കുഞ്ഞുമാണിക്ക്യക്കാര്‍ന്നോര്‍
കൈക്കോട്ടുമായി
പാടത്തേക്കു പോവാന്‍ ഇറങ്ങി. മൂന്ന് നാല് ഏറ് മൂരികളും പൂട്ടുകാരും അഞ്ചാറു പെണ്ണുങ്ങളും അടക്കം പത്തു പന്ത്രണ്ടു
പേരാണ് പാടത്തേക്ക് പണിക്കു പോയിരിക്കുന്നത്. പിന്നെ എങ്ങിനെ കാര്‍ന്നോര്‍ക്ക്
വീട്ടില്‍ ഇരിപ്പുറക്കും? വയസ്സ് എണ്‍പത്കളില്‍ എത്തി നില്ല്ക്കുന്നതൊന്നും പിന്നെ
ഒരു പ്രശനമല്ല. ഈ വയസ്സിലും ‘അദ്ധ്വാനമേ സംതൃപ്തി’ – ഇതാണ് കാരണവരുടെ ‘പോളിസി’. അതിനും എത്രയോ കാലം
കഴിഞ്ഞാണ് സിസേര്സ് സിഗരറ്റ് കമ്പനി പരസ്യത്തിനായി ആ വാചകം
ഉപയോഗിച്ച് തുടങ്ങിയത് !!
ഇറങ്ങുന്നതിനു മുമ്പേ കൌസല്ല്യശ്രീമതിയോട്
പണിക്കാരുടെ എണ്ണം മാത്രമല്ല കാര്ന്നോര് പറഞ്ഞത് . കാലത്തെ കഞ്ഞിക്കും ഉച്ചക്കുള്ള
ഊണിനും കൂടെ അടുപ്പത്ത് ഇടേണ്ട അരിയുടെ കണക്കും കൂടി പറഞ്ഞു ! ഉരി അരി കുറഞ്ഞാലും
വിരോധമില്ല ഒട്ടും കൂടുതല്‍ എടുക്കുവാന്‍ ഒരുകാരണവശാലും പാടില്ല എന്ന് മൂപ്പിലാന് നിര്‍ബന്ധമാണ്.
സാധാരണ ‘മെനു’ അല്ലാതെ പ്രത്യകമായി എന്തെങ്കിലും ഉണ്ടാക്കാനായി കൊല്ലത്തില്‍
മൂന്ന് ദിവസമാണ് കാരണവരുടെ അനുമതി ഉള്ളത് –
തിരുവോണം, വിഷു പിന്നെ വരാക്കരക്കാവിലെ
പൂരത്തിനും. ഇതല്ലാതെ ലഘുമായി പൊരുത്തലടയോ മറ്റോ ഉണ്ടാക്കാന്‍
അനുമതിയുള്ളത് അടുത്ത ബന്ധുജനാധികൾ വിരുന്നുവന്നാല്‍
മാത്രമാണ്.
‘മാവും പിലാവും പുളിയും തെങ്ങും മിളം കവുങ്ങും’
ഒക്കെ യുള്ള വലിയ പറമ്പൊക്കെ ചാരുപറമ്പത്ത് വീട്ടില്‍ കുഞ്ഞുമാണിക്ക്യക്കാര്‍ന്നോര്‍ക്ക് സ്വന്തമായ്
ഉണ്ടെങ്കിലും പത്തമ്പത് പറക്ക് നിലം പണിയുന്നത് മുഴുവന്‍ ‘താഴത്ത്’
വീട്ടുകാരുടെ കാര്യസ്ഥത്തിൽ പന്തലൂര്‍ മനക്കാരുടെ വക പാട്ടനിലത്തിലാണ് . വിളവ്
നന്നായാലും മോശമായാലും പാട്ടം നന്നായി
തന്നെ അളന്നു കൊടുക്കണം. പാട്ടനെല്ല് അളന്നുകൊടുത്താല്‍ പിന്നെ ബാക്കിയാവുന്നത് കൊണ്ട് വീട്ടുകാരുടെയും
പണിക്കാരുടെയും ചിലവ് കഷ്ടിച്ച് കഴിഞ്ഞുപോകും അത്രതന്നെ . അടുത്തപൂ കൃഷി വിളവെടുക്കാന്‍
കുറച്ചു വൈകുകയോ മറ്റോ ചെയ്താല്‍ അരിക്ക് പകരം മറ്റുവഴികള്‍ അന്വേഷിക്കേണ്ടി വരും –
ചാമയോ, ചെറുകിഴങ്ങോ കൊള്ളികിഴങ്ങോ ഒക്കെയായി.
അങ്ങിനെ അന്ന് അരിയുടെ കണക്കും പറഞ്ഞ് മൂപ്പിലാന് പോയി.
വെയില് കടുക്കും മുമ്പേ കഞ്ഞിക്കലവും
കായത്തോരനും വിളമ്പാനായി തേച്ചുമിനുക്കിയ ഓട്ട് കിണണങ്ങളും പ്ലാവിലക്കയിലുകളും
ഒക്കെയായി കൌസല്ല്യ ശ്രീമതി പാടത്തെത്തി. കാരണവര്‍ക്കും കൂടെ പണിയുന്ന എല്ലാവര്ക്കും വയറുനിറയെ വിളമ്പിക്കൊടുത്ത് തൃപ്തിയായി തിരിച്ചുപോന്നു .
തിരിച്ച് വീട്ടിലെത്തിയതും എങ്ങനെയോ ശ്രീമതിക്കൊരു പൂതി മനസ്സില്‍ കേറി. ഇത്തിരി പായസം കഴിചീട്ട് എത്ര നാളായി ? സത്യം പറഞ്ഞാല്‍ കഴിഞ്ഞ തിരുവോണത്തിന് കഴിച്ചതാണ്. ഈയടുത്ത് കഴിഞ്ഞ വിഷുവിനാണെങ്കില്‍ പാച്ചോറും ശര്‍ക്കരനീരും ആണ് ഉണ്ടാക്കിയത്. ഇത്രക്കും പണിക്കാര് ഉള്ളപ്പോള്‍ കാരണവര്‍ എന്തായാലും ഉച്ചക്ക് മുമ്പേ വീട്ടിലേക്കു തിരിച്ചു വരുന്ന പ്രശ്നമേ ഇല്ല. ഇത് തന്നെ തക്കം. കുറച്ച് പായസം കാരണവര്‍ അറിയാതെ ഉണ്ടാക്കുക തന്നെ 🤪 പേരക്കുട്ടികള്‍ക്കും ഇമ്മിണി വല്യ സന്തോഷമാവും.
തിരിച്ച് വീട്ടിലെത്തിയതും എങ്ങനെയോ ശ്രീമതിക്കൊരു പൂതി മനസ്സില്‍ കേറി. ഇത്തിരി പായസം കഴിചീട്ട് എത്ര നാളായി ? സത്യം പറഞ്ഞാല്‍ കഴിഞ്ഞ തിരുവോണത്തിന് കഴിച്ചതാണ്. ഈയടുത്ത് കഴിഞ്ഞ വിഷുവിനാണെങ്കില്‍ പാച്ചോറും ശര്‍ക്കരനീരും ആണ് ഉണ്ടാക്കിയത്. ഇത്രക്കും പണിക്കാര് ഉള്ളപ്പോള്‍ കാരണവര്‍ എന്തായാലും ഉച്ചക്ക് മുമ്പേ വീട്ടിലേക്കു തിരിച്ചു വരുന്ന പ്രശ്നമേ ഇല്ല. ഇത് തന്നെ തക്കം. കുറച്ച് പായസം കാരണവര്‍ അറിയാതെ ഉണ്ടാക്കുക തന്നെ 🤪 പേരക്കുട്ടികള്‍ക്കും ഇമ്മിണി വല്യ സന്തോഷമാവും.
നാഴി അരി ഉടനെ കഴുകി അടുപ്പത്തിട്ടു കൌസല്ല്യ . തിളച്ചു വരാന്‍
തുടങ്ങിയതും അഞ്ചാറു വെല്ലം ശര്‍ക്കര ചേര്‍ത്തു.
കുറച്ചു നാളികേരം ചിരകാന്‍ ഇരുന്നതും പടിക്കല്‍ നിന്നും മൂപ്പിലാന്റെ വിളി ഉറക്കെ
!
പണിക്കിടയില്‍ പതിവില്ലാതെ ചെറിയ വയ്യായ്ക
തോന്നിയത്രെ. ഉമ്മറത്തെ ചവിട്ടു പടിയില്‍ തന്നെ കാരണവര്‍ ഇരുന്നു. കൌസല്ല്യ കൊടുത്ത സംഭാരം
കുടിച്ചു കുറച്ചുനേരം വിശ്രമിച്ചതും കാരണവര്‍ വീണ്ടും ഉഷാറായി.
കൌസല്ല്യ അടുക്കളയിലേക്കു പോയി . ഉച്ചക്ക്
പണിക്കാര്‍ക്ക് ഊണ്
കൊടുക്കാനുളളതാണ് – സാമ്പാറ് ഉണ്ടാക്കാനുള്ള കുമ്പളങ്ങ നുറുക്കിക്കൊണ്ടിരിക്കുന്നതെ ഉള്ളൂ.
കൊടുക്കാനുളളതാണ് – സാമ്പാറ് ഉണ്ടാക്കാനുള്ള കുമ്പളങ്ങ നുറുക്കിക്കൊണ്ടിരിക്കുന്നതെ ഉള്ളൂ.
ഇരുന്നു വിശ്രമിച്ചത് ഉമ്മറത്തിരുന്നാണെങ്കിലും
ഗ്രാണശക്തിയില്‍ അഗ്രഗണ്യനായിരുന്ന കാരണവര്‍ തൻ്റെ ‘മെനു’ വില്‍ പെടാത്ത എന്തോ ഒന്ന് അടുക്കളയില്‍ അടുപ്പത്ത് ഉണ്ട് എന്ന്
മനസ്സിലാക്കി.
അടുക്കള പരിസരത്ത് ചെന്നുകൊണ്ട് കാരണവര്‍ ചോദിച്ചു
“സാമ്പാര്‍ കഷണം നുറുക്കിക്കഴിഞീട്ടില്ല.
അപ്പൊപിന്നെ എന്താണ് അടുപ്പത്ത് ? ”
ചോദ്യത്തിൻ്റെ അപകടം മനസ്സിലാക്കിയ കൌസല്ല്യ
എങ്ങിനെയെങ്കിലും രക്ഷപെടാനുള്ള അവസാനത്തെ കൌശലം കാണിച്ചു കൊണ്ട് പറഞ്ഞു
“അത് മുഷിഞ്ഞു നിറം പോയ മുണ്ടും റൌക്കയും
കാരമിട്ടു പുഴുങ്ങി അല ക്കാന്‍ അടുപ്പത്ത് വെച്ചിരിക്കുകയാണ്”
ഇത് കേട്ടതും മൂപ്പിലാന്റെ സര്‍വനിയന്ത്രണവും
പോയി. താന്‍ ഇല്ലാത്ത നേരം നോക്കി ‘മെനു’ വില്‍ ഇല്ലാത്ത എന്തോ ഉണ്ടാക്കി
കഴിക്കാന്‍ ശ്രമിച്ചതു കൂടാതെ, തന്നെ നുണ പറഞ്ഞു പറ്റിക്കാന്‍കൂടി ശ്രമിക്കുന്നു. കാരണവരിലെ പുലി എങ്ങിനെ സഹിക്കും ഇത് ?
പാത്യംപുറത്തിനടുത്തേക്ക് നടന്നടുത്ത കാരണവര്‍, തൻ്റെ വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് എന്തോ ഒന്ന് ഊരിയെടുക്കലും അടുപ്പത്ത് തിളയ്ക്കുന്ന പാത്രത്തിന്റെ
മൂടി മാറ്റി അതിലേക്കു ഇടലും ഞൊടിയിടയില്‍ കഴിഞ്ഞു . “എടിയേ , നിൻ്റെ കൂറത്തുണികള്‍
പുഴുങ്ങി അലക്കാന്‍ വച്ചിരിക്കുക അല്ലെ, എന്നാല്‍ പിന്നെ എൻ്റെതും കൂടെ അതില്‍
കിടന്നോട്ടെ. അതും മുഷിഞ്ഞു വല്ലാതെ മെനകെട്ടിരിക്കുന്നു”
ശേഷം ചിന്ത്യം.
പാവം കൌസല്ല്യ. പായസ മോഹം തകര്‍ന്നതോ പോകട്ടെ, പായസത്തില്‍ വീണ് ഒരു പരുവത്തിലായ കാരണവരുടെ കൌപീനം കഴുകി വൃത്തിയാക്കൽ എന്ന പണി കൂടി കിട്ടി !!
സമര്‍പ്പണം:
ലുബ്ധം പിടിച്ചു ജീവിച്ചു പരമാവധി മിച്ചം ഉണ്ടാക്കി
അത് ഭൂസ്വത്തായി സംബാദിച്ച പഴയ തലമുറയിലെ കാരണവന്മാര്ക്കും അവരുടെ കൂടെ എന്നും എല്ലാവര്ക്കും
വച്ച് വിളമ്പി, അവസാനം ഭാക്കിയാവുന്ന കഞ്ഞിവെള്ളം മാത്രം കുടിച്ചു കഴിഞ്ഞിരുന്ന സഹധര്‍മമിണിമാര്‍ക്കും.
പദ വിവരം :
1) പുഴുക്കലക്ക് – കാരം ( A
KIND OF STRONG DETERGENT POWDER ) ഇട്ട് തുണി അടുപ്പത്ത് വച്ച് തിളപ്പിച്ച് കഴുകി എടുക്കുന്നത്.
2) ഏറ് = ജോഡി
3) പൊരുത്തലട = അരിപ്പൊടിയും ചതച്ച ഉള്ളിയും ചേര്‍ത്ത്
അല്‍പ്പം കട്ടിയില്‍ ഇലയില്‍ പരത്തി ചുട്ടെടുക്കുന്ന അട.
4) പാച്ചോര്‍ : പച്ചരി വെന്തുവരുമ്പോള്‍
നാളികേരപ്പാല് ചേര്‍ത്ത് ഉണ്ടാക്കുന്ന വിഷു വിഭവം.
5) റൌക്ക = പഴയക്കാലത്തെ, കെട്ടോട് കൂടിയബ്ലൌസ്.
കുറിപ്പ്:
ജന്മികുടിയാന് കാലഘട്ടത്തിന്റെ അവസാന
സമയത്ത്, നാട്ടിലെ ഒരു കാരണവര്‍ ചെയ്ത ഈ ക്രൂരക്രിത്യം ഒരു വാമൊഴി
കഥയായി
കുഞ്ഞുനാളുകളില്‍ അച്ഛന് പറഞ്ഞു തന്നതാണ്. തലമുറകള്‍ മുമ്പ് നടന്ന കാര്യമാണെങ്കിലുംകാര്‍ന്നോരുടെ പുതുതലമുരക്കാര്‍ക്ക് മാനഹാനിക്ക് ഇപ്പോഴും SCOPE ഉള്ളതിനാല്‍ യഥാര്‍ത്ഥ വീട്ടുപേരിനു മാറ്റം വരുത്തി ആണ് ഇവിടെ
ഇട്ടിരിക്കുന്നത്.
12 comments:
വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം
ചില കാര്ന്നോന്മാര് ഇങ്ങനെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ ഒരു അമ്മാവന് എന്നും ഊണിന് അരി അളന്ന് കൊടുക്കുമായിരുന്നുവെന്നതിന് ഞാന്‍ സാക്ഷിയുമാണ്.
കഥയും എഴുത്തും നന്നായിട്ടുണ്ട്
നന്ദി അജിത് ചേട്ടാ
കൊള്ളാം.
ഫലിതം നന്നായി വഴങ്ങുമെന്നു തോന്നുന്നു.
ഭാവുകങ്ങള്‍ .
ഒരു Follow Button ആവശ്യമാണെന്നു തോന്നുന്നു.
ഫലിതം നന്നായി വഴങ്ങുന്നുണ്ടല്ലോ. ആശംസകള്‍.
വിനോദിനും ഉദയപ്രഭനും നന്ദി.
vichaarangal kollaam.verum kaddha paracchilinte aalasyam kaanunnu.vayalelakalilum paniyidangalilum paranjupazhakiya nerampokkukal ennethilupary oru puthuma anubbhappedunnilla.Ee paracchilinte saamgathyam oru visaalamaaya kazchappadil vilichu parayumbolalle athinu praskakthi kaivarunnathu! ethaayaalum kaddtha pracchilkinte laalithyam kollaam.Enkilum vere chilathu koodi veruthe pratheekshichupovunnu.Kanni manga pottichu aaa maavinte thadiyil thanne uracchu appole thanne kadichu thinnumbol anubhavappedunna oru tharam chavarppu, baalyathinte kalanju poya nombarangalude oru ormappeduthal, enningane chilathu koodiyillengil epparanjathinnu enthu saangahtyam!.Alppam samakaalika praskthi kalarthiyaalo. Kappanivalappilekkum aanamalayilekkumulla nadavazhikale karinkallum podiyimittu balaansangam cheythathu, puttan saangethika kaazchakal graama vazhikale vazhipizhappichathu, thudangiyava. Melpparanjave oru prahasanammayi thonnunnuvenkil khsamikkuka.ethu srishtiyum athintethaaya puthuma ulkkollunnundu.allengilum vimarsanam eluppamaanu, pravarthiyaanu dukkham!
എന്റെ നന്നേ ചെറുപ്പം മുതല്‍ കേട്ടിട്ടുള്ള ഒരു നാടന്‍ നര്മ്മമാണിത്. സന്ദര്‍ഭത്തിനു അനുസരിച്ച് ഞങ്ങള്‍ ഇത് ഉപയോഗിക്കും!
അവതരണം വളരെ നന്നായി. വീണ്ടും എഴുതുക. ഭാവുകങ്ങള്‍.
http://drpmalankot0.blogspot.com
http://drpmalankot2000.blogspot.com
Anonymous ആയി നീണ്ട കമെന്റ് എഴുതിയ ഉണ്ണിയേട്ടനും ഡോ. പി. മാലങ്കോടിനും നന്ദി
ചെറുപ്പത്തില്‍ കേട്ടിരുന്ന ഒരു നര്‍മ്മമാണ്. കോണകം പുഴുങ്ങാല് ഇട്ട കഥ. വളരെ നന്നായി അവതരിപ്പിച്ചു. പോരുത്തലടക്ക് ഞങ്ങള്‍ പറയുന്നത് ഓട്ടട എന്നാണ്. പൊരുത്തലട എന്ന് ഞങ്ങള്‍ പറയുന്നത് ശര്‍ക്കരയും നാളികേരവും ചേര്‍ത്ത് നടുവില്‍ വെച്ച് മടക്കി ചുട്ടെടുക്കുന്ന അടക്കാണു. നാളികേരം മാത്രം ചേര്‍ത്താല്‍ അതിനു പുവ്വട എന്നും പറയും. ഇതൊക്കെ എഴുതുമ്പോ ഒരു കൊതിയും വരുന്നുണ്ട്.
പുതിയ പോസ്റ്റ് അറിയാന്‍ ഫോളോ ഇല്ലാത്തതിനാല്‍ ഒരു മെയില്‍ അറിയിപ്പ് തന്നാല്‍ നന്നായിരുന്നു.
രസമായി പായസക്കഥ. വായിച്ചു തീർന്നപ്പോൾ പായസം കുടിക്കാനൊരു പൂതി!
അക്ഷരങ്ങൾ അവിടവിടായി ഒന്ന് ശരിപ്പെടുത്താനുണ്ട്. നോക്കുമല്ലോ?
Ahmadiahil ninnu poyalum samayam kandethi nalla nalla phalithangal ezhuthuka. vayikkan njangalkku ishtamanu.
Post a Comment