കുട്ടിക്കാലത്ത് എപ്രില്‍ മെയ്
മാസങ്ങളെന്നാല്‍ വേനലവധിയുടെയുംവിഷുവിന്റെയും അര്മാദിപ്പ്കാലം മാത്രമല്ല, കുടുംബക്കാര് എല്ലാവരും ചേര്‍ന്ന് നടത്തുന്ന
തോറ്റംപാട്ടിന്റെ ദിനങ്ങള്‍കൂടി ആയിരുന്നു
. പഞ്ചവര്‍ണ്ണപ്പൊടി കള്‍ കൊണ്ടുള്ള മനോഹരമായ കളമെഴുത്തും കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും
വാദ്യഘോഷങ്ങളും തുള്ളലും ഒക്കെയായി രണ്ടു ദിനരാത്രങ്ങളെ കൌതുകമയമാക്കിവന്നിരുന്നു. കാരണവന്മാരായി ആരാധിച്ചു വരുന്ന മൂര്ത്തികല്ക്കെല്ലാം
‘ആണ്ടുക്കോള്' നല്കി സന്തോഷിപ്പിക്കുന്നതായാണ് തോറ്റംപാട്ടിന്റെ സങ്കല്പം.
പഞ്ചായത്ത് പ്രസിഡണ്ടും വലതു
കമ്മ്യുണിസ്റ്റും കൂടിയായിരുന്ന സുബ്രമണ്യൻ വെല്ലിച്ചന് ആയിരുന്നു ‘അമേച്വര്‍’ കോമരങ്ങളില്‍
പ്രധാനി . തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നതോ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നതോ എന്തിന്
കാലില്‍ ഉണ്ടായിരുന്ന ‘ആണി’യുടെ അസുഖം പോലുമോ ഒന്നും കാര്യമാക്കാതെ ഈ അനുഷ്ഠാനം പ്രായമാവുന്നത് വരെയും തുടര്‍ന്നു വന്നു . തങ്ങളുടെ
വീട്ടമ്പലത്തിലെ തോറ്റംപാട്ട് ഉത്സവത്തിന്
ഇങ്ങനെയൊരു 'പ്രമുഖനായ' കോമരവും ഉണ്ടെന്നുള്ളത് മിക്കവാറും വീട്ടുകാര്‍ക്കും ഒരു സ്വകാര്യ അഹങ്കാരവും
ആയിരുന്നു. ഇത് പ്രകടിപ്പികുന്നവരോട് കടുത്ത ഇടതു കമ്മ്യൂണിസ്റ്റ് ആയ ശ്രീധരൻ പാപ്പന് മാത്രം പലപ്പോഴും തർക്കശാസ്ത്രപ്രകാരമുള്ള ചില ചില വിതർക്കങ്ങൾ നടത്തിവന്നു - ഒരു ‘റെബല്‍’ പരിവേഷത്തില്‍ .
മറ്റൊരു കോമരം
നാരണാപ്പനായിരുന്നു . ഒരാണ്ട് മുഴുവനും മറ്റു വീട്ടുകാരുമായി ഒരു ഇടപഴക്കവും
ഇല്ലായെങ്കിലും തോട്ടംപാട്ട് ദിവസങ്ങളില്‍ എല്ലാത്തിനും മുന്പില് തന്നെ ഉണ്ടാവും
പുള്ളിക്കാരന് .
അങ്ങിനെ കാലം കഴിയവേ പഴയ കോമരങ്ങളുടെ പ്രായം ഒരു തടസ്സമായി തുടങ്ങി ഒപ്പം പുതിയ കോമരങ്ങള്‍ക്ക് കടുത്ത ക്ഷാമവും. വീടുകാരെല്ലാവരും പുതു തലമുറയിലെ
ചെക്കന്മാരെ പ്രതീക്ഷയോടെ നോക്കി . ചില
കണ്ണുകള്‍ എന്നിലും എത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു. " ഓരോ വീടുകളില്‍ നിന്നും ഓരോ വര്‍ഷത്തിലും പുതിയ കോമരങ്ങള്‍ ഉണ്ടാവാൻ പൊന്നു ദൈവ കാരാണവന്മാരെ അനുഗ്രഹിക്കണേ" എന്ന് ഏറ്റവും മുതിർന്ന ലക്ഷ്മി വെല്ലിമ്മ ഉറക്കെ പ്രാര്ഥിച്ചതിന്റെ അടുത്ത വര്‍ഷം സുബ്രമണ്യൻ വെല്ലിച്ചന്റെ മകന്പുതിയ കോമരമാവാന് സധൈര്യം രംഗത്ത് വന്നു - കന്നിതുള്ളല്തന്നെ വിജയകരമാക്കി.
എന്തായാലും അധികം വൈകാതെ പുതുകോമരം തൊഴില്‍ അന്വേഷിച്ചു ഗള്‍ഫിലേക്ക്
പറന്നു . പുതു മഴയുംഏറ്റുമീനും കഴിഞ്ഞു,ഓണവും ക്രിസ്മസ്സും പിന്നെ വരാക്കര പൂരവും കഴിഞ്ഞു, പുഞ്ചപ്പാടത്ത് മൂന്നാം പൂവ് കൃഷിയും കൊയ്തു കഴിഞ്ഞപ്പോള്‍
അടുത്ത മെയ്മാസം അങ്ങ് ഓടിയെത്തി
. ഒപ്പം അടുത്ത തോറ്റംപാട്ടും എത്തിപ്പോയി .
പാട്ട് ദിവസം സന്ധ്യക്ക് ഒന്നാമത്തേതായ
ദൈവത്തിന്റെ കളം വരച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നാരണാപ്പന് എന്നെ പിടികൂടി
കൊണ്ട് ഗൗരവത്തോടെ പറഞ്ഞു “ ഇന്ന് കളം
പൂജിക്കേണ്ടത് നീയാണ്, വേഗം കുളിച്ചു തയ്യാറായി വാ ”. നാരണാപ്പന്റെ ഇങ്കിതം എനിക്ക് നല്ലപോലെ വ്യക്തമായിരുന്നു. കാള വാല് പൊക്കുമ്പോഴേക്കും നമ്മള്‍ക്ക് അറിഞ്ഞുകൂടെ ഇങ്കിതം ! ഇങ്ങിനെ പൂജ
ചെയ്യാന്‍ മാത്രം എന്ന് പറഞ്ഞു വിളിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം ഒരുത്തനെ ‘തുള്ളിച്ചു’
വിട്ടത്. സംഗതികള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടുകാരുടെ എല്ലാവരുടെയും മുമ്പില്‍
വച്ച് പ്രായമായവര്‍ പറയുന്നത് എങ്ങനെ തള്ളും? പരിപാടി ‘അമേച്വര്‍’ ആണെങ്കിലും ഒരു കോമരമായി തുള്ളാന്‍ എനിക്ക് താല്‍പ്പര്യം
ഒട്ടില്ലതാനും. ചുരുക്കത്തില്‍ കച്ചീട്ട് ഇറക്കാനും വയ്യ മധുരിച്ചീട്ട് തുപ്പാനും
വയ്യ എന്ന അവസ്ഥ .
അവസാനം ഒരു
തീരുമാനത്തിലെത്തി - എന്തായാലും പൂജ ഏറ്റെടുക്കുക തന്നെ. ബാക്കിഎല്ലാം
വരുന്നിടത്ത് വച്ച് കാണാം .
കലാകാരന്മാര്
അതിമാനോഹരമായി കളമെഴുതി . കുളിച്ചുവന്ന ഞാന്‍ കളം അവരില്‍നിന്നും ‘കൈകൊണ്ട്’ നാല്
ഭാഗത്തും നിലവിളക്ക് തെളീച്ചു. മുതിര്‍ന്ന ചില കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കലാകാരന്മാര്ക്ക് ‘മരനീര്’ നല്കി. അത് ‘കൈകൊണ്ട്’ അവരും
സന്തോഷിച്ചു.
പിന്നെ അവര്‍ ‘ഉരുട്ടുചെണ്ട’
യുടെ പശ്ചാത്തലത്തില്‍ ദൈവതോറ്റങ്ങള്
കൊട്ടിപാടി . നാരണാപ്പന്റെ മേല്‍നോട്ടത്തില്‍ പൂജകള്‍ ഒന്നൊന്നായി ഞാന്‍ ചെയ്തു –
ജലം,പുഷ്പം,വിളക്ക് ഇവ ഓരോന്നായി കളത്തിന്റെ നാലു വശത്തു നിന്നും മുമ്പോട്ടും
പുറകോട്ടും അര്‍പ്പിച്ചു ഓരോന്നിനും മൂന്ന് വീതം വട്ടം ചുറ്റി . ഇനി ദൂപം ബാക്കിയുണ്ട്. ചെണ്ടയുടെ മേളപെരുക്കം ഏറിവരുന്നു . അതുവരെ പുറത്തു നിന്ന് പറഞ്ഞു
തന്നിരുന്ന പാപ്പന് ഇപ്പോള്‍ എന്റെ പുറകില്‍തന്നെ കൂടിയിരിക്കുന്നു . തന്നെയുമല്ല
വേഗം വേഗം ചെയ്തു മുന്നേറാന്‍ ഒരു പാപ്പന്റെ ശരീര ഭാഷ നിര്‍ബ്ബന്ധിക്കുന്ന മാതിരി. ഞാന്‍ വേഗം കൂട്ടി ചൈയ്യുന്നുവെങ്കിലും അനുനിമിഷം അതിലും വേഗതക്ക് പാപ്പന് നിര്‍ബന്ധിക്കുന്നു. മുന്നാം റൗണ്ട് എത്തിയപ്പോഴേക്കും എന്റെത് ഒരു ഓട്ടമായി മാറിയിരുന്നു - പുറകില്‍ മ്മളെ ‘ ഓടിക്കാനായി’
പാപ്പനും. റൗണ്ട്കള് വീണ്ടും ഒന്ന് രണ്ടു കഴിഞ്ഞെങ്കിലും അവിടെ നിന്ന് പിന്നെ
പുരോഗതി ഒന്നും ആവുന്നില്ലതാനും. പിന്നില്‍ നിന്നും അതി ശക്തമായ ഒരലറിച്ച കേട്ട ഞാന്‍
ഓട്ടത്തിനിടെ തിരിഞ്ഞു നോക്കി. എന്നെ തുള്ളിക്കാന്‍ ആവതു പരിശ്രമിച്ച
പാപ്പന് സ്വയം ഉറഞ്ഞു തുള്ളാന്‍ തുടങ്ങിയിരിക്കുന്നു! കളത്തിനു ചുറ്റും എന്റെ ‘ഓടിക്കളി’ തുടര്‍ന്നപ്പോള്‍
“എന്നാലിനി താന്‍ തന്നെ തുള്ളാം” എന്ന് പാപ്പന്
കരുതിയിരിക്കാം. എന്തായാലും നാരണാപ്പന്സ്വയം തുള്ളാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍
ഓട്ടത്തിന്റെ വേഗത ഒട്ടും കുറക്കാതെതന്നെ പൂജാ
സാമഗ്രികള്‍ വച്ചിരിക്കുന്ന ഭാഗത്തേക്ക് കുതിച്ചു. അരമണി എടുത്ത് തുള്ളിനില്ക്കുന്ന
പാപ്പന്റെ അരയില്‍ കെട്ടിക്കൊടുക്കാനായി പരമാവധി സഹായം ചെയ്തു.
അങ്ങിനെയൊക്കെയാണ് ഞാനൊരു ‘അമേച്വര്‍’ കോമരം ആവാതെപ്പോയത് എന്ന്
പറയുകയായിരുന്നു .
പദസൂചിക:
മരനീര് – ശുദ്ധമായ ചെത്തുകള്ള്.
ഉരുട്ടുചെണ്ട – ഒരു തരം
ചെറിയ ചെണ്ട – സാധാരണ ചെണ്ടയില്‍
കൊട്ടിയാണ് ശബ്ദം ഉണ്ടാക്കുന്നത് . എന്നാല്‍ ഈ ചെണ്ടയില്‍ അറ്റം അര്‍ദ്ധ
വൃത്താകൃതിയില്‍ വളഞ്ഞ ഒരു കോല്ക്കൊണ്ട് വരഞ്ഞു കൊണ്ടാണ് ശബ്ദം ഉണ്ടാക്കുന്നത്.
കൈകൊള്ളുക – സ്വീകരിക്കുക
7 comments:
നല്ലൊരു പോസ്റ്റ്... '
നന്നായി എഴുതി
ആശംസകൾ
പരിചയമില്ലാത്ത വിശേഷങ്ങള്‍
Thanks to Aneesh,Shaju & Ajithettan.
ഒരുപാടുനാളായി ഒരുതുള്ളൽ കാണണം എന്ന ആഗ്രഹവുമായി നടക്കുകയായിരുന്നു.. തോറ്റം പാട്ട് എന്തോ മഹാ സംഭവം ആണെന്ന ഭാര്യവക കമന്റും കൂടിയായപ്പോൾ തൂള്ളലോ തുള്ളൽ കാരോ ഇല്ലാത്ത പാവം ഈ ചെറായിക്കാരന്റ മനസ്സും ഒന്ന് തുള്ളിപ്പോയ്യി..
എന്തായാലും തുള്ല്ല് കാണാൻ പുതുമണവാളന്റെ മോഡിയിൽ (നമ്മൂടെ നരേന്ദ്രന്റെ മോഡിയല്ലാട്ടോ) ചെന്നുകയറീയത് ഭാര്യവക തറവാട്ട് വീട്ടിൽ..
ചെറിയ ഒരു അമ്പലമുറ്റത്ത് ഭംഗിയായി വരച്ചിട്ടിരുന്ന കോലവും കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും പ്രത്യേക ഈണത്തിലും താളത്തിലന്മുള്ള തോറ്റം പാട്ടും ഏതായാലും പ്രത്യേക അനുഭവമായി..
കാത്ത് കാത്തിരുന്ന തുള്ളൽ അകത്ത് ചെൻന്ന തുള്ളിയൂടെ ബലത്തിലാണെന്ന് മനസ്സിലായതോടെ (കൂടുതൽ വിസ്തരിക്കുന്നില്ല നേരെ വീട്ടിലേക്ക് ത ന്നെചെല്ലാനുള്ളതാ) നുമ്മ സ്റ്റാൻഡ് വിട്ടു..
തോറ്റം പാട്ട് അനുഭവം ബിനീഷിന്റെ കുറച്ചു വരികളിൽ തന്നെ പ്രകടമായി .
നന്ദി ബിനീഷ് - ഈ വരവിനും കമൻറിയതിനും.
സുപരിചിതമായ നമ്മുടെ നാട്ടിന്‍പുറത്തെ വിശേഷങ്ങള്‍. ഇപ്പോഴും കോമരങ്ങളൊക്കെയുണ്ട്, രൂപത്തിലും ഭാവത്തിലും ചെറിയ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും. നാട്ടിന്‍പുറത്തിന്റെ നിര്‍മ്മലഭാവം വളരെ നന്നായി വരച്ചുകാട്ടി.
Post a Comment