Saturday, October 6, 2012

ഒരു മണിയടിയുടെ ഓര്മക്ക് :



ആ ബാല്യകാല ചിത്രങ്ങളുടെ തെളിമ ആര്‍ക്കാണ് മറക്കാന്‍ കഴിയുക അല്ലേ 

.യു.പി.എസ് മണ്ണംപേട്ടയിലേക്ക് ആദ്യമായി ചേച്ചിയുടെ കയ്യില്‍ പിടച്ചുകൊണ്ട് നടന്നുപോയത്, എവിടെ എവിടെ സ്കൂള്‍ എന്ന പത്തഞ്ഞൂറുപ്രാവശ്യമെങ്കിലും ആവര്‍ത്തിച്ച ( ചിലപ്പോള്‍ കുറച്ചു കുറഞ്ഞേക്കും-എന്തായാലും നൂറില്‍ താഴില്ല!) ചോദ്യത്തിന്നുത്തരമായി ചേച്ചി അകലെനിന്നേ കാട്ടിത്തന്ന പുതിയ വെള്ളയടിച്ച സ്കൂള്‍ മതില്‍, ഇരിപ്പ് ഉറക്കാതെ അച്ഛനമ്മമാരുടെ കുടെ ഓടിപ്പോകാന്‍ അലമുറയിടുന്ന പിള്ളേര്‍, അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രിയപ്പെട്ട മേരിടീച്ചര്‍, ഒരു ക്ലാസ്സ്‌ വലിപ്പത്തില്‍ നിര്മിചിട്ടിരുന്ന  ഭിമാകരനായ തറിയും അത് പഠിപ്പിക്കാനുണ്ടായിരുന്ന ഒരു പാവം തക്ലി ടീച്ചറും, മരത്തിന്‍റെ കാലുമായി വന്നിരുന്നുക്ലാസ്സ്‌ എടുത്തിരുന്ന പാട്ടുടീച്ചര്‍, All In One ആയിരുന്ന പ്യൂണ്‍ ജോര്‍ജ്ഏട്ടന്‍ തുടങ്ങി എത്രയെത്ര മറക്കാനാവാത്ത ചിത്രങ്ങള്‍ .

അന്നൊക്കെ പ്യൂണ്‍ ജോര്‍ജ്ഏട്ടന്‍ ഒറ്റയ്ക്കേ ആ  ഓള്‍റൌണ്ടര്‍ പണിക്ക്‌ ഉണ്ടായിരുന്നുള്ളു. ഇന്നൊക്കെ ആയിരുന്നെങ്കില്‍ ലിമിറ്റഡ് പണികള്‍ മാത്രം  എന്നൊക്കെ പറഞ്ഞു മറ്റു ഉത്തരവാദിത്തം ഏറ്റെടുക്കാതെ കളിക്കുന്നവരായിരിക്കും കൂടുതലും. ബെല്ലടിക്കുകഹെഡ് മാസ്റ്ററുടെ ഓഫീസിലെ പണികള്‍ ചെയ്യുക, ക്ലാസ്സായ ക്ലാസിലെല്ലാം നോട്ടിസുകള്‍ എത്തിയ്ക്കുക, ബെല്ലടിച്ചീട്ടും ക്ലാസ്സില്‍ കയറാതെ പെട്ടികടയില്‍   നിന്നുകൊണ്ട് പല്ലോട്ടി മിട്ടായിയും ഉപ്പിലിട്ട നെല്ലിക്കയും തിന്നുരസിക്കുന്ന വില്ലന്മാരെ ചെവിക്ക് പിടിക്കുക, കുപ്പിക്കായ കളിയില്‍ മുഴുകി  ബെല്ല് കേല്‍ക്കാതെ ഇടവഴിയില്‍ നില്‍ക്കുന്ന കാണികളെയും കളിക്കാരെയും വിരട്ടുക തുടങ്ങിയ പണികളെല്ലാം കഴിഞ്ഞുകിട്ടുന്ന അധികസമയത്ത് ഉപ്പുമാവ് ഉണ്ടാക്കുന്ന ചേച്ചിയെ സഹായിക്കുക, അത്‌ അലംബില്ലാതെ വിതരണം ചെയ്യാനായി നേത്രുത്വം കൊടുക്കുക  തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ചെയ്തു വന്നു.

ഇങ്ങനെ ഭാരിച്ച പണികള്‍ ചെയ്യുന്നത് കണ്ട് മനസ്സലിഞ്ഞുകൊണ്ടല്ലെങ്കിലും, ലീഡിംഗ് പിള്ളരില്‍ ചിലര്‍ അവരുടെ ജന്മനാ കിട്ടിയ ചെത്ത് ശീലം പ്രകടിപ്പിക്കാനായി ബെല്ല് അടിക്കുവാന്‍ സ്ഥിരമായി ജോര്‍ജ്ഏട്ടനെ 'മണിയടിച്ചു' വന്നു

ചെത്ത് പരിപാടിയോട് ഒരു താല്‍പര്യവും ഇല്ലായിരുന്നുവെങ്കിലും ഒരു പ്രാവശ്യം എങ്കിലും ബെല്ല് അടിക്കുവാന്‍ ഉള്ള മോഹം ഇത്തിരി മുതിര്‍ന്നപ്പോള്‍ എന്നിലും കടന്നുകൂടി. ‘മണിയടി രൂപത്തിലല്ലെങ്കിലും ജോര്‍ജ്എട്ടനോട് ഞാന്‍ ആദ്യമായി കാര്യം അവതരിപ്പിച്ചു. ഇന്നത്തെ അടി ഒരുത്തനെ ഏല്‍പ്പിച്ചുവെന്നായിരുന്നു മറുപടി..

 അവിടന്നു കുറച്ചു ദിവസം കഴിഞ്ഞൊരു നാള്‍ ക്ലാസ്സിലേക്ക് വിതരണത്തിനുള്ള ബുക്കെടുക്കാനായി ഓഫിസില്‍ ചെന്നപ്പോള്‍ എനിക്കൊരു ഗോള്‍ഡന്‍ അവസരം ലഭിക്കുകയും ഉടനെ ഞാന്‍  റിക്വസ്റ്റ് പുതുക്കുകയും ചെയ്തു. അന്നത്തെ രണ്ടാം ബെല്ലടിക്കാന്‍ തരാമെന്ന്‌ ജോര്‍ജ്ഏട്ടന്‍ സമ്മതിച്ചു.

ബെല്ല് അടിക്കാനായി വര്‍ഷങ്ങളായി ദാഹിച്ചുമോഹിച്ചു നിന്നിരുന്ന എന്റെ മനസ്സും ശരീരവും സന്തോഷത്തില്‍ മുങ്ങിക്കുളിക്കാനായി തയ്യാറെടുത്തു. ഇരുമ്പിന്റെ കൊട്ടുവടി ജോര്‍ജ്ഏട്ടന്‍ കയ്യില്‍ തന്നപ്പോള്‍ എന്തോ വലിയ ഒരു ട്രോഫി കിട്ടിയ പ്രതീതിയാണ് ഉണ്ടായത്‌. കൊട്ടുവടി ഉയര്‍ത്തിപ്പിടിച്ച് ഞാന്‍ റെഡിയായിനിന്നു. ഓഫിസ് വാതിലിനോട്‌ ചേര്‍ന്ന്, വാച്ചില്‍ നോക്കി നിന്ന ജോര്‍ജ്ഏട്ടന്‍ ആഗ്യം കാണിച്ചതും ഞാന്‍ എന്റെ സര്‍വ ശക്തിയുമെടുത്തുകൊണ്ട് അടി തുടങ്ങി

എന്റെ സ്വന്തം മണിയടിയുടെ അലകളില്‍ ഞാന്‍ സന്തോഷിക്കാന്‍ തുടങ്ങിയോ എന്നറിയില്ല ഒരു വലിയ അലറിച്ച കേട്ടാണ് ഞാന്‍ തിരിഞ്ഞുനോക്കിയത്. ജോര്‍ജ്ഏട്ടന്‍ ഒരു ചീറ്റപുലിയെപ്പോലെ എനിക്കുനേരെ കുതിച്ചു വരുന്നു !! നിമിഷങ്ങള്‍ക്കകം ജോര്‍ജ്ഏട്ടന്‍ എന്‍റെ കയ്യില്‍നിന്നും കൊട്ടുവടി ശക്തിയില്‍ വാങ്ങുകയും മണിയടി തുടരുകയും ചെയ്തു. സാഹചര്യം പന്തിയല്ലെന്നു കണ്ടു കളരിയിലെ പത്തൊമ്പതാം അടവ് നേരിട്ട് പ്രയോഗിച്ചു കൊണ്ട് ഞാന്‍ നിമിഷംനേരംകൊണ്ട് ക്ലാസ്സില്‍ എത്തിഒന്നുമറിയാത്തഭാവത്തില്‍ സീറ്റിലിരുന്നു. 

മനസ്സമാധാനത്തോടെ കാര്യങ്ങള്‍ റിവ്യൂ ചെയ്തപ്പോഴാണ് കാര്യങ്ങള്ടെ കിടപ്പ് പിടികിട്ടിയത്. ഒന്നാം മണിയുടെയും രണ്ടാം മണിയുടെയും താളവ്യത്യാസം 'പ്രോപ്പര്‍' ആയി മനസ്സിലാക്കാത്തത് അയിരുന്നു ആ വന്പിച്ചപരാജയത്തിന് കാരണം. സെക്കന്റ്‌ ബെല്ല് എന്നുവച്ചാല്‍ രണ്ടു ബീറ്റ്‌ അടുപ്പിച്ചും പിന്നെ ചെറിയ ഗാപ്‌ കൊടുത്ത് പിന്നത്തെ രണ്ടു ബീറ്റ്‌ അങ്ങനെ തുടരണം. എന്നാല്‍ ഒന്നാം ബെല്ല് ഒരു ഗാപ്പും ഇല്ലാതെ തുടര്‍ച്ചയായ അടി ആണ്. രണ്ടാം മണിക്കു പകരം ഒന്നാം മണി ശൈലിയില്‍ ആയിരുന്നു ഞാന്‍ പെടച്ചത്.


എന്തായാലും ആ ഒരു പറ്റിനു ശേഷം ഓഫീസ്‌പരിസരത്ത് എങ്ങാനും എന്നെ കണ്ടാല്‍ ബെല്ല് അടിക്കണോ എന്ന ജോര്‍ജ്ന്‍റെ തമാശകലര്‍ന്ന ചോദ്യത്തിന് 'വേണ്ട ജോര്‍ജ്ഏട്ട' എന്ന് വളരെ ബഹുമാനത്തോടെയും സീരിയസ്സായും മറുപടി പറഞ്ഞുവന്നു
.
പിന്‍കുറിപ്പ്‌ നാട്ടറിവ്‌ പ്രകാരം കളരിയിലെ പതിനെട്ടാം അടവ്‌ പൂഴിക്കടകന്‍, പത്തൊമ്പതാം അടവ്‌ - ശരവേഗത്തില്‍ ഉള്ള ഓടി രക്ഷപ്പെടല്‍

2 comments:

ajith said...

കൊള്ളാം കേട്ടോ ബാല്യപുരാണം

ഫോളോവര്‍ ഗാഡ്ജറ്റ് ചേര്‍ക്കാമായിരുന്നല്ലോ ബ്ലോഗില്‍.

രവീൻ said...

നന്ദി അജിതേട്ടോ. Its done.