Thursday, October 4, 2012

വെല്കം ബാക്ക് ടു കുവൈറ്റ്.


        
            

അവധിയൊക്കെ കഴിഞ്ഞു കുട്ടികൂളിപ്രാരാബ്ധങ്ങളും ഒരു വര്ഷത്തേക്കുള്ള കലര്പ്പി ല്ലാത്ത മല്ലി മുളകാദി പലവ്യന്ജനങ്ങളുംമറ്റും ഒക്കെ അടക്കം  രണ്ടു ട്രോളി സാധനങ്ങളുമായി കുവൈറ്റ് എയര്പോര്ട്ടിന് പുറത്ത് ഞങ്ങള്‍ ഇറങ്ങി .


വര്ക്കിംഗ്‌ ഡേ ആയിരുന്നതിനാലും രാവിലെ എട്ടു മണി ആയിരുന്നതിനാലും കാറുമായി വരാന്‍ ആരെയും കിട്ടിയിരുന്നില്ല . പിന്നത്തെ ആശ്രയം സ്വദേശികള്‍ മാത്രം ഓടിക്കുന്ന എയര്പോര്ടട് ടാക്സി തന്നെ. ഒരു തയ്യാറെടുപ്പ്‌ എന്നുള്ള നിലയില്‍ പത്തു ദിനാര്‍ നോട്ട് ചില്ലറ ആക്കി പിടിച്ചു . ട്രോളികളൊന്നും കാണിക്കാതെ തന്നെ അവരുടെ ചാര്‍ജ് അന്വേഷിച്ചു . നാല് ദിനാര്‍ . കഷ്ടിച്ച് അഞ്ചു മിനിറ്റ് സമയത്തില്‍ എത്താവുന്ന നാല് കിലോമീറ്റര്‍  ദൂരമേ ഉള്ളു എങ്കിലും അവരുടെ മിനിമം ചാര്ജ് കൊടുത്തേ പറ്റൂ .

അങ്ങിനെ രണ്ടു ട്രോളികളും തള്ളി ടാക്സി ഓപ്പറേറ്റിംഗ് ഭാഗത്തെത്തി. രണ്ടു ട്രോളി കണ്ടതും, അവിടെ നിന്നുകൊണ്ട് മേല്നോട്ടം വഹിച്ചിരുന്ന സ്വദേശി ഉച്ചത്തില്‍ പറഞ്ഞു രണ്ടു കാറില്‍ കൊള്ളേണ്ട സാധനങ്ങള്‍ ഉണ്ട് . ചാര്ജ് എട്ടു ദിനാര്‍ കിട്ടണം . 
അഞ്ചു ദിനാര്‍ പോരെ എന്ന എന്റെ ചോദ്യം ഒന്നും കേള്ക്കുന്ന ഭാവമേ ഇല്ല.   എട്ടെങ്കില്‍ എട്ട് എന്ന് കരുതികൊണ്ട് ഞാന്‍ സമ്മതിച്ചു . സുമാര്‍ കാല്‍ നൂറ്റാണ്ട്‌ എങ്കിലും പഴക്കമുള്ള ഫോര്ഡ് ‌ കമ്പനിയുടെ ഒരു വങ്കാളന്‍ കാറു വന്നു നിന്നു . ഒരു മാരുതി കാറ് അങ്ങനെ തന്നെ എടുത്തു വക്കാവുന്ന വലിപ്പം ഉണ്ട് അതിന്‍റെ ഡിക്കിക്ക് ! മിക്കവാറും ബാഗുകളൊക്കെ  ഡിക്കിയില്‍ തന്നെ ഒതുങ്ങി . രണ്ടു മൂന്ന് ചെറിയ ബാഗുകള്‍ സീറ്റിലും വച്ചു .
വളരെ പഴക്കമേറിയ വണ്ടിയെങ്കിലും ഉള്‍ ഭാഗം വളരെ പുത്തനായി സൂക്ഷിച്ചു കൊണ്ട് നടക്കുന്ന നല്ല കരുതല്‍ ഉള്ള ടാക്സിക്കാരന്‍ . പിള്ളാരുടെ കയില്‍ ഉണ്ടായിരുന്ന ഐസ് ക്രീം കാറില്‍ വീഴാതെ സൂക്ഷിക്കാന്‍ പുള്ളി നിര്ദേശിച്ചു. കാറില്‍ നിന്നു തന്നെ ടീഷു എടുത്തു കൊടുത്തു കൊണ്ട് പിള്ളേരോട് അക്കാര്യംശ്രദ്ധിക്കാനായി ഞാന്‍ പറഞ്ഞു .

അഞ്ചു മിനിട്ടുകൊണ്ട്  Farwaniya യിലെ ഫ്ലാറ്റിനു മുമ്പില്‍ കാര്‍ എത്തി. ബാഗുകള്‍ ഇറക്കി വക്കാന്‍ ടാക്സിക്കാരന്‍ എന്നെ സഹായിച്ചു . മുന്പ് പറഞ്ഞ് ഉറപ്പിച്ചിരുന്ന എട്ടു ദിനാര്‍ ഞാന്‍ എടുത്ത് കൊടുത്തു. എന്നെ ഒട്ടൊന്നു അത്ഭുതം കൊള്ളിച്ചു കൊണ്ട് അദ്ദേഹം നാല്  ദിനാര്‍ എനിക്ക് തിരിച്ചു തരുന്നു !!

എന്റെ 'മുതീര്‍'  പറഞ്ഞ് ഉറപ്പിച്ച എട്ടു ദിനാറിലെ നാല്  ദിനാര്‍ 'ഹറാം' ആണ്. ആ അധികദിനാര്‍ എനിക്ക് വേണ്ട....അല്‍ഹംദുലില്ലാഹ്’. അദ്ദേഹം പറഞ്ഞു . 

തീര്ത്തും അപരിചിതനായ ഒരു വിദേശിയായ എന്നോട് സത്യസന്ധമായി പെരുമാറിയ ആ മനുഷ്യനില്‍ നന്മയുടെ ഒരു വിളക്ക് ജ്വലിക്കുന്നുവെന്ന്  മനസ്സിലായി . പിരിയുമ്പോള്‍ കൈ കൊടുത്തു കൊണ്ട് ഞാന്‍ സന്തോഷം  പ്രകടിപ്പിച്ചു.
 

എന്‍റെ  നന്ദി പ്രകടനത്തിന് മറുപടിയെന്നോണം ഒരു വിധം ഇംഗ്ലീഷില്‍ തന്നെ അദ്ദേഹം പറഞ്ഞു

വെല്കം ബാക്ക് ടു കുവൈറ്റ്. ഹാവ്‌ വണ്ടര്ഫു ള്‍ ഡേസ് ”

 
വാ സലാമ.

**************

കുറിപ്പ്‌ :1)
അറബിയില്‍ 'മുതീര്‍' എന്നാല്‍  മേലധികാരി

      2) ഉത്രാടദിവസം നാട്ടില്‍ നിന്ന് വണ്ടികയറി പോരെണ്ടിവന്നതിലെ എല്ലാ വിഷമവും  ഈ അപരിചിതനായ മനുഷ്യന്റെ് കുലീനമായ പെരുമാറ്റം അനുഭവിച്ചതോടെ ഇല്ലാതായി എന്നതാണ് സത്യം .

        
         ( Farwaniya in a Winter Season )