Sunday, October 7, 2012

ഖമ്മര്‍ മിട്ടായി

                                   
( പശ്ചാത്തലം : എണ്‍പതുകളുടെ ആദ്യപകുതിയിലെ ഒരു വേനല്‍ അവധിക്കാലം ) 



                               

വേനല്‍ക്കാലമായാല് നാട്ടിൽ   കുഞ്ഞുകുഞ്ഞു കടകള്‍  അവിടവിടെ ഉയരുകയായി . സ്ഥിരം പലചരക്ക് കടയോ മറ്റോ ഒന്നു പോലും  ഇല്ലാത്ത ഉള്‍പ്രദേശമായതിനാല്‍ ഈ  താല്‍ക്കാലിക കടക്കാര്‍ക്ക് നല്ല  കച്ചവടവും  കിട്ടാറുണ്ട്. ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന പല ചേട്ടന്മാരും അടുത്ത അധ്യയനവര്‍ഷത്തേക്കുള്ളധനസമാഹരണാര്‍ത്തം ഇത്തരം സംരംഭങ്ങളുമായി ഇറങ്ങുക പതിവാണ്. കിഴക്ക്ഭാഗത്ത്‌  ശശിയേട്ടന്‍റെ കടയും തെക്ക്‌ ഭാഗത്ത്‌ സജീവേട്ടന്‍റെ  കടയും മാര്‍ച്ച്‌ മാസത്തോടെ സജീവമാവും. എന്നാല്‍ രണ്ടു വീടപ്പുറമുള്ള   'കണ്ടുരാജേട്ടന്‍റെ'  കടയാണ് കെങ്കേമന്‍ കട. പല  കാരണങ്ങളാല്‍രാജേട്ടന്‍റെ കടയായിരുന്നു  പ്രിയങ്കരം . എല്ലാ കടകളിലും രാത്രിയായാല്‍ ഒരു ‘ഹരിക്കലാംപ്‌’ മാത്രം വെളിച്ചം നല്‍കുമ്പോള്‍ രാജേട്ടന്‍റെ കടയില്‍ അഡീഷണനലായി ബാറ്ററി  ഉപയോഗിച്ചുള്ള ഒരു ചെറിയ ബള്‍ബ്‌ കൂടി മിന്നി നില്‍ക്കുന്നുണ്ടാവും ! വൈദ്യുതി ഇല്ലാത്ത നാട്ടില്‍ കൌതുകത്തിന്   പിന്നെന്തുവേണം ?



കടയിലെക്കുള്ള ചരക്ക് വാങ്ങി വരുന്ന ദിവസം തൃശൂര്‍സിറ്റി  വിശേഷങ്ങള്‍ ‘ലൈവ്’ ആയി അവതരിപ്പിക്കുന്നതില്‍ രാജേട്ടന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു . പതിനാലു നിലയുള്ള  'എലയ്റ്റ്‌' ഹോട്ടല്‍ കെട്ടിടത്തിന്‍റെ ഒരു ‘അപാര’ എടുപ്പും  70mm രാഗ ത്തില്‍ പുതിയതായി റിലീസ് ആയ ജയന്‍റെ സിനിമയുടെ വിശേഷങ്ങളും പൂരം  എക്സിബിഷനിലെ പുതിയ ഇനങ്ങളും  ഞങ്ങള്‍ അത്ഭുതത്തോടെ കേട്ടും   മനസ്സില്‍  കണ്ടും നിന്നു പോന്നു !! ഈ 'ലൈവ്' അവതരണം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ രാജേട്ടന്‍ വേറെ ലെവല്‍ ആണ്  എന്നുള്ളത് കൊണ്ട് അന്നേരം രാജേട്ടന്‍റെ കുടുംബാംഗങ്ങള്‍ വേണം  കടയിലെ കച്ചവടം നോക്കാന്‍ . 


  Elite Hotel -Thrissur

 രാജേട്ടന്‍റെ കടയില്‍  മിട്ടായി ഇനങ്ങളിലെ രാജാധിരാജനാണ്   ഖമ്മര്‍. നാളികേരപ്പീരയും ഉരുക്കി  പരുവത്തിലായ  ശര്‍ക്കരയും ഒക്കെ ചേര്‍ത്ത ആ ഒരു  വിശിഷ്ട ‘കോമ്പിനേഷന്‍’ വില അഞ്ചു പൈസ. സത്യം പറഞ്ഞാല്‍ ഖമ്മര്‍ 'മ്മടെ'   ഒരു വീക്ക്നെസ്സ് ആയിരുന്നു . പോക്കെറ്റ്‌ മണി എന്നൊക്കെ പറഞ്ഞാല്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത അക്കാലത്ത്‌ കരുവാപ്പടിയിലെ കൊച്ചപ്പേട്ടന്‍റെ പലചരക്ക്‌ കടയിലേക്ക് പോകുമ്പോഴോ മറ്റോ കിട്ടുന്ന പത്തോ ഇരുപതോ പൈസയുടെ  ‘അലവന്‍സ്’ മാത്രമായിരുന്നു ഏക  വരുമാനസ്രോതസ്സ് 🙂 

ഖമ്മര്‍ മിട്ടായി 

ക്രമേണ ഖമ്മര്‍ മിട്ടായി പ്രേമം കൂടിവരികയും അത്‌ വരുമാനവുമായി ഒരു കാരണവശാലും ഒത്തുനില്‍ക്കാതെയിരിക്കുകയും  ചെയ്തപ്പോള്‍ മ്മടെ രാജേട്ടന്‍ സഹായവുമായെത്തി . “ഇവിടെ പുസ്തകത്തില്‍ ‍ എഴുതിവച്ചേക്കാം” രാജേട്ടന്‍  പറഞ്ഞു . അങ്ങിനെ പണ്ട് ഏതോ  രോഗിയും വൈദ്യനും ഒരു പോലെ പാല്‍ ഇച്ചിച്ച് കല്‍പ്പിച്ച  പോലെ  മ്മളും  രാജേട്ടനും ഒരുപോലെ  വിചാരിച്ചുകൊണ്ട് ജീവിതത്തിലെ ആദ്യ അക്കൗണ്ട്‌   രാജേട്ടന്‍റെ കടയില്‍ യാഥാര്‍ത്ഥ്യമായി 🙂



അക്കൗണ്ട്‌ അഥവാ ‘പറ്റ്’ സ്വാതത്ര്യം ലഭിച്ചപ്പോള്‍ 'ഖമ്മര്‍  പ്രേമം' കൂടുതല്‍ മൂത്തു എന്നുതന്നെ പറയാം . പറ്റ്തുക  ഒരു രൂപയോളമെത്തിയപ്പോള്‍   എന്തോ പറയാന്‍ പറ്റാത്ത ഒരു തരം വല്ലായ്ക തോന്നുകയും രണ്ടു ദിവസത്തേക്ക്‌  ഖമ്മര്‍ കഴിക്കല്‍  കുറക്കുകയും ചെയ്തു ! പിന്നെ പിന്നെ കാര്യങ്ങള്‍ മുറപോലെ തുടര്‍ന്നു. പറ്റ്തുക രണ്ടു രൂപ ആയി എന്ന് രാജേട്ടന്‍ പറഞ്ഞ അന്ന് ശരിക്കും ഒരു പരിഭ്രമം ഉള്ളില്‍ തോന്നി . അച്ഛന്‍ എങ്ങിനെയെങ്കിലും വിവരമറിഞ്ഞാല്‍ സംഗതികള്‍ ആകെ തകിടം മറിയും. ആ ‘രാമേട്ടന്റെ ആറില്‍ പഠിക്കുന്ന പുത്രന്‍,  രാജന്‍റെ കടയില്‍ പറ്റ് തുടങ്ങിയത്രേ’ എന്ന് നാട്ടുകാര്‍ പറയുന്ന ആ രംഗം പകലു മാത്രമല്ല  രാത്രിയിലും  മനസ്സിനെ മതിക്കുവാന്‍ തുടങ്ങി . 


അപ്പോഴാണ്‌ രാജേട്ടന്‍റെ   കടയിലെ തന്നെ സമ്മാന കലണ്ടര്‍ മ്മള്‍ക്ക്  ഒരു പുതിയ പ്രതീക്ഷ തന്നത്  . പോസ്റ്റ്‌ സ്റ്റാമ്പ്‌ വലിപ്പത്തില്‍ നസീറിന്‍റെയും ജയന്‍റെയും ഒക്കെ   നൂറുകണക്കിന്പടങ്ങള്‍ ആ കലണ്ടര്‍ നിറയെ ഉണ്ടാവും . ഇരുപത്തഞ്ചു പൈസക്ക് ഇതിലൊന്ന് പൊളിച്ചു നോക്കി പുറകില്‍ മറച്ചു  വച്ചിരിക്കുന്ന  ഭാഗ്യം  പരീക്ഷിക്കാം. എല്ലാ സമ്മാനങ്ങളും മുകളിലും വശങ്ങളിലുമായി 'ഡിസ്പ്ലേ' ചെയ്തിട്ടുണ്ടാവും . ഏറ്റവും വലിയ തുക  ഇരുപത് രൂപ . പിന്നെ പത്തിന്‍റെയും അഞ്ചിന്‍റെയും രണ്ടിന്‍റെയും ഒന്നിന്‍റെയും  നോട്ടുകള്‍ . അതിലെ ഏറ്റവും വലിയ തുകയായ ഇരുപത് ഒക്കെ  മ്മടെ ചിന്തക്കപ്പുറമുള്ള ഒരു സംഭവമായിരുന്നു അന്ന്  . പക്ഷേ രണ്ടിന്‍റെ നോട്ടിനോട് പോലും ലോകത്തിലെ ഇപ്പോഴത്തെ  ഏറ്റവും മൂല്യം കൂടിയ കറന്‍സി ആയ കുവൈറ്റിലെ   ഇരുപത് ദിനാര്‍  ( ഏകദേശം 4,000 രൂപ ) നോട്ടിനോട് തോന്നുന്നത്തിലും വലിയ മൂല്യമാണ്   അന്ന് തോന്നിയിരുന്നത് എന്നതാണ് സത്യം. 

20 Kiwait Dinaar 

അങ്ങിനെ  ഒരു 'രണ്ടിന്‍റെ നോട്ടെങ്കിലും കിട്ടണേ' എന്ന് ധ്യാനിച്ചുകൊണ്ട് രണ്ട് തവണ ഭാഗ്യം പരീക്ഷിച്ച വകയിലും വിഷുവിവോടനുബന്ധിച്ചു ഖമ്മര്‍ അടിച്ച  വകയിലുമൊക്കെയായി പറ്റ്തുക  മൂന്ന് രൂപയിലെത്തി. പിന്നെ ശക്തമായ  ഒരു  തീരുമാനം എടുക്കാന്‍ ഒട്ടുംബുദ്ധിമുട്ടുണ്ടായില്ല . അങ്ങിനെ  ഖമ്മറിന് സ്വയമായി ഒരു 'മൊറട്ടോറിയം' പ്രക്യാപിക്കാന്‍ സ്വയം നിര്‍ബന്ധിതനായിതീര്‍ന്നു 🙂 

മൂന്ന് രൂപ കടം തീര്‍ക്കാനുള്ള  വഴികള്‍ അന്വേഷിക്കല്‍ ആയി പിന്നത്തെ മുഴുവന്‍ സമയ ചിന്ത. ആവശ്യം ആണല്ലോ  എല്ലാ കണ്ടുപിടുത്തങ്ങളുടെയും മാതാവ്‌ ! ഈ ലോകസത്യം അക്ഷരം പ്രതി ശരി വച്ചുകൊണ്ട്, വീട്ടില്‍  അച്ഛന്‍ പൈസ വെക്കുന്ന അലമാരയുടെ വലിപ്പ് പുട്ടാറില്ല എന്ന്  മനസ്സിലാക്കിയിരുന്നു ഇതിനകം . ആരും അറിയാതെ  ഒന്നോ രണ്ടോ രൂപയുടെ ചെറിയ നീക്കു പോക്ക് നടത്തുവാന്‍ തന്നെ മനസ്സിലുറച്ചു. എങ്ങാനും പിടിക്കപെട്ടാല്‍ അതോര്‍ക്കാന്‍ പോലും വയ്യ , എങ്കിലും തക്കം പാത്ത് കിട്ടിയ അനുകൂല സാഹചര്യത്തില്‍ വലിപ്പ് തുറന്നു . രണ്ടു രൂപ നോട്ട് ഒരെണ്ണം എന്നെ നോക്കിയെന്നോണം മുകളില്‍ തന്നെ കിടക്കുന്നു ! ആദ്യമോഷണത്തിന്‍റെ ലക്ഷണമേന്നോണം കൈകള്‍ കിടുകിടെ വിറക്കാന്‍ തുടങ്ങി. പറയാന്‍ പറ്റാത്ത ഒരു തരം വല്ലായ്ക ! ഉടനെ ഒരു ഐഡിയ പൊട്ടിമുളച്ചു . ഇന്നത്തേക്ക്‌ ഈ നോട്ട്  എന്തായാലും വശത്തായി കിടക്കുന്ന പാസ്‌ബുക്കുകളുടെ ഇടയില്‍ കിടക്കട്ടെ. നാളെയോ മറ്റന്നാളോ അവിടന്ന് പൊക്കാം. നേരിട്ട് അടിച്ചു മാറ്റുന്നതിന്‍റെ ടെന്‍ഷനും ഒഴിവാകും ! അങ്ങിനെ  GRADUAL DISPLACEMENT  METHOD ( GRADIM ) എന്ന സമ്പ്രദായം  രൂപംകൊണ്ടു 🙂 ! എന്നാല്‍ എന്നെ തികച്ചും നിരാശനാക്കികൊണ്ട് ഏതൊരു പരീക്ഷണത്തിന്നും സംഭവിക്കാവുന്ന പരാജയം അടുത്ത ദിവസം തന്നെ  സംഭവിച്ചു . എന്തോ കുറി കൈപ്പടക്കോ മറ്റോ വേണ്ടി അലമാരയുടെ വലിപ്പ്  പുറത്തേക്ക് എടുത്ത് പരിശോധിക്കാനായി അച്ഛന്‍ ഇരിക്കുന്നു. സ്ഥലം മാറി കിടന്ന രണ്ടു രൂപ നോട്ട് പാസുബൂക്കുകള്‍ക്കിടയില്‍ നിന്ന് എടുക്കുന്നതും യഥാസ്ഥാനത്ത് വക്കുന്നതും തെല്ല് വിഷമത്തോടെ അകലെയിരുന്നു  നിസ്സഹായനായി നോക്കി കണ്ടു ☹️

അങ്ങിനെ ആദ്യ ശ്രമത്തില്‍ തന്നെ  GRADIM  പരീക്ഷണം പരായപെട്ട നിരാശയില്‍ ഇരിക്കുമ്പോള്‍ ദാ വരുന്നു  ബോംബയില്‍ പോയ മാമന്‍.  ബോംബെ വിശേഷങ്ങളൊക്കെ കുറേശ്ശെ മേമ്പൊടി ചേര്‍ത്ത് പറഞ്ഞു ഞങ്ങളെയൊക്കെ ചിരിപ്പിച്ചു തിരിച്ചു പോകുമ്പോള്‍  എന്‍റെ പോക്കറ്റില്‍ എന്തോ  വച്ച് തന്നീട്ട് മാമന്‍ പറഞ്ഞു ‘ഈ പോക്കെറ്റ്‌ മണി നിനക്ക് ഇരിക്കട്ടെ സൂക്ഷിച്ചു വച്ചോളൂ’. മാമന്‍ പോയതും വീടിന്‍റെ ഒരു ഭാഗത്ത്‌മാറി നിന്ന് പോക്കറ്റിലെ സമ്മാനം  പുറത്തെടുത്ത്‌ നോക്കി . അതൊരു രണ്ടു രൂപ നോട്ടായിരുന്നു ! അവിടന്ന്‌ ഒരൊറ്റ കുതിപ്പായിരുന്നു രാജേട്ടന്‍റെ കടയിലേക്ക് . രണ്ടു രൂപ നോട്ട് രാജേട്ടന് കൈമാറിയപ്പോള്‍ കിട്ടിയ ഒരാശ്വാസം പറയാന്‍ വാക്കുകളില്ല തന്നെ . ആദ്യ കടത്തിന്‍റെ പ്രധാനഭാഗവും തിരിച്ചു കൊടുത്തതിന്‍റെ സന്തോഷത്തില്‍ കുറെ ദിവസങ്ങളായി നിറുത്തി വച്ചിരുന്ന  ഖമ്മര്‍ രണ്ടെണ്ണം ഒരുമിച്ചു ആസ്വദിച്ചു കൊണ്ട്  തിരിച്ചുപോന്നു 😀

പിന്നെ അധികംവൈകാതെ അച്ഛന്റെ പൂട്ടാത്ത മേശയില്‍   മുമ്പ് പറഞ്ഞ GRADIM വിജയപ്രദമായിനടപ്പാക്കി കൊണ്ട്  ആദ്യം, പൈസ  വയ്ക്കുന്ന വലിപ്പിന്‍റെ തന്നെ മറ്റേ അറ്റതേക്കും അടുത്ത ദിവസം അലമാരയുടെ തുണി വയ്ക്കുന്ന ഭാഗത്തേക്കും അതിനടുത്ത ദിവസം സ്വന്തം പോക്കറ്റിലേക്കും സുരക്ഷിതമായി  എത്തിച്ച് കൊണ്ട്  ഒറ്റ രൂപ നോട്ട് ഒന്ന് സംഘടിപ്പിച്ചു. അങ്ങിനെ  പറ്റ് ബാധ്യത തീര്‍ത്തു . അപ്പോഴേക്കും വേനലിനെ കുളിരണീച്ചുകൊണ്ട് കാലവര്‍ഷം തുടങ്ങുകയും പുതിയ സ്കൂള്‍ വര്‍ഷം ആരംഭിക്കുകയും ചെയ്തു. അതോടെ ആ വര്‍ഷത്തെ വേനല്‍കടകള്‍ക്കും  പരിസമാപ്തി ആയി. 


         
 nostalgic rain picture at school  



പദ വിവരം;

കണ്ടുരാജന്‍ = ശ്രീമാന്‍ 'കണ്ടു' മകന്‍ രാജന്‍. 'കണ്ടു' എന്നത് ഒരു  ക്രിയാ
പദമെന്നു തോന്നുമെങ്കിലും പഴയ തലമുറയില്‍ അത് നാമമായും ഉപയോഗിച്ചിരുന്നു.    

6 comments:

വെള്ളിക്കുളങ്ങരക്കാരന്‍ said...

നന്നായി എഴുതുന്നുണ്ട് ട്ടോ...കഥയുടെ അവസാനം ഞാന്‍ ഒരു കായംകുളം കൊച്ചുണ്ണിയുടെ അവതാരം പ്രതീക്ഷിച്ചു.

remove word verification(dashboard/settings)

രവീൻ said...


വെള്ളികുളങ്ങരക്കാരന്‍ ചേട്ടാ, ഒരു തുടക്കകാരനെ വായിച്ചതിനും കമന്റിയതിനും നന്ദി .

ajith said...

അല്ലെങ്കില്‍ ആരാണ് ആ കുട്ടിക്കാലത്ത് അല്പസ്വല്പം കള്ളത്തരങ്ങള്‍ കാണിക്കാതിരുന്നിട്ടുള്ളത്.
അതുകൊണ്ട് വായിക്കുന്നോരെല്ലാരും അവരുടെ കുട്ടിക്കാലമൊന്ന് ഓര്‍മ്മിക്കാതിരിക്കയില്ല.

ഈ വേര്‍ഡ് വെരിഫികേഷന്‍ മാറ്റണം കേട്ടോ. ഇതു കണ്ടാല്‍ 90% പേരും കമന്റെഴുതുകയില്ല. സെറ്റിംഗ് സില്‍് പോയാല്‍ വേര്‍ഡ് വെരിഫികേഷന്‍ ഡിസേബിള്‍ ചെയ്യാം.

രവീൻ said...


ഇവിടെ വന്നതിലും പിന്നെ സാങ്കേതികഉപദേശം തന്നതിലും വളരെ സന്തോഷമുണ്ട് അജിതേട്ടനോട്‌.

Preethy susan sam said...

kuttikkalathekku ororuthareyum thirike kondupoyathinu orayiram nandri raveen.kooduthal pratheekshikkunnu.

Anonymous said...
This comment has been removed by a blog administrator.