ
പാചകക്കാരന്‍. അബിസാമിയുടെ പാലടകഴിക്കുമ്പോള്‍ നമ്മള്‍ അറിയാതെതന്നെ വിരലില്‍ പല്ല് കൊണ്ട് പോറല്‍ ഏല്‍ക്കാതെ
പ്രത്യേകം സൂക്ഷിക്കണമായിരുന്നുവത്രേ.
4) വാസ്ത : സ്വാധീനം എന്ന
അര്‍ഥം വരുന്ന കുവൈറ്റിലെ പ്രാദേശിക
അറബി വാക്ക് .
ഒട്ടു മിക്ക വിദേശികളും ഈ വാക്ക് നന്നായി ഉപയോഗിച്ച് വരുന്നു .