തെക്കേക്കര നിന്ന് കരുവാപ്പടി
വഴിയാണ് മണ്ണംപേട്ട സ്കൂളിലേക്കുള്ള
യാത്രാപഥം. സ്കൂളിലേക്ക് പുറപ്പെടാന്‍
വൈകിപ്പോയ ദിവസങ്ങളില്‍ ഒരു കുറുക്കു വഴി
രക്ഷക്കെത്തും - വില്ലനൊടി പാടം വഴി.
ഒരു
ത്രികോണത്തിലെ കര്ണവശം കണക്കെ കിടക്കുന്ന ആ വഴി , പാദവശവും ലംബ വശവും താണ്ടുന്നതില്‍ നിന്ന് ഇച്ചിരി ആശ്വാസം നല്‍കും .
നേരം വൈകിയ നേരത്ത് അരക്കിലോമീറ്റര്‍ കുറവ് ചെറിയ കാര്യമല്ല തന്നെ. നേരം വൈകുന്ന
ദിവസം കൂട്ടുകാരാരും ഇല്ലാതെ മിക്കവാറും ഏകനായി ആയിരിക്കും ഈ കുറുക്കുവഴി താണ്ടല്‍.
നാരാണസാറിന്റെ വീടിനടുത്ത് ഉള്ള
പാലത്തിനു മുമ്പ് ഇടത്തോട്ട് കടന്നു തോട്ടുവരമ്പത്തേക്ക് കടക്കാം . ഒരു വശം നെല്‍പ്പാടം
. തോട്ടിലെ ശക്തമായ് ഒഴുക്ക് ഉള്ള ഈ
ഭാഗത്ത്, വെള്ളത്തിന്റെ കളകളാരവം കേട്ടു കുറച്ചു ദൂരം നടത്തം .
പിന്നെ തോടിന്റെ അപ്പുറം കൃഷ്ണന്കുട്ടിമാഷിന്റെ അതിവിശാലമായ പറമ്പ് ആരംഭിക്കുന്നു. തോടിനപ്പുറം “ഓടപഴം” കിട്ടുന്ന വള്ളിപ്പടർപ്പിലേക്ക് ചുമ്മാ ഒന്ന് കണ്ണോടിച്ചു കൊണ്ട് മുന്നോട്ട് . തോട്ടുവരമ്പിനു
പിന്നെ പിന്നെ പൊക്കംകൂടിവരുന്നു - നെല്‍പ്പാടം ഒരാള്‍ താഴ്ചയില്‍ ആണിവിടെ . കുറച്ചുകൂടി മുമ്പോട്ടു നീങ്ങിയാല്‍ തോടിനും വരമ്പിനും ഇമ്മിണി വലിയ ഒരു വളവും. തോടിനു മീതെയാണെങ്കില്‍ കൈത തലപ്പുകള്‍ വളര്ന്ന്മൂടി നിഗൂഢമായി അങ്ങനെ
നില്ക്കുന്നു. മാഷുടെ പറമ്പ് കാട് പിടിച്ചു വന്യ ഭാവത്തില്‍ ആണ് ഇവിടെ . അങ്ങുയരത്തില്‍ നൂറ്റിപത്ത് കെ വിയുടെ ഇലക്ട്രിക് ടവര്‍ലൈന്‍
ഒരു ചീറലോടെ പോകുന്നു. പലരും അവിടെ കണ്ടീട്ടുണ്ട്
വെന്ന് പറഞ്ഞു കേട്ട , ചീറ്റുന്ന രാജവെമ്പാലയുടെ കഥകള്‍ ഒക്കെ അന്നേരം ചിന്തയില്‍ മിന്നി മറയും. എന്തയാലും ഈ ഭാഗത്തെ
നടത്തത്തിനു "ച്ചിരി" വേഗം കൂടുതല്‍ ആയിരുന്നു എന്നത് ഒരു "വസ്തുത" യായിരുന്നു.
ഓടപഴം
|
ആ വളവ് കഴിഞ്ഞാല്‍ പിന്നെ തോടിന്റെ
രണ്ടു വശവും പാടമാണ്. പിന്നെ വരമ്പിന് നല്ല വീതിയായി. അകലെ ഓരോ
വീടുകള്‍ ഒക്കെ കണ്ടുതുടങ്ങുകയും ചെയ്യുന്നതോടെ നിശ്വാസമെടുത്തുള്ള നടത്തം . ഇനി തോട് വട്ടം
മുറിച്ചുകടക്കണം. വേറൊരു കൈത്തോട് വന്നു ചേരുന്ന അവിടെ തോട് നന്നായി പരന്നാണ് ഒഴുകുന്നത്. അതിനാല്‍ മുട്ടിനൊപ്പം വെള്ളത്തില്‍
മുറിച്ചു കടക്കാന്‍ എളുപ്പമാണ് - ജൂണ്‍
മാസത്തിലെ കുത്തൊഴുക്ക് സമയത്തൊഴികെ. തോട് കുറുകെ കടക്കുമ്പോൾ പരൽ മീനുകളുടെ കൂട്ടയോട്ടം .
പിന്നെ, കല്ല് നിറഞ്ഞ ഊടുവഴിക്കപ്പുറം കുഞ്ഞികണ്ടമാസ്റ്ററുടെ വീട് .അത് കഴിഞ്ഞാല്‍ അബ്രഹാം മാസ്റ്ററുടെ തറവാട് .
മിക്കവാറും അവിടെ എത്തുമ്പോള്‍ സ്കൂളിലെ ഒന്നാം ബെല്‍ കേള്‍ക്കാം . പിന്നെ ഒരു
ഓട്ടമാണ് രണ്ടാം ബെല്‍ അടിക്കുന്നതോടെയെങ്കിലും സ്കൂളില്‍ എത്താനുള്ള ബദ്ധപ്പാടില്‍ ഒരു ഒന്നൊന്നര ഓട്ടം.
3 comments:
Good one
ആ ഒന്നൊന്നര ഓട്ടം...
Thanks Bramaran & Uthram
Post a Comment