Mannampetta School - Olden Times |
എ.യു.പി.എസ് മണ്ണംപേട്ടയില്‍ മഞ്ഞളി അന്തോണി മാഷ് ഹെഡ് മാസ്റ്റര്‍ ആയി ടീച്ചര്‍മാരെയും കുട്ടികളെയും ഒരേപോലെ കിടുകിടാ വിറപ്പിച്ചിരുന്ന കാലം .
അങ്ങിനെ ഇംഗ്ലീഷ് അക്ഷരം നാലേ
പഠിച്ചുള്ളൂവെങ്കില്ലും വര്‍ഷമൊന്നു കടന്നപ്പോള്‍ ഒട്ടുമിക്കവാറും എല്ലാവരും
അഞ്ചാംക്ലാസ്സിലെത്തിപെട്ടു !
നാലക്ഷരംമാത്രം അറിയുന്ന ഞങ്ങളെ ഇംഗ്ലീഷ്
പഠിപ്പിക്കാനായി ദൌര്‍ഭാഗ്യം ഉണ്ടായത് ലില്ലി ടീച്ചര്‍ക്കായിരുന്നു.
ആദ്യദിവസങ്ങളില്‍തന്നെ E മുതല്‍ Z വരെയുള്ള അക്ഷരങ്ങളെ പരിചയപ്പെടുത്തി ടീച്ചര്‍
കടമ്പ ആരംഭിച്ചു. ഒപ്പം തന്നെ ഒരു ഒരു ടാസ്കും തന്നു . സ്വന്തം പേര് സ്പെല്ലിംഗ്
പഠിച്ച് അടുത്ത ദിവസം ക്ലാസ്സില്‍ പറയണം. തെറ്റിയാല്‍ പുത്തന്‍ ചൂരല്‍ കൊണ്ടുള്ള ചുട്ട പെട ഗ്യാരണ്ടി
അങ്ങിനെ ആ ദിവസം വന്നെത്തി . രണ്ടാം പീരീഡ് ആയിരുന്നു ടീച്ചറുടെ . ഓന്നാം പിരീഡിൽ രാവുണ്ണിമാസ്റ്റര്‍ മലയാളത്തിൽ എന്തെങ്കിലും പടിപ്പിക്കുന്നുവോ
ഇല്ലയോ എന്ന് ആർക്ക് ശ്രദ്ധ . 5 Bയില്‍ നടക്കുന്ന ലില്ലി ടീച്ചറുടെ ക്ളാസിന്റെ ശബ്ദത്തിന്റെ
മുഴക്കം 5C യിലും അലയടിച്ചു . ചില കുട്ടികള്‍ പുണ്യാളന്മാരെയും
ചിലര്‍ ദൈവത്തെ നേരിട്ടും വിളിച്ചശേഷം സ്വന്തം പേരിൻറെ സ്പെല്ലിംഗ് ഉരുവിട്ടുകൊണ്ടിരുന്നു. എല്ലാവരുടെയും പരാക്രമം കണ്ടപ്പോള്‍
എനിക്കും ഉള്ളില്‍ ഒരു കത്തല് . കാരണം മുന്നോ നാലോ അല്ല, അക്ഷരം ഒന്‍പതാണ്
കിടക്കുന്നത് എനിക്ക് പറയാനായി. തെറ്റാതെ എങ്ങനെ പറയും ?
പത്തു
മിനിറ്റ് മുന്‍പ് എന്ന് തോന്നിക്കുന്ന വിധം പ്യൂണ്‍ ജോര്‍ജ്ഏട്ടന്‍ പീരീഡ്
ബെല്‍ അടിച്ചു - പള്ളിമണിയുടെ അത്ര മുഴക്കത്തിൽ ! ഉടനെ ലില്ലി ടീച്ചര്‍ എത്തി. പെണ്‍കുട്ടികള്‍ക്ക് ഒരു പരിഗണന
കൊടുത്തുകൊണ്ട് ആണ്‍കുട്ടികള്‍ക്ക് നേരെ ടീച്ചര്‍ ഒന്ന് നോക്കി, വൈകാതെ ഒന്നാമതിരിക്കുന്നവനോട് ചോദ്യവുമെത്തി. നാലക്ഷരത്തിൽ ഉള്ള പേര് J-A-I-N അവന് വേഗത്തില്‍
പെടച്ചു . മ്മടെ വയറിലെ കത്തല് പതുക്കെ മുകളിലേക്ക് കയറി. രണ്ടാമത്തവന്റെ ഊഴമായി. S-A-B-U , അവനും ഭംഗിയായി പറഞ്ഞു.
അടുത്ത ഊഴം എന്റെ. ഞാന്‍
എഴുന്നേറ്റ് നിന്നു . R-A-V-I . പക്ഷേ അവിടെ നിന്ന് മുന്നോട്ടു
ഉറപ്പിച്ച് പറയാന്‍ കഴിയുന്നില്ല. D ആണോ N ആണോ ആകെപ്പാടെ ഒരു 'കണ്ഫൂഷന്'. നിമിഷനേരംകൊണ്ട് മ്മൾ ഒരു തീരുമാനത്തില്‍ എത്തി. 'രവി' കഴിഞ്ഞ് ഒരു ഫുള്‍സ്റ്റോപ്പ് ഉറപ്പിച്ചു. ശരിയായാലും
തെറ്റായാലും ഇത്രയും പെട്ടെന്ന് ജീവിതത്തില്‍ പിന്നീടൊരിക്കലും ഒരു തീരുമാനവും എടുക്കേണ്ടിവന്നിട്ടില്ല !!
ചെറിയ ഒരു പരുങ്ങള്‍ കണ്ടിട്ടാവണം മുഴുവന്‍ പേര്
തന്നെയാണൊ പറഞ്ഞതെന്ന് ടീച്ചര്‍ ചോദിച്ചു.
അതെ എന്ന് എന്റെ ഉറച്ച മറുപടി.. അവിടെയും പോരാതെ മറ്റു കുട്ടികളോട് രവി അതോ
രവിന്ദ്രനോ ശരി എന്നായി ടീച്ചര്‍ . ശത്രുദോഷം അശേഷം ഇല്ലാതിരുന്നതിനാല്‍ രവിയാണ്
ശരി എന്ന് ഉറക്കെ പറയാനായി മുന്ന് നാല് പിള്ളേര്
ഉണ്ടായത് ഭാഗ്യം ! പേര് ഉറപ്പിക്കാനായി ക്ലാസ്സ് ടീച്ചറുടെ കൈയ്യില്‍ നിന്ന്
രജിസ്റ്റര്‍ ബുക്ക് എടുത്ത് റെഫര്‍ ചെയ്ത് നോക്കാതിരുന്നതും മറ്റൊരു ഭാഗ്യം.
ഇതില്‍ ഏതെങ്കിലും ഒരു ഭാഗ്യക്കേട് സംഭവിച്ചിരുന്നുവെങ്കില്‍ മാനം കപ്പല്‍ കയറുമായിരുന്നുവെന്നത് നൂറു തരം. മാനം കപ്പല്‍ കയറാതെ രക്ഷിച്ച മൂന്ന് കൂട്ടുകാര്‍ക്ക് ഇന്റര്വെല്ലില്
തന്നെ ചെറിയ 'ട്രീറ്റ്' നടത്തി - അക്കാലത്തെ മിട്ടായികളിലെ രാജാവ്
ആയിരുന്ന ‘ഖമ്മര്‍’ ഓരോന്ന് വാങ്ങിക്കൊടുത്തു കൊണ്ടായിരുന്നു മ്മടെ സന്തോഷ പ്രകടനം.
പിന്കുറിപ്പ് : 1) KG ക്ലാസ്സുകളില്‍
പഠിക്കുന്ന കുട്ടികളുടെ CBSC ഇംഗ്ലീഷ്
സില്ലബസ് എവിടെ ? എഴുപതുകളിലെ മണ്ണംപേട്ട സ്കൂളിലെ നാലാം ക്ലാസിലെ സില്ലബസ് എവിടെ ? ഈ അജഗജാന്ധരം സ്വന്തം
അനുഭവത്തിന്റെ വെളിച്ചത്തില്‍ കുട്ടികളോട് പറഞ്ഞുവന്നപ്പോള്‍ അത് അവര്‍ക്ക്
രസിച്ചുകണ്ടപ്പോള് ഇങ്ങനെ നാലുവരി കുറിക്കുവാന്‍ തോന്നി
2) ഖമ്മര്‍ - ഉരുക്കി പാകപ്പെടുത്തിയ ശര്‍ക്കരയും നാളികേരപ്പീരയും ചേര്‍ത്തുണ്ടാക്കുന്ന
അതിവിശിഷ്ട മിട്ടായി .
5 comments:
very nice, ravi
@ Sudhir kumar
Thanks Sudhir. Just trying to express about some real experienced s life situations.
Nice memories
ഹഹഹ
സ്കൂളിലെ ഓരോ കാര്യങ്ങളോര്‍ത്താല്‍......!!
Post a Comment