Friday, October 23, 2015

ആല്മ വഞ്ചകര്‍ നമ്മള്‍







എല്ലാ കൊലപാതകങ്ങളും ക്രുരവും പൈചാശികവും
ആണ് . അത് വ്യക്തികള്‍ നടത്തിയാലും സംഘടനകള്‍ നടത്തിയാലും എന്തിന് ഭരണ സംവിധാനങ്ങള്‍ നടത്തിയാല്‍ പോലും ഒരിക്കലും ന്യായീകരിക്കാന്‍ ആവില്ല . വധശിക്ഷ പോലും ലോകത്ത് കുറെ രാജ്യങ്ങള്‍ നിറുത്തുകയും കുറെ രാജ്യങ്ങള്‍ വധശിക്ഷ നിരോധനത്തിലേക്ക്   ഗൌരവ പൂര്വ്വം അടുത്ത് കൊണ്ടിരിക്കുകയും ആണ് എന്നതാണ് യാഥാര്ത്ഥ്യം .

കൊലപാതകത്തിന് ഇരയായവര്‍ സമൂഹത്തില്‍ കൂടുതല്‍ ദൈന്യതയില്‍ കഴിയുന്നവര്‍ ആണെങ്കില്‍ പൊതു സമൂഹത്തിന്റെ ആശങ്കയും പ്രതികരണവും സ്വാഭാവികമായും കൂടും. അങ്ങനെ പൊതു സമൂഹം ശക്തമായി പ്രതികരിച്ച സംഭവമായിരുന്നു ഹരിയാനയില്‍ ദളിത്‌ കുട്ടികളെ തീയിട്ട് കൊന്ന സംഭവം .

ഹരിയാനയിലെ കൊലപാതകത്തില്‍ കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രതികരണ തീവ്രത കണ്ടപ്പോള്‍ ഒരു കാര്യം പറയാതെ വയ്യ എന്ന് തോന്നി . ഇത്രയും പ്രതികരണ തീവ്രത ഉള്ള കേരളീയ പൊതുസമൂഹം കേരളത്തിലെ ദളിത്‌ സമൂഹത്തോട് ഇത്രനാളും പുലര്ത്തി പോന്നതും ഇപ്പോള്‍ പുലര്ത്തുതന്നതും ആയ കടുത്ത ഒരു സാമൂഹ്യ അനീതിയെ ഇത്തരുണത്തില്‍ എങ്ങിനെ കണ്ടില്ലെന്ന് നടിക്കും ?

സര്ക്കാര്‍ ശമ്പളം കൊടുത്ത് നടത്തുന്ന ഏകദേശം ഒമ്പതിനായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ട് . മൊത്തം  രണ്ടര ലക്ഷത്തോളം ജോലിക്കാരുള്ള ഈ സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും നമ്മുടെ സമൂഹത്തിലെ അടിത്തട്ടില്‍ കിടക്കുന്ന ഈ ദളിതര്ക്ക് അവര്‍ അര്ഹിക്കുന്ന കുറച്ച് ജോലി കൊടുക്കെണ്ടിയിരുന്നില്ലേ സമൂഹമേ . അതുണ്ടായീട്ടുണ്ടോ ?? ഇല്ലെന്നതില്‍ ലജ്ജിക്കുക സമൂഹമേ ലജ്ജിക്കുക ??

നേരിട്ടുള്ള സര്ക്കാര്‍ ജോലികളില്‍ സംവരണവും കാര്യങ്ങളും ഒക്കെ ഉണ്ടായീട്ടും ജനസംഖ്യ അനുപാതത്തിന്റെ നാലയല്പ്പ ക്കത്തുപോലും ഈ ദളിത്‌ വിഭാഗങ്ങള്‍ എത്തിയീട്ടില്ല. അപ്പൊ പിന്നെ ഒമ്പതിനായിരത്തോളം വരുന്ന സര്ക്കാര്‍ ശമ്പളം കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പാവങ്ങളിലെ അര്ഹരായവരില്‍ നിന്ന് ഒരൊറ്റ നിയമനവും കൊടുത്തീട്ടില്ല അല്ലെങ്കില്‍ കൊണ്ടുക്കുന്നില്ല എന്നത് എത്ര വലിയ സാമൂഹ്യ വഞ്ചന ആണ് എന്റെ കേരളീയ സമൂഹമേ . എന്നീട്ട് നമ്മള്‍ വടക്കേ ഇന്ത്യ വരെ കേള്ക്കുന്ന ഉച്ചത്തില്‍ അലറി മുദ്രാവാക്യം വിളിക്കുന്നു – ദേ അവിടെ ദളിത്‌ പീഡനം വലിയ പീഡനം എന്ന്.  നമ്മള്‍ എത്ര വലിയ ആല്മ വഞ്ചകര്‍ ആണ് എന്റെ കൂട്ടരേ.



No comments: