Thursday, February 1, 2018

കേരമധു


തൊഴില്‍ തേടി മുംബൈ മഹാനഗരത്തിലേക്ക് എത്തിയീട്ട് ഏതാനും മാസങ്ങള്‍ ആയിരിക്കുന്നു. അതിനും മുമ്പേ എത്തിപെട്ടതാണ്  പ്രിയസുഹൃത്ത് സുരന്‍ . മുംബൈയുടെ വടക്കന്‍ പ്രാന്തപ്രദേശമായ 'വീരാറി' ന്‍റെ പച്ചപ്പില്‍, ജന്മനാടിന്‍റെ നൊസ്റ്റാള്ജിയ തേടി അന്നൊരു ദിനം ഞങ്ങള്‍ സംഗമിച്ചു. ഒരു മലയാളിക്ക് നൊസ്റ്റാള്ജിയ നുകരാന് മുംബൈയില്‍ ഇതിലും നല്ല സ്ഥലം സ്വപ്നങ്ങളില്‍ മാത്രം 🌴🌳🌴🌳🌴🌳🌴🌳🌴🌳🌴

 ഒരാൾ വട്ടം പിടിച്ചാല്‍ പിടി എത്താത്തവയാണ് വിരാറിലെ തെങ്ങുകള്‍ ! അടിവിളയായി കുറ്റിമുല്ലയടക്കമുള്ള വിവിധങ്ങളായ പൂകൃഷി .സുരന്‍റെ അടുത്ത ബന്ധു വീരാറില്‍,  നാട്ടിൽ നിന്നും കൊണ്ടുപോയ കുറെ  ജോലിക്കാരെ  ഒക്കെ വച്ച്   കേരമധു കച്ചവടം  നടത്തുന്നു.  തെങ്ങുകളില്‍ കെട്ടിവച്ചിരിക്കുന്നത് കുടങ്ങളല്ല – എട്ടും പത്തും ലിറ്റര്‍ ഒക്കെ കൊള്ളുന്ന കന്നാസുകള്‍. മന്ധരിയും മറ്റുമൊക്കെ വന്നു നാട്ടില്‍ തെങ്ങില്‍ നിന്ന് ഒരു ലിറ്റര്‍ കള്ള് പോലും ലഭിക്കാത്ത അവസ്ഥയില്‍ ഈ കാഴ്ച പുളകം കൊള്ളിക്കാതിരിക്കുമോ ഒരു ശരാശരി കേരളീയനെ  ? എന്തായാലും 'വിരാര്‍' ഒരു സംഭവം തന്നെ.

ഉയരം കുറഞ്ഞ തെങ്ങ് നോക്കിക്കയറി സുരൻ കള്ള് ഇറക്കി കൊണ്ടുവന്നു  . നാട്ടുകഥകളും ഉപകഥകളും ഒക്കെ അയവിറക്കി ആവോളം ‘ശുദ്ധമായ കേരമധു ’ അകത്താക്കി . നാട്ടില്‍ പോലും ഇല്ലാത്ത സ്വാതന്ത്യം ആസ്വദിച്ചാനന്ദിച്ചു  – അതും ഒരു തുള്ളി വെള്ളം പോലും ചേര്ക്കാതെ !! ഇടവേളയെടുത്ത് കുളത്തിൽ നീന്തിത്തുടിച്ച്‌ അര്മാദിച്ചു .  
'ൻ്റെ'  വാസം സുമാര്‍ നൂറ് കിലോമീറ്റര്‍  ദൂരെ 'ഡോബിവില്ലി' യില്‍ ആയതിനാൽ  സന്ധ്യക്ക് മുമ്പേ ട്രെയിന്‍ പിടിച്ചു തിരിച്ചു പോന്നു  . കുര്ള സ്റ്റേഷനിൽ  വന്ന് മാറികയറി സെന്‍ട്രല്‍ ലൈനിലെ  ട്രെയിന്‍ പിടിച്ചു .

 ട്രെയിനില്‍ നേരം പോക്കിനായി  സംഘഗാന ടീമുകള്‍ പതിവ് പോലെ പാടി  തിമര്ത്തുകൊണ്ടിരിക്കുന്നു. സ്റ്റേഷനുകള്‍ ഓരോന്നായി  പിന്നിടുന്നു - 'വിദ്യവിഹാര്‍', 'കാന്ജ്ജൂര്മാര്ഗ്' പിന്നെ 'ഭാന്ധൂപ്പ്' . മുംബൈയിലെ 'വി ടി'  സ്റ്റേഷന്‍ മുതല്‍ ഇരിക്കുന്നവര്‍ സ്വയമേവ എണീറ്റ് നിന്ന് അത് വരെ നിന്ന് യാത്ര ചെയ്തവര്ക്ക് സീറ്റ് കൊടുക്കാന്‍ തുടങ്ങുന്ന സ്റ്റേഷന്‍ ആണ് ഭാന്ധൂപ്പ്‌. അറിഞ്ഞോ അറിയാതെയോ ‘മുള്ളുണ്ട്’ സ്റ്റേഷന്‍ കഴിഞ്ഞീട്ടും ഉറങ്ങുന്ന മാതിരി അഭിനയിച്ഛ്  സീറ്റ് മാറി കൊടുക്കാത്ത അപൂര്വ്വം ചിലരോട്, ഈ ചിട്ടവട്ടം സഹിഷ്ണുതയോടെ പറഞ്ഞു കൊടുക്കുന്ന പൊതുസമ്മതരെ കാണാന്‍ നല്ല  രസമാണ് . എന്തായാലും ‘താനെ’ സ്റ്റേഷന്‍ എത്തുമ്പോഴേക്കും ഈ സ്വയം നിയന്ത്രിത സോഷ്യലിസം സമ്പൂര്‍ണമായും നടപ്പായിയിരിക്കും 💪💝
അന്ന് 'മുള്ളുണ്ട്' സ്റ്റേഷനില്‍ എത്തിയപ്പോള്‍ എനിക്കും അത്തരം “സോഷ്യലിസ്റ്റ്‌ സീറ്റിന്” ഒരു ഓഫര്‍ കിട്ടി ആശ്വാസപൂര്വ്വം ഞാനിരുന്നു . ഇരുന്ന് കുറച്ചു കഴിഞ്ഞതും പക്ഷേ എന്തൊക്കെയോ ഒരു അസ്വസ്ഥത മ്മളെ  പിടിച്ചുലക്കാന്‍ തുടങ്ങി . ഒരു ഭൂകമ്പം തന്നെ വയറ്റില്‍ രൂപപെട്ടിരിക്കുന്നു 😔😕 അത് ശരീരമാസകലം പടരാനായി വെമ്പുന്നു . തലയില്‍ ഒരു തരം പെരുക്കം കൂടി വരുന്നു .അങ്ങിനെ  സീറ്റില്‍ നിന്നും എണീറ്റ്‌ നില്ക്കാ ന്‍ നിര്ബന്ധിതനായി. ഇരിക്കുമ്പോള്‍ എണീറ്റ്‌ നില്ക്കാനും നില്ക്കു മ്പോള്‍ ഇരിക്കാനും തോന്നുന്ന വല്ലാത്തൊരു അവസ്ഥ ! ടോയലെറ്റ് വരെ പോകാം എന്ന് കരുതാന്‍ ലോക്കല്‍ ട്രെയിനില്‍ എവിടെ ടോയലെറ്റ് ? തിരക്ക് കൂടിയ നേരങ്ങളിൽ ഡോംബിവില്ലിക്കും താനെക്കും ഇടയിൽ   എത്ര തവണ തല 90 ഡിഗ്രി ചരിച്ച് മേല്പ്പോ ട്ടു പിടിച്ച് അര മണിക്കൂര്‍ വരെ ഒക്കെ ട്രെയിനില്‍ യാത്ര ചെയ്തിരിക്കുന്നു . എന്നാല്‍ ഇപ്പോള്‍ തോന്നുന്ന കഠിനമായ അസ്വസ്ഥത ഇതിനോടൊന്നിനും താരതമ്യം ഇല്ലാത്തത്. എന്തിനധികം പറയുന്നു - 'കല്‍വ' സ്റ്റേഷനില്‍ ട്രെയിന്‍  നിറുത്തിയതും   സ്റ്റേഷനോട് ചേര്ന്നു ള്ള വെളിപ്പറബിലേക്ക് ഓട്ടമായിരുന്നു- കാര്യ സാധ്യത്തിനായി  😀അന്ന് ഓടിയ സ്വന്തംസ്പീഡ്റെക്കോർഡ് (അതും അജ്ജാതി ജനക്കൂട്ട ത്തിനിടയിൽ കൂടി ) ഇത് വരെ തിരുത്തപ്പെട്ടീട്ടും ഇല്ല .

നാണക്കേട് കൊണ്ട്  പറയാനും വയ്യ,  എന്നാൽപറയാതിരിക്കാനും വയ്യ എന്ന അവസ്ഥയില്‍ എത്തി ചേര്ന്നതിനാല്‍ അടുത്ത ദിവസം  സുരനോട് കാര്യങ്ങള്‍ ഫോണിലൂടെ തുറന്ന് പറഞ്ഞു. തലേന്ന് രാത്രി മുഴുവന്‍ ടോയ്‌ലറ്റില്‍ "കുടികിടപ്പായി" പോയ കഥയായിരുന്നു സുരന് തിരിച്ച്  പറയാനുണ്ടായിരുന്നത് 😀 കാര്യങ്ങളുടെ കിടപ്പ്, സീനിയർ കേരമധു ടാപ്പിംഗ് വിദഗ്ദ്ധരുമായി ചർച്ച ചെയ്തു  കൂലംകുഷമായി   വിലയിരുത്തിയതിൽ നിന്നും  സൂർത്തുകൾക്ക് മനസ്സിലായത്  ഒരു അതിപ്രധാന ‘സംഗതി’ ആയിരുന്നു. ‘ഉടതമ്പുരാന്‍റെ കയ്യില്‍ നിന്നും കേരമധു ചെത്തി ഉണ്ടാക്കാന്‍ “കുലത്തൊഴില്‍  ലൈസൻസ് ” എടുത്ത ഒരു വംശത്തിന്‍റെ വര്ത്തമാന കാലകണ്ണികള്‍ ആയീട്ട് പോലും ഈ പ്രാഥമികവിവരം അറിയാത്തവര്‍ ആയി പോയി അന്ന് സുരനും ഈ ഞാനും. 😮എജ്ജാതി മനുസർ ഇവർ 😀

കള്ള് ചെത്തി ഇറക്കി കൊണ്ട് വരുമ്പോള്‍ ശകലം വെള്ളം തളിച്ച് - ഒഴിച്ച് കൊടുക്കണമത്രേ . അതിലുള്ള സൂക്ഷ്മജീവികളെ എല്ലാം നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ആ വെള്ളപ്രയോഗം . അത് നടത്താതിരുന്നാല്‍ ആ സൂക്ഷ്മജീവികളുടെ പ്രവര്ത്തനം കൊണ്ട് ചെറിയ വിഷാംശം ഉണ്ടാക്കുകയും അത് ഭക്ഷ്യവിഷബാധയായി ബാധിക്കുകയും കഠിനമായ വയറിളക്കം, ജ്വരം തുടങ്ങിയവയായി മാറുകയും ചെയ്യും അത്രേ .
എന്തായാലും അനുഭവം  തന്നെ ഏറ്റവും വലിയ  ഗുരു .  
അതിനാല്‍   ഒരു തുള്ളി പോലും വെള്ളം ചേര്‍ക്കാതെ കേരമധു ആസ്വദിക്കാന്‍ ശ്രമിക്കുന്നവര്‍ ഇനി മുതല്‍ കട്ട  ജാഗ്രതൈ  😃😂  😀😀

( Above write up is based on old diary note of 1996 )

1 comment:

Punaluran(പുനലൂരാൻ) said...

രസമുള്ള വായന സമ്മാനിച്ചു ..കേരമധു .. പുതിയ അറിവ് ആശംസകൾ