Saturday, July 14, 2018

വില്ലനൊടി പാടം - Via



തെക്കേക്കര നിന്ന് കരുവാപ്പടി വഴിയാണ്  മണ്ണംപേട്ട സ്കൂളിലേക്കുള്ള യാത്രാപഥം. സ്കൂളിലേക്ക് പുറപ്പെടാന്‍  വൈകിപ്പോയ ദിവസങ്ങളില്‍  ഒരു  കുറുക്കു വഴി  രക്ഷക്കെത്തും - വില്ലനൊടി പാടം വഴി.

ഒരു  ത്രികോണത്തിലെ കര്‍ണവശം കണക്കെ കിടക്കുന്ന ആ വഴി , പാദവശവും ലംബ വശവും  താണ്ടുന്നതില്‍ നിന്ന്  ഇച്ചിരി  ആശ്വാസം നല്‍കും . നേരം വൈകിയ നേരത്ത് അരക്കിലോമീറ്റര്‍ കുറവ്  ചെറിയ കാര്യമല്ല തന്നെ. നേരം വൈകുന്ന ദിവസം കൂട്ടുകാരാരും ഇല്ലാതെ മിക്കവാറും ഏകനായി ആയിരിക്കും ഈ കുറുക്കുവഴി താണ്ടല്‍.

നാരാണസാറിന്‍റെ വീടിനടുത്ത് ഉള്ള പാലത്തിനു മുമ്പ് ഇടത്തോട്ട് കടന്നു തോട്ടുവരമ്പത്തേക്ക് കടക്കാം . ഒരു വശം നെല്‍പ്പാടം  . തോട്ടിലെ ശക്തമായ് ഒഴുക്ക് ഉള്ള ഈ ഭാഗത്ത്‌, വെള്ളത്തിന്‍റെ കളകളാരവം കേട്ടു കുറച്ചു ദൂരം  നടത്തം .


 പിന്നെ  തോടിന്റെ അപ്പുറം കൃഷ്ണന്‍കുട്ടിമാഷിന്‍റെ അതിവിശാലമായ പറമ്പ് ആരംഭിക്കുന്നു. തോടിനപ്പുറം “ഓടപഴം” കിട്ടുന്ന വള്ളിപ്പടർപ്പിലേക്ക് ചുമ്മാ  ഒന്ന് കണ്ണോടിച്ചു കൊണ്ട് മുന്നോട്ട് . തോട്ടുവരമ്പിനു പിന്നെ പിന്നെ പൊക്കംകൂടിവരുന്നു  - നെല്‍പ്പാടം ഒരാള്‍ താഴ്ചയില്‍  ആണിവിടെ . കുറച്ചുകൂടി മുമ്പോട്ടു നീങ്ങിയാല്‍  തോടിനും വരമ്പിനും ഇമ്മിണി വലിയ    ഒരു  വളവും. തോടിനു മീതെയാണെങ്കില്‍   കൈത തലപ്പുകള്‍ വളര്‍ന്ന്മൂടി നിഗൂഢമായി അങ്ങനെ നില്‍ക്കുന്നു. മാഷുടെ പറമ്പ് കാട് പിടിച്ചു വന്യ ഭാവത്തില്‍  ആണ് ഇവിടെ  . അങ്ങുയരത്തില്‍  നൂറ്റിപത്ത് കെ വിയുടെ ഇലക്ട്രിക് ടവര്‍ലൈന്‍ ഒരു ചീറലോടെ പോകുന്നു. പലരും അവിടെ കണ്ടീട്ടുണ്ട്  വെന്ന് പറഞ്ഞു കേട്ട , ചീറ്റുന്ന രാജവെമ്പാലയുടെ  കഥകള്‍ ഒക്കെ അന്നേരം  ചിന്തയില്‍ മിന്നി മറയും. എന്തയാലും ഈ ഭാഗത്തെ നടത്തത്തിനു "ച്ചിരി" വേഗം കൂടുതല്‍ ആയിരുന്നു  എന്നത് ഒരു "വസ്തുത" യായിരുന്നു.




ഓടപഴം

ആ വളവ് കഴിഞ്ഞാല്‍ പിന്നെ തോടിന്‍റെ രണ്ടു വശവും പാടമാണ്. പിന്നെ വരമ്പിന്‍ നല്ല വീതിയായി.  അകലെ ഓരോ   വീടുകള്‍ ഒക്കെ കണ്ടുതുടങ്ങുകയും ചെയ്യുന്നതോടെ  നിശ്വാസമെടുത്തുള്ള നടത്തം . ഇനി തോട് വട്ടം മുറിച്ചുകടക്കണം.  വേറൊരു കൈത്തോട് വന്നു ചേരുന്ന അവിടെ തോട് നന്നായി പരന്നാണ്  ഒഴുകുന്നത്.  അതിനാല്‍ മുട്ടിനൊപ്പം വെള്ളത്തില്‍  മുറിച്ചു കടക്കാന്‍ എളുപ്പമാണ് - ജൂണ്‍ മാസത്തിലെ കുത്തൊഴുക്ക് സമയത്തൊഴികെ. തോട് കുറുകെ കടക്കുമ്പോൾ   പരൽ മീനുകളുടെ കൂട്ടയോട്ടം .



പിന്നെ, കല്ല്‌ നിറഞ്ഞ  ഊടുവഴിക്കപ്പുറം  കുഞ്ഞികണ്ടമാസ്റ്ററുടെ വീട്  .അത് കഴിഞ്ഞാല്‍ അബ്രഹാം മാസ്റ്ററുടെ തറവാട് . മിക്കവാറും അവിടെ എത്തുമ്പോള്‍ സ്കൂളിലെ ഒന്നാം ബെല്‍ കേള്‍ക്കാം . പിന്നെ ഒരു ഓട്ടമാണ് രണ്ടാം ബെല്‍ അടിക്കുന്നതോടെയെങ്കിലും സ്കൂളില്‍  എത്താനുള്ള  ബദ്ധപ്പാടില്‍ ഒരു  ഒന്നൊന്നര ഓട്ടം.